Career

ഐഐഎമ്മുകളില്‍ പ്ലസ്ടുക്കാര്‍ക്ക് ഇന്റഗ്രേറ്റഡ് മാനേജ്‌മെന്റ് പ്രോഗ്രാം; സംയുക്ത പ്രവേശന പരീക്ഷ (ജിപ്മാറ്റ്-2025) ഏപ്രില്‍ 26 ന്

Published by

മാര്‍ച്ച് 10 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
വിശദവിവരങ്ങള്‍ https://exams.nta.ac.in/JIPMAT- ല്‍

പ്ലസ്ടുകാര്‍ക്ക് ബോധ്ഗയ, ജമ്മു എന്നിവിടങ്ങളിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് (ഐഐഎമ്മുകള്‍) 2025-26 വര്‍ഷം നടത്തുന്ന ഇന്റഗ്രേറ്റഡ് മാനേജ്‌മെന്റ് പ്രോഗ്രാമുകളിലേക്കുള്ള സംയുക്ത പ്രവേശന പരീക്ഷക്ക് (ജിപ്മാറ്റ് 2025) ഓണ്‍ലൈനായി മാര്‍ച്ച് 10 വരെ അപേക്ഷിക്കാം. ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഇന്‍ മാനേജ്‌മെന്റ് (ഐപിഎം) കോഴ്‌സ് കാലാവധി 5 വര്‍ഷമാണ്.

‘ജിപ്മാറ്റ്’ ഏപ്രില്‍ 26 ന് ഉച്ചക്കുശേഷം 3 മുതല്‍ 5.30 മണിവരെ ദേശീയതലത്തില്‍ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയുടെ ആഭിമുഖ്യത്തില്‍ നടത്തും. അപേക്ഷാ ഫീസ് ജനറല്‍/ഒബിസി നോണ്‍ ക്രീമിലെയര്‍ വിഭാഗത്തിന് 2000 രൂപ.

എസ്‌സി/എസ്ടി/പിഡബ്ല്യുഡി/ഇഡബ്ല്യുഎസ്/ട്രാന്‍സ്ജന്‍ഡര്‍ വിഭാഗങ്ങള്‍ക്ക് 1000 രൂപ മതി. ഇന്ത്യക്ക് പുറത്ത് ഫീസ് 10,000 രൂപ. നികുയും സര്‍വീസ് ചാര്‍ജുംകൂടി നല്‍കേണ്ടിവരും. ക്രഡിറ്റ്/ഡബിറ്റ് കാര്‍ഡ്/നെറ്റ് ബാങ്കിങ്, യുപിഐ മുഖേന മാര്‍ച്ച് 11 വരെ ഫീസ് അടയ്‌ക്കാം. അപേക്ഷയിലെ തെറ്റ് തിരുത്തുന്നതിന് മാര്‍ച്ച് 13-15 വരെ സൗകര്യം ലഭിക്കും. പരീക്ഷാ വിജ്ഞാപനവും വിവരണ പത്രികയും https://exams.nta.ac.in/JIPMAT ല്‍നിന്നും ഡൗണ്‍ലോഡ് ചെയ്യാം. അപേക്ഷാ സമര്‍പ്പണത്തിനുള്ള നിര്‍ദ്ദേശങ്ങള്‍, യോഗ്യത, പരീക്ഷയുടെ വിശദാംശങ്ങള്‍ അടക്കമുള്ള വിവരങ്ങള്‍ വിവരണ പത്രികയിലുണ്ട്.

വിദ്യാഭ്യാസ യോഗ്യത: ആര്‍ട്‌സ്/കോമേഴ്‌സ്/സയന്‍സ് സ്ട്രീമില്‍ ഹയര്‍ സെക്കന്ററി/പ്ലസ്ടു/തത്തുല്യ ബോര്‍ഡ് പരീക്ഷ 2023-24 വര്‍ഷം പാസായിരിക്കണം. 2025 ല്‍ ഫൈനല്‍ യോഗ്യതാപരീക്ഷയെഴുതുന്നവരെയും പരിഗണിക്കും. പത്താം ക്ലാസ് പരീക്ഷ 2021 ന് മുമ്പ് പാസായവരാകരുത്.

പരീക്ഷ: കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയില്‍ ക്വാണ്ടിറ്റേറ്റീവ് ആപ്ടിട്യൂഡ്, ഡാറ്റാ ഇന്റര്‍പ്രെട്ടേഷന്‍ ആന്റ് ലോജിക്കല്‍ റീസണിങ്, വെര്‍ബല്‍ എബിലിറ്റി ആന്റ് റീഡിങ് കോംപ്രിഹെന്‍ഷന്‍ എന്നിവയില്‍ മള്‍ട്ടിപ്പിള്‍ ചോയിസ് മാതൃകയിലുള്ള 100 ചോദ്യങ്ങളുണ്ടാവും. പരമാവധി 400 മാര്‍ക്കിനാണ് പരീക്ഷ. ശരി ഉത്തരത്തിന് 4 മാര്‍ക്ക് ലഭിക്കും. ഉത്തരം തെറ്റിയാല്‍ ഒരു മാര്‍ക്ക് വീതം കുറയ്‌ക്കും. പരീക്ഷക്ക് പരമാവധി രണ്ടര മണിക്കൂര്‍ സമയം അനുവദിക്കും.

കേരളത്തില്‍ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങളില്‍ പരീക്ഷാകേന്ദ്രങ്ങളുണ്ടാവും. പരീക്ഷാഫലം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും.

ഐഐഎം ബോധ്ഗയ നടത്തുന്ന പഞ്ചവത്‌സര ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഇന്‍ മാനേജ്‌മെന്റ് (ഐപിഎം) വിശദാംശങ്ങള്‍ www.iimbg.ac.in/programs/ipm ലും ഐഐഎം ജമ്മു നടത്തുന്ന ഐപിഎം പ്രോഗ്രാമിന്റെ വിവരങ്ങള്‍ www.iimj.ac.in- ലും ലഭിക്കും. സംയോജിത മാനേജ്‌മെന്റ് പാഠ്യപദ്ധതിയിലൂടെ യുവമാനേജര്‍മാരെ സൃഷ്ടിക്കുകയാണ് പ്രോഗ്രാമിന്റെ ലക്ഷ്യം.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക