World

ചൈനയെ തളച്ച് ട്രംപ് ; 20 ശതമാനം ഇറക്കുമതി തീരുവ ഏര്‍പ്പെടുത്തി;ഞെട്ടി ഷീ ജിന്‍പിങ്ങ്; അമേരിക്കന്‍ വിപണി ചൈനയ്‌ക്ക് നഷ്ടമാകും

ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന സാധനങ്ങള്‍ക്ക് 20 ശതമാനം തീരുവ ഏര്‍പ്പെടുത്തി ഡൊണാള്‍ഡ് ട്രംപ്. മാര്‍ച്ച് നാലിന് അര്‍ധരാത്രി ഒരു ബോംബ് പൊട്ടിക്കുമെന്ന് ട്രംപ് മുഴക്കിയ ഭീഷണി ചൈനയ്ക്കെതിരായ ഈ നടപടിയായിരുന്നുവെന്ന് സിഎന്‍എന്‍ പറയുന്നു.

Published by

വാഷിംഗ്ടണ്‍: ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന സാധനങ്ങള്‍ക്ക് 20 ശതമാനം തീരുവ ഏര്‍പ്പെടുത്തി ഡൊണാള്‍ഡ് ട്രംപ്. മാര്‍ച്ച് നാലിന് അര്‍ധരാത്രി ഒരു ബോംബ് പൊട്ടിക്കുമെന്ന് ട്രംപ് മുഴക്കിയ ഭീഷണി ചൈനയ്‌ക്കെതിരായ ഈ നടപടിയായിരുന്നുവെന്ന് സിഎന്‍എന്‍ പറയുന്നു. ട്രംപ് വ്യാപാരയുദ്ധമോ തീരുവ യുദ്ധമോ എന്താണ് ഉദ്ദേശിക്കുന്നതെങ്കിലും അതേ നാണയത്തില്‍ തിരിച്ചടിക്കുമെന്ന് യുഎസിലെ ചൈനീസ് എംബസി പ്രതികരിച്ചു. ട്രംപിന്റെ ഈ ഭീഷണിയില്‍ യുഎസിലെ മൂന്ന് ഓഹരി വിപണികളും തകര്‍ന്നിരുന്നു. ഡൗ ജോണ്‍സ്, നാസ് ഡാക്, എസ് ആന്‍റ് പി 500 എന്നീ വിപണികളാണ് തകര്‍ന്നത്.

യുഎസ് പ്രസിഡന്‍റായി സ്ഥാനമേറ്റയുടന്‍ ചൈനയ്‌ക്കേ് മേല്‍ 10 ശതമാനം ഇറക്കുമതി തീരുവ ഏര്‍പ്പെടുത്തിയിരുന്നു. അതിന് പിന്നാലെയാണ് മറ്റൊരു പത്ത് ശതമാനം ഇറക്കുമതി തീരുവ കൂടി മാര്‍ച്ച് നാലിന് ഏര്‍പ്പെടുത്തിയത്.ഇതോടെ ചൈനയില്‍ നിന്നും യുഎസിലേക്ക് ഇറക്കുമതി ചെയ്യുന്ന സാധനങ്ങള്‍ക്ക് ഇറക്കുമതി തീരുവ 20 ശതമാനമായി ഉയരും. അതായത് കാറുള്‍പ്പെടെയുള്ള ചൈനയുടെ സാധനങ്ങള്‍ക്ക് യുഎസിനുള്ളില്‍ വില കൂടും. അതോടെ ചൈനീസ് സാധനങ്ങളുടെ യുഎസിനുള്ളില്‍ ഉപഭോഗം കുറയും. ചൈനയ്‌ക്ക് നല്ല വരുമാനം നേടിക്കൊടുക്കുന്ന ഒരു വലിയ വിപണിയാണ് ഇതോടെ തകരുക. പണ്ട് ചൈന, മെക്സിക്കോ, കാനഡ, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങള്‍ യുഎസ് ഉല്‍പന്നങ്ങള്‍ക്കെതിരെ ഉയര്‍ന്ന തീരുവ ഏര്‍പ്പെടുത്തിയിരുന്നുവെന്നും ഇപ്പോള്‍ ഞങ്ങളുടെ ഊഴമാണെന്നും ട്രംപ് പറയുന്നു.

എന്തായാലും യുഎസിലേക്ക് അനിയന്ത്രിതമായി ചരക്ക് തള്ളിയിരുന്ന പഴയ രീതി ചൈനയ്‌ക്ക് അവസാനിപ്പിക്കേണ്ടി വരും. സാമ്പത്തിക മാന്ദ്യത്തില്‍ അകപ്പെട്ട ചൈനയ്‌ക്ക് ട്രംപിന്റെ ഈ നടപടി കൂടുതല്‍ തലവേദനയാകും.

കൃഷിയെ ആശ്രയിക്കുന്ന യുഎസിലെ സ്റ്റേറ്റുകള്‍ അനുഭവിക്കും
കൃഷിയെ ആശ്രയിക്കുന്ന യുഎസിലെ സ്റ്റേറ്റുകളെയും യുഎസിലെ കര്‍ഷകരെയും ഈ തീരുവയുദ്ധം ബാധിക്കുമെന്നറിയുന്നു. യുഎസിലെ കര്‍ഷകര്‍ ഉണ്ടാക്കുന്ന ചിക്കന്‍, ബീഫ്, സോയബീന്‍സ്, പോര്‍ക്ക് എന്നിവയ്‌ക്കെല്ലാം യുഎസ് പ്രധാനമായും ആശ്രയിച്ചിരുന്നത് ചൈനയെയാണ്. ചൈനയും ഇറക്കുമതി തീരുവ മാര്‍ച്ച് 10ന് വര്‍ധിപ്പിക്കുന്നതോടെ ഈ ഉല്‍പന്നങ്ങള്‍ക്കെല്ലാം ചൈനയില്‍ 10 മുതല്‍ 15 ശതമാനം വരെ വില കൂടും. ഇത് യുഎസിലെ കര്‍ഷകരുടെ ചൈനയിലേക്കുള്ള വില്‍പനയെ ബാധിക്കും.

കാനഡയ്‌ക്കും മെക്സിക്കോയ്‌ക്കും ഉയര്‍ന്ന തീരുവ

ചൈനയ്‌ക്ക് പുറമെ കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങള്‍ക്ക് നേരെയും ഇറക്കുമതി തീരുവ കൂട്ടി. ഈ രാജ്യങ്ങള്‍ക്ക് 25 ശതമാനമാണ് ഇറക്കുമതി തീരുവ ഏര്‍പ്പെടുത്തിയിരിക്കുന്നത്. യുഎസ് പ്രസിഡന്‍റായി ചുമതലയേല്‍ക്കുമ്പോള്‍ കാനഡയ്‌ക്കെതിരെ 25 ശതമാനം ഇറക്കുമതി തീരുവ ഏര്‍പ്പെടുത്തുമെന്ന് കനേഡിയന്‍ പ്രധാനമന്ത്രിയായിരുന്ന ജസ്റ്റിന്‍ ട്രൂഡോയെ ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. അതിന് ശേഷമാണ് ജസ്റ്റിന്‍ ട്രൂഡോ പ്രധാനമന്ത്രി സ്ഥാനം രാജിവെച്ചത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by