World

ഇന്ത്യ വളരെ നല്ലവരാണ് ; ഇന്ത്യയുമായി നല്ല ബന്ധം നിലനിർത്തുകയല്ലാതെ ബംഗ്ലാദേശിന് മറ്റ് മാർഗമില്ലെന്ന് മുഹമ്മദ് യൂനുസ്

Published by

ന്യൂഡൽഹി ; ഷെയ്ഖ് ഹസീന സർക്കാരിന്റെ അട്ടിമറിക്ക് ശേഷം അയൽരാജ്യമായ ബംഗ്ലാദേശിന്റെയും ഇന്ത്യയുമായുള്ള ബന്ധം പിരിമുറുക്കത്തിലാണ്. ബംഗ്ലാദേശിൽ അധികാരത്തിലുള്ള ഇടക്കാല സർക്കാരിന്റെ നേതാക്കൾ ഇന്ത്യയെക്കുറിച്ച് തുടർച്ചയായി വിവാദപരമായ പ്രസ്താവനകൾ നടത്തിവരികയാണ്. എന്നാൽ ഇപ്പോൾ ബംഗ്ലാദേശിലെ ഇടക്കാല സർക്കാരിന്റെ തലവൻ മുഹമ്മദ് യൂനുസ് ഒരു അപ്രതീക്ഷിത പ്രസ്താവന നടത്തിയിട്ടുണ്ട്.

കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇന്ത്യയ്‌ക്കെതിരെ വിഷം വമിപ്പിച്ച യൂനുസ് പെട്ടെന്ന് തന്റെ സ്വരം മാറ്റി. ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ബന്ധം വളരെ മികച്ചതാണെന്നാണ് യൂനുസ് ഇപ്പോൾ പറയുന്നത് . ഇതോടൊപ്പം യൂനുസ് ഇന്ത്യയെ വളരെയധികം പ്രശംസിച്ചിട്ടുമുണ്ട്.

ഇന്ത്യയുമായി നല്ല ബന്ധം നിലനിർത്തുകയല്ലാതെ ബംഗ്ലാദേശിന് മറ്റ് മാർഗമില്ലെന്നാണ് മുഹമ്മദ് യൂനുസ് ഇപ്പോൾ ഒരു അഭിമുഖത്തിൽ പറയുന്നത്. ഇരു രാജ്യങ്ങളും പരസ്പരം ആശ്രയിച്ചിരിക്കുന്നു. ഇതിനിടയിൽ, ചില തെറ്റായ പ്രചാരണങ്ങൾ കാരണം ഇരു രാജ്യങ്ങളും തമ്മിൽ തീർച്ചയായും സംഘർഷം ഉടലെടുത്തിട്ടുണ്ടെന്നും യൂനുസ് പറയുന്നു.

ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ബംഗ്ലാദേശ് ആഗ്രഹിക്കുന്നു.തെറ്റിദ്ധാരണ നീക്കാനും ആഗ്രഹിക്കുന്നുവെന്ന് യൂനുസ് പറയുന്നു. ഇന്ത്യ-ബംഗ്ലാദേശ് ബന്ധം വളരെ നല്ലതാണ്. ഇരു രാജ്യങ്ങൾക്കുമിടയിൽ ഒരു പ്രശ്നവും ഉണ്ടായിട്ടില്ല . നമ്മുടെ ബന്ധങ്ങൾ എപ്പോഴും നല്ലതായിരിക്കും. അവർ ഇപ്പോഴും നല്ലവരാണ്, ഭാവിയിലും നല്ലവരായി തുടരും. ഞങ്ങൾ വളരെ അടുത്താണ്. – എന്നും യൂനുസ് പറഞ്ഞു.

ഒരു മാസത്തിനുശേഷം പ്രധാനമന്ത്രി മോദിയുമായി മുഹമ്മദ് യൂനുസ് കൂടിക്കാഴ്ച നടത്താൻ സാധ്യതയുള്ള സമയത്താണ് ഈ പ്രസ്താവന. ഏപ്രിൽ ആദ്യവാരം തായ്‌ലൻഡിൽ നടക്കുന്ന ബിംസ്റ്റെക് ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദിയും മുഹമ്മദ് യൂനുസും തമ്മിൽ ഒരു ഉഭയകക്ഷി കൂടിക്കാഴ്ച നടന്നേക്കുമെന്ന് റിപ്പോർട്ടുണ്ട്..

അമേരിക്കയിലെ അധികാര മാറ്റത്തിനുശേഷമാണ് മുഹമ്മദ് യൂനുസിന്റെ ചിന്തകളിൽ മാറ്റം വന്നതെന്നാണ് സൂചന. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ട്രമ്പുമായുള്ള കൂടിക്കാഴ്‌ച്ചയാകട്ടെ യൂനുസിന്റെ പെട്ടിയിലെ അവസാന ആണിയായി മാറുകയും ചെയ്തു.മോദി ഡൊണാൾഡ് ട്രംപുമായി നടത്തിയ കൂടിക്കാഴ്ചയ്‌ക്ക് ശേഷം, ബംഗ്ലാദേശിന്റെ കാര്യത്തിൽ പ്രധാനമന്ത്രി മോദി തീരുമാനം എടുക്കുമെന്ന് ഡൊണാൾഡ് ട്രംപ് വ്യക്തമായി പറഞ്ഞിരുന്നു.

ബംഗ്ലാദേശ് വിഷയം പ്രധാനമന്ത്രി മോദിയുടെ കൈകളിൽ വിടാൻ യുഎസ് പ്രസിഡന്റ് തീരുമാനിച്ചത് മോദിയുടെ നയതന്ത്ര ശക്തിയെ പ്രതിഫലിപ്പിക്കുന്നു. ഇതോടൊപ്പം, പ്രധാനമന്ത്രി മോദിക്കും ട്രംപിനും തമ്മിലുള്ള ബന്ധത്തിന്റെ ആഴവും ഇത് എടുത്ത് കാണിക്കുന്നു. യുഎസ് സഹായം നിർത്തിയതോടെ, ബംഗ്ലാദേശിന് ഇപ്പോൾ ഇന്ത്യയല്ലാതെ മറ്റ് മാർഗമില്ല . ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള പാത മുഹമ്മദ് യൂനുസ് സ്വീകരിച്ചില്ലെങ്കിൽ, അദ്ദേഹത്തിന്റെ ഭാവി പോലും ഇനി ചോദ്യചിഹ്നമാകും.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by