തിരുവനന്തപുരം: ആശാപ്രവര്‍ത്തകരുടെ ഓണറേറിയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കുടിശ്ശിക വരുത്തിയിട്ടില്ലെന്ന് യുഡിഎഫ് സമ്മതിച്ചു. കേന്ദ്ര സര്‍ക്കാര്‍ നല്‌കേണ്ട തുക കൃത്യമായി നല്കുന്നുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ നിയമസഭയില്‍ കണക്കുകള്‍ നിരത്തി പറഞ്ഞു. ആശാപ്രവര്‍ത്തകരുടെ രാപകല്‍ സമരം സംബന്ധിച്ചുള്ള അടിയന്തര പ്രമേയ നോട്ടീസ് തള്ളിയതിന് പിന്നാലെ നടത്തിയ വാക്കൗട്ട് പ്രസംഗത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ നല്കുന്ന തുകയില്‍ കുടിശ്ശികയില്ലെന്നുള്ള കണക്കുകള്‍ വ്യക്തമാക്കിയത്.
ആശാവര്‍ക്കര്‍മാര്‍ക്ക് പ്രത്യേക ഫണ്ടായല്ല, നാഷണല്‍ ഹെല്‍ത്ത് മിഷനില്‍ (എന്‍എച്ച്എം) ഉള്‍പ്പെടുത്തിയാണ് നല്കുന്നത്. 2024-25ല്‍ എന്‍എച്ച്എം ഫണ്ട് 913 കോടിയാണ് നല്‌കേണ്ടത്. അതില്‍ 815 കോടിയും ജനുവരി 25ന് നല്കിക്കഴിഞ്ഞു. ഇനിയുള്ളത് 97 കോടി മാത്രമാണ്. അത് ആശാവര്‍ക്കര്‍മാര്‍ക്കുള്ള ഇന്‍സെന്റീവല്ല, എന്‍എച്ച്എം ഫണ്ടാണെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു. എംപിമാരായ എം.കെ. പ്രേമചന്ദ്രന്‍, ഡീന്‍ കുര്യാക്കോസ് എന്നിവരുടെ ചോദ്യങ്ങള്‍ക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയം നല്കിയ മറുപടി നിയമസഭയില്‍ ഉയര്‍ത്തിക്കാട്ടിയാണ് സതീശന്‍ കണക്കുകള്‍ നിരത്തിയത്.
ഒന്‍പതു വര്‍ഷം ഈ സര്‍ക്കാര്‍ ആശാവര്‍ക്കര്‍മാര്‍ക്ക് എന്‍എച്ച്എമ്മില്‍ നിന്നു നല്കിയ 40 ശതമാനം തുകയുടെ വിവരങ്ങള്‍ നിയമസഭയില്‍ വയ്‌ക്കാമോ എന്നും ചോദിച്ചു. സിക്കിം സര്‍ക്കാര്‍ ആശാവര്‍ക്കര്‍മാരുടെ ഓണറേറിയം 6000 ത്തില്‍ നിന്ന് 10,000 രൂപയായി വര്‍ധിപ്പിച്ചിട്ടുണ്ടെന്നും ആന്ധ്ര 7000 രൂപ ഓണറേറിയം നല്കുന്നുണ്ടെന്നും പ്രതിപക്ഷം പറഞ്ഞു. കര്‍ണാടകയില്‍ ഓണറേറിയം 10,000 രൂപയാക്കി വര്‍ധിപ്പിച്ചു.
എന്നാല്‍ ചര്‍ച്ചയ്‌ക്ക് തയാറാണെന്നോ സമരം അവസാനിപ്പിക്കാന്‍ നടപടി സ്വീകരിക്കുമോ എന്നൊന്നും മന്ത്രി വ്യക്തമാക്കിയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: