കിളിമാനൂര്‍: രണ്ട് ദിവസം വേനല്‍ മഴ ലഭിച്ചിട്ടും വാമനപുരം നദിയില്‍ നീരൊഴുക്ക് ശക്തമായില്ല. നദിയുടെ പല ഭാഗങ്ങളും വറ്റി വരണ്ട അവസ്ഥയിലാണ്.
പ്രദേശത്തെ ആയിരക്കണക്കിന് കുടുംബങ്ങള്‍ കുടിവെള്ളത്തിനും മറ്റുമായി ഈ നദിയെയാണ് ആശ്രയിക്കുന്നത്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് വേനല്‍ കടുത്തതും ചൂട് ക്രമാതീതമായി ഉയരുന്നതുമാണ് നദിയില്‍ നീരൊഴുക്ക് കുറയാന്‍ കാരണം.
കിളിമാനൂര്‍ മേഖലയിലെ വലിയ പ്രദേശത്ത് ഈ നദിയിലെ ജലമാണ് വാട്ടര്‍ അതോറിറ്റി കുടിവെള്ള വിതരണത്തിനായി ഉപയോഗിക്കുന്നത്. കരേറ്റുള്ള നദിയിലെ കിണറില്‍ നിന്നും വെള്ളം പമ്പ് ചെയ്ത് ഇരട്ടച്ചിറയിലെ കുതിരത്തടത്തിലെ ശുദ്ധീകരണ ശാലയില്‍ എത്തിച്ച് ശുദ്ധീകരിച്ചാണ് വിതരണം നടത്തുന്നത്. നീരൊഴുക്ക് കുറഞ്ഞതിനെ തുടര്‍ന്ന് കിണറിന് താഴെയായി താല്‍ക്കാലിക തടയണ കെട്ടി വെള്ളം തടഞ്ഞു നിര്‍ത്തിയാണ് വെള്ളം പമ്പ് ചെയ്യുന്നത്. നിലവില്‍ പൂര്‍ണ തോതില്‍ വിതരണത്തിന് ആവശ്യമായ വെള്ളം ലഭിക്കുന്നില്ല. അതിനാല്‍ പ്രദേശങ്ങള്‍ തിരിച്ച് വിതരണം നടത്തുന്നതിനാല്‍ ദിവസങ്ങള്‍ ഇടവിട്ടാണ് പൈപ്പുകളില്‍ വെള്ളമെത്തുന്നത്. ശക്തമായ വേനല്‍ മഴ ലഭിച്ചില്ലെങ്കില്‍ പമ്പിങ് തന്നെ നിര്‍ത്തിവെയ്‌ക്കേണ്ടി വരുന്ന സ്ഥിതിയാണുള്ളത്. നിലവില്‍ വേനല്‍ കടുക്കുമെന്നും ചൂട് കൂടുമെന്നുമാണ് പ്രവചനങ്ങള്‍.അങ്ങനെ വന്നാല്‍ വരും ദിവസങ്ങളില്‍ കുടിവെള്ള ക്ഷാമം രൂക്ഷമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: