ന്യൂദല്‍ഹി: നിരോധിത ഭീകരസംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ, എസ്ഡിപിഐക്ക് പണം നല്‍കിയത് നേരായ വഴിയിലൂടെയല്ലെന്ന് ഇ ഡി. സംശയാസ്പദവും വെളിപ്പെടുത്താത്തതും കണക്കില്‍പ്പെടാത്തതുമായ ഫണ്ടുകളാണ് എസ്ഡിപിഐക്ക് പിഎഫ്‌ഐ നല്‍കിയതെന്ന് ഇ ഡി കണ്ടെത്തി. റെയ്ഡുകളില്‍ പിടിച്ചെടുത്ത ഡയറികളിലും മറ്റ് രേഖകളിലും എസ്ഡിപിഐക്ക് പണം നല്‍കിയതായി ഉണ്ടെങ്കിലും പിഎഫ്‌ഐ ബാങ്ക് അക്കൗണ്ടുകളിലൂടെയല്ല ഈ പണം കൈമാറിയിരിക്കുന്നതെന്നാണ് ഇ ഡിയുടെ കണ്ടെത്തല്‍.
ആന്തരികമായി ഒരു ഇസ്ലാമിക പ്രസ്ഥാനമായും ബാഹ്യമായി ഒരു സാമൂഹിക പ്രസ്ഥാനമായും നിലകൊള്ളുന്ന പിഎഫ്‌ഐ, സംഘടനയുടെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനായി എസ്ഡിപിഐയും മറ്റ് ഉപപ്രസ്ഥാനങ്ങളും രൂപീകരിച്ചെന്ന് ഇ ഡി വ്യക്തമാക്കുന്നു. രാജ്യത്തിനകത്തും പുറത്തുനിന്നും പ്രധാനമായും ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും വന്‍ഗൂഢാ ലോചനയുടെ ഭാഗമായി പിഎഫ്‌ഐ ഫണ്ടുകള്‍ ശേഖരിച്ചു. രാജ്യത്ത് തീവ്രവാദപ്രവര്‍ത്തനങ്ങളും അക്രമങ്ങളും നടത്തുന്നതിനായി റംസാന്‍ കളക്ഷന്റെ പേരില്‍ പ്രാദേശിക മായും പണം സമാഹരിച്ചതായും ഇ ഡി പറയുന്നു.
എസ്ഡിപിഐ അഖിലേന്ത്യാ പ്രസിഡന്റ് എന്ന നിലയില്‍ എം.കെ. ഫൈസി ലഭിച്ച പണത്തിന്റെ സ്വീകര്‍ത്താവും ഗുണഭോക്താവും ഉപയോക്താവുമായി പ്രവര്‍ത്തനങ്ങളെ നിയന്ത്രിച്ചു. പിഎഫ്‌ഐ സമാഹരിച്ച ഫണ്ടുകള്‍ നിയമവിരുദ്ധവും അക്രമപരവും തീവ്രവാദപരവുമായ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഉപയോഗിച്ചതെന്നും ഇഡി പറയുന്നു. വിവിധ സമയങ്ങളിലായി പന്ത്രണ്ട് തവണയാണ് ചോദ്യം ചെയ്യുന്നതിനായി എം.കെ. ഫൈസിക്ക് നോട്ടീസ് അയച്ചതെന്ന് ഇ ഡി വ്യക്തമാക്കി. അന്വേഷണവുമായി സഹകരിക്കാതെ വന്ന തോടെ ഫൈസിക്കെതിരെ ഇ ഡി പട്യാല ഹൗസ് കോടതിയെ സമീപിക്കുകയായിരുന്നു. 2024 ഡിസംബര്‍ 17ന് കോടതി വാറണ്ട് പുറപ്പെടുവിച്ചെങ്കിലും എം.കെ. ഫൈസി ഹാജരായില്ല. തുടര്‍ന്ന് 2025 ജനുവരി 17ന് കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു. പട്ടാമ്പി വിളയൂരിനടുത്ത കൂരാച്ചിപ്പടി സ്വദേശിയാണ് കെ. മൊയ്തീന്‍കുട്ടിയെന്ന എം.കെ. ഫൈസി.
പ്രതികരിക്കാൻ ഇവിടെ എഴുതുക