മാർകോ’ സിനിമയ്‌ക്ക് വിലക്കിട്ട് ഫിലിം സർട്ടിഫിക്കേഷൻ ബോർഡ്. സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷനാണ് (സിബിഎഫ്‍സി) പ്രദർശനാനുമതി നിഷേധിച്ചത്. യു അല്ലെങ്കിൽ യു/ എ കാറ്റഗറിയിലേക്ക് മാറ്റാൻ പറ്റാത്ത അത്ര വയലൻസ് സിനിമയിൽ ഉണ്ടെന്നായിരുന്നു വിലയിരുത്തൽ. കൂടുതൽ സീനുകൾ വെട്ടിമാറ്റി വേണമെങ്കിൽ നിർമ്മാതാക്കൾക്ക് വീണ്ടും അപേക്ഷിക്കാം.
ഒടിടി പ്രദർശനം തടയണമെന്ന് ആവശ്യപ്പെട്ടും കേന്ദ്ര സർക്കാരിന് കത്തയച്ചു. ‘എ’ സർട്ടിഫിക്കറ്റ് ആയതുകൊണ്ടാണ് നടപടിയെന്ന് സെൻട്രൽ ബോർഡ് ഓഫ് ഫിലീം സർട്ടിഫിക്കേഷൻറെ കേരള റീജിയൻ മേധാവി നദീം തുഫേൽ വിശദീകരിച്ചു. മാർക്കോയ്‌ക്ക് തീയറ്റർ പ്രദർശനത്തിന് സർട്ടിഫിക്കറ്റ് നൽകേണ്ടെന്നായിരുന്നു കേരളത്തിലെ കമ്മിറ്റിയുടെ തീരുമാനമെന്നും വിശദീകരണം.സിനിമകളുടെ സർട്ടിഫിക്കറ്റ് ഏതാണെന്ന് പ്രേക്ഷകർക്ക് മനസിലാകുന്ന തരത്തിൽ പ്രദർശിപ്പിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും നദീം തുഫേൽ പറഞ്ഞു.
കഴിഞ്ഞ വർഷത്തെ മലയാള സിനിമയിൽ നിന്നുള്ള വലിയ വിജയങ്ങളിൽ ഒന്നായിരുന്നു മാർക്കോ. മലയാളത്തിലെ ഏറ്റവും വയലൻറ് ചിത്രം എന്ന വിശേഷണത്തോടെ എത്തിയ ചിത്രം ബോക്സ് ഓഫീസിൽ വൻ വിജയമാണ് നേടിയത്. ഉണ്ണി മുകുന്ദൻറെ കരിയറിലെ ഏറ്റവും വലിയ സാമ്പത്തിക വിജയവുമാണ് ബോക്സ് ഓഫീസിൽ 100 കോടി ക്ലബ്ബിൽ ഇടംപിടിച്ച മാർക്കോ.
എന്നാൽ കേരളത്തിൽ വർധിച്ച് വരുന്ന, യുവാക്കൾ പ്രതികളാവുന്ന ക്രിമിനൽ കേസുകളുമായി ബന്ധപ്പെട്ട ചർച്ചകളിൽ സിനിമകൾ ചെലുത്തുന്ന സ്വാധീനവും ചർച്ചയായിരുന്നു. ഇത്തരം ചർച്ചകളിൽ എടുത്ത് പറയപ്പെട്ടിരുന്ന ചിത്രങ്ങളിലൊന്നാണ് മാർക്കോ. ചിത്രം തിയറ്ററുകളിൽ പ്രദർശിപ്പിച്ച സമയത്തും വയലൻസ് രംഗങ്ങളെ വിമർശിച്ചവർ ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: