അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രം
ആലപ്പുഴ ജില്ലയില്‍ അമ്പലപ്പുഴയില്‍ സ്ഥിതിചെയ്യുന്ന ചരിത്രവും ഐതിഹ്യവും ലയിച്ച അപൂര്‍വ്വം ക്ഷേത്രങ്ങളിലൊന്നാണ് അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രം. പാര്‍ത്ഥസാരഥി സങ്കല്പത്തില്‍ വലതുകൈയ്യില്‍ ചമ്മട്ടിയും ഇടതുകൈയ്യില്‍ പാഞ്ചജന്യവുമായി നില്‍ക്കുന്ന അപൂര്‍വ്വം പ്രതിഷ്ഠയാണ് ഇവിടുത്തേത് . ലോകപ്രസിദ്ധമായ അമ്പലപ്പുഴ പാല്‍പ്പായസവും, അമ്പലപ്പുഴ വേലകളിയും ഈ ക്ഷേത്രത്തോട് അനുബന്ധിച്ചുള്ളവയാണ്. പഴയ നാട്ടുരാജ്യമായിരുന്ന ചെമ്പകശ്ശേരിയിലെ ഭരണാധികാരി പൂരാടം തിരുനാള്‍ ദേവനാരായണന്‍ ആണു അമ്പലപ്പുഴയില്‍ ഈ ക്ഷേത്രം നിര്‍മ്മിച്ചത്. അമ്പലപ്പുഴ ക്ഷേത്രപ്രതിഷ്ഠയുമായി ബന്ധപ്പെടുത്തിയാണ് മൂലം നാളില്‍ ചമ്പക്കുളം പമ്പാനദിയില്‍ രാജപ്രമുഖന്‍ വള്ളംകളി അരങ്ങേറുന്നത്.
ഐതിഹ്യം
ഈ ക്ഷേത്രത്തെപ്പറ്റിയുള്ള ഒരു ഐതിഹ്യപ്രകാരം വില്വമംഗലത്തു സ്വാമിയാരാണ് ക്ഷേത്രത്തിനു സ്ഥാനം നിശ്ചയിച്ചത്. ചെമ്പകശ്ശേരി രാജാവ് ഒരു ദിവസം സ്വാമിയാരുമൊത്തു വള്ളത്തില്‍ യാത്ര ചെയ്യുകയായിരുന്നു. ആ സമയം കര്‍ണാനന്ദകരമായ ഓടക്കുഴല്‍ഗാനം കേട്ട് രാജാവ് ചുറ്റുപാടും നോക്കി. എന്നാല്‍ ആ പ്രദേശത്തെങ്ങും ആരും ഉണ്ടായിരുന്നില്ല. ശ്രീകൃഷ്ണന്റെ ഓടക്കുഴല്‍ ഗാനമാണു കേട്ടതെന്നും അവിടെ ഒരു ക്ഷേത്രം പണിയണമെന്നും സ്വാമിയാര്‍ രാജാവിനെ അറിയിച്ചു. അങ്ങനെയാണ് ആ ക്ഷേത്രം അവിടെ പണി ചെയ്യപ്പെട്ടതെന്ന് ഐതിഹ്യങ്ങള്‍ പറയുന്നു.
ചെമ്പകശ്ശേരി രാജാക്കന്‍മാരുടെ ഭരണകാലത്ത് നിര്‍മ്മിച്ചു. വളരെ പ്രസിദ്ധനായിരുന്ന ചെമ്പകശ്ശേരി രാജാവായിരുന്ന ദേവനാരായണന്‍, വില്വമംഗലം സ്വാമിയാരുടെ നിര്‍ദ്ദേശപ്രകാരം പണി കഴിപ്പിച്ചതാണ് അമ്പലപ്പുഴ ശ്രീകൃഷ്ണക്ഷേത്രം എന്നാണ് ഐതിഹ്യം. അമ്പലപ്പുഴയുടെ പഴയ പേര് ചെമ്പകശ്ശേരി എന്നാണ്. ചമ്പകശ്ശേരിയില്‍ എത്തിയ വില്വമംഗലം സ്വാമിയാര്‍ ആലില്‍ ഓടക്കുഴലൂതുന്ന ശ്രീകൃഷ്ണനെ കണ്ട് ദേവചൈതന്യം നിലനിര്‍ത്താനായി ദേവനാരായണരാജാവിനോടു ക്ഷേത്രം പണിയുവാനായി നിര്‍ദ്ദേശിച്ചു. പാര്‍ത്ഥസാരഥിയാണ് പ്രതിഷ്ഠ.
നാറാണത്തുഭ്രാന്തന്‍ പ്രതിഷ്ഠ നടത്തിയതായി കഥയുണ്ട്.
അമ്പലപ്പുഴയില്‍ പ്രസിദ്ധമായ ഐതിഹ്യമാണു നാറാണത്തുഭ്രാന്തന്‍ നടത്തിയ പ്രതിഷ്ഠ. പ്രതിഷ്ഠാസമയത്ത് അഷ്ടബന്ധം ഉറയ്‌ക്കാതെ തന്ത്രിമാര്‍ (പുതുമനയും കടികക്കോലും) വിഷമിച്ചു. അപ്പോള്‍ ആ വഴി വന്ന നാറാണത്തുഭ്രാന്തനോട് അപേക്ഷിച്ചതനുസരിച്ച് അദ്ദേഹം കയ്യിലിരുന്ന മീന്‍ ശ്രീകോവിലിനു പുറത്തുവെച്ചെന്നും വായിലെ മുറുക്കാന്‍ (താംബൂലം) തുപ്പി വിഗ്രഹം ഉറപ്പിച്ചെന്നും വിശ്വസിക്കുന്നു. താംബൂലം ഒഴുക്കി വിഗ്രഹപ്രതിഷ്ഠ നടത്തിയതു കൊണ്ട് താംബൂലപ്പുഴയെന്നും പിന്നീട് അമ്പലപ്പുഴയെന്നും പേരുവന്നെന്നും പറയപ്പെടുന്നു.
അമ്പലപ്പുഴ പാല്‍പ്പായസം
ക്ഷേത്രത്തില്‍ ദിവസവും നേദിക്കുന്ന പാല്‍പ്പായസം പ്രസിദ്ധമാണ്. കേരളത്തിലെ മഹാക്ഷേത്രങ്ങളില്‍ ഒന്നായ അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമിക്ഷേത്രത്തിലെ പ്രസിദ്ധമായ നിവേദ്യമാണ് അമ്പലപ്പുഴ പാല്‍പ്പായസം. ഇത് ഏര്‍പ്പെടുത്തിയതു ചെമ്പകശ്ശേരി (അമ്പലപ്പുഴ) രാജാവാണ്.
അരിയും പാലും പഞ്ചസാരയും മാത്രമാണ് ഇതിലെ ചേരുവകള്. രണ്ടേകാല് ഇടങ്ങഴി അരിയും മുപ്പത്തിമൂന്ന് ഇടങ്ങഴി പാലും ഒമ്പതര കിലോ പഞ്ചസാരയും. ഇതാണ് പ്രസിദ്ധമായ ഈ പായസത്തിന്റെ അളവുകള്. 375 ലിറ്റര്‍ കൊള്ളുന്ന വലിയ വാര്‍പ്പില്‍ പുലര്‍ച്ചെ നാലുമണിയോടെ പായസ നിര്‍മ്മാണം ആരംഭിക്കുന്നു. 132 ഇടങ്ങഴി വെള്ളം ഒഴിച്ച് തിളക്കാന്‍ തുടങ്ങുമ്പോള്‍ പാല്‍ ചേര്‍ക്കുന്നു.
പിന്നീട് ഏകദേശം പതിനൊന്നു മണിയോടെ അരി ചേര്‍ത്ത് വളരെ ശ്രദ്ധയോടെ ഇളക്കിക്കൊണ്ടിരിക്കും. ഏകദേശം ഒരുമണിക്കൂറിനു ശേഷം പഞ്ചസാര ചേര്‍ക്കുന്നതോടെ പായസം റെഡി. ഉണ്ണിക്കണ്ണന് നേദിച്ച ശേഷം ഭക്തജനങ്ങള്‍ക്ക് വിതരണം ചെയ്യും. ഈ പാല്പ്പായസം സേവിക്കാന് ശ്രീ ഗുരുവായൂരപ്പന്‍ ദിവസേന ഉച്ചപ്പൂജക്ക് അമ്പലപ്പുഴ എത്തുമെന്നാണ് വിശ്വാസം.
പ്രതികരിക്കാൻ ഇവിടെ എഴുതുക