Kerala

സിപിഎം നേതാവ് തകർത്ത വൈദ്യുതി കണക്ഷന്‍ പുനഃസ്ഥാപിച്ച് കെഎസ്ഇബി; ഉണ്ടായ നഷ്ടം മെമ്പർ ജീജോ രാധാകൃഷ്ണൻ അടച്ചു

Published by

ഇടുക്കി: കുമളിയില്‍ സിപിഎം നേതാവ് തകർത്ത നിര്‍ധന കുടുംബത്തിന്റെ വൈദ്യുതി കണക്ഷന്‍ പുനഃസ്ഥാപിച്ച് കെഎസ് ഇ ബി. കുമളി പഞ്ചായത്ത് അംഗം ജിജോ രാധാകൃഷ്ണന്‍ ആണ് അക്രമം നടത്തിയത്. മീറ്ററും സര്‍വീസ് വയറും നശിപ്പിച്ചിരുന്നു. കെഎസ്ഇബിക്കുണ്ടായ നഷ്ടം ജീജോ രാധാകൃഷ്ണൻ തന്നെ അടച്ചതിനെ തുടർന്നാണ് നടപടി.

സംഭവത്തില്‍ പഞ്ചായത്ത് അംഗത്തിനെതിരെ കുടുംബം പോലീസില്‍ പരാതി നല്‍കിയിരുന്നു. സംഭവ സ്ഥലത്ത് പോലീസ് എത്തിയിട്ടും സിപിഎം നേതാവിന്റെ അക്രമം തുടര്‍ന്നു. കുമളിയില്‍ 30 വര്‍ഷമായി താമസിക്കുന്ന ദണ്ഡപാണി പുതിയതായി പണിത വീട്ടിലേക്കാണ് കറണ്ട് കണക്ഷന്‍ എടുത്തിരുന്നത്. ഇതാണ് കുമളി പഞ്ചായത്ത് പതിനൊന്നാം വാര്‍ഡ് മെമ്പര്‍ ജീജോ രാധകൃഷ്ണന്‍ തകര്‍ത്തത്. സ്വകാര്യ വ്യക്തിയുടെ സ്ഥലത്തെ പോസ്റ്റില്‍ നിന്നും വൈദ്യുതി കണക്ഷന്‍ നല്‍കാന്‍ ആകില്ലെന്ന് പറഞ്ഞായിരുന്നു അക്രമം. കെഎസ്ഇബി സ്ഥാപിച്ച മീറ്ററും സര്‍വീസ് വയറും തകര്‍ത്തു.

എന്നാല്‍ സ്വകാര്യ വ്യക്തിയുടെ സ്ഥലത്തല്ല പോസ്റ്റുള്ളത്. പഞ്ചായത്തിന്റെ റോഡിലാണ്. മാത്രമല്ല കണക്ഷന്‍ നല്‍കാന്‍ സ്വകാര്യ വ്യക്തിയുടെ യാതൊരു അനുമതിയും ആവശ്യമില്ല എന്ന് കെഎസ്ഇബി വ്യക്തമാക്കി. പോലീസില്‍ നല്‍കിയ പരാതിയും കുടുംബവും പിന്‍വലിച്ചു. നാളെ പത്ത് മണിക്ക് ഒത്തുതീര്‍പ്പാക്കാമെന്നാണ് പോലീസ് പറഞ്ഞിരിക്കുന്നതെന്ന് കുടുംബം മാധ്യമങ്ങളോട് പ്രതികരിച്ചു. ഇനി യാതൊരു തടസവും സൃഷ്ടിക്കില്ലെന്ന് മെമ്പര്‍ എഴുതി തരണമെന്നാണ് കുടുംബത്തിന്റെ നിലപാട്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by