ന്യൂദൽഹി: സൈബർ, ഹൈബ്രിഡ് യുദ്ധം, ബഹിരാകാശ ചാരവൃത്തി തുടങ്ങിയ ഉയർന്നുവരുന്ന ഭീഷണികളെ നേരിടാൻ ഇന്ത്യയുടെ സുരക്ഷാ സംവിധാനം മികച്ചതായി തുടരണമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. പ്രതിരോധ ഗവേഷണ വികസന സംഘടനയും (ഡിആർഡിഒ) ആഭ്യന്തര മന്ത്രാലയവും സംയുക്തമായി സംഘടിപ്പിച്ച ആഭ്യന്തര സുരക്ഷയ്‌ക്കും ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്കുമുള്ള നൂതന സാങ്കേതികവിദ്യകൾ എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു പ്രതിരോധ മന്ത്രി.
ഭീകരത, വിഘടനവാദ പ്രസ്ഥാനങ്ങൾ, ഇടതുപക്ഷ തീവ്രവാദം തുടങ്ങിയ പരമ്പരാഗത ഭീഷണികളെ കൈകാര്യം ചെയ്യുക മാത്രമല്ല രാജ്യത്തിന്റെ സാമ്പത്തിക, തന്ത്രപരമായ താൽപ്പര്യങ്ങളെ അസ്ഥിരപ്പെടുത്തുന്ന പാരമ്പര്യേതര ഭീഷണികളും ഉൻമൂലനം ചെയ്യാൻ തയ്യാറെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇന്നത്തെ എതിരാളികൾ എല്ലായ്‌പ്പോഴും പരമ്പരാഗത ആയുധങ്ങളുമായി വരുന്നില്ല. സൈബർ ആക്രമണങ്ങൾ, തെറ്റായ വിവര പ്രചാരണങ്ങൾ, ബഹിരാകാശ ചാരവൃത്തി തുടങ്ങിയ നൂതന ഭീഷണികളാണ് ഉയർന്നുവരുന്നതെന്നും അദ്ദേഹം പറഞ്ഞു.
ആഗോള സുരക്ഷയിലെ വർദ്ധിച്ചുവരുന്ന സങ്കീർണ്ണതകളും ആഭ്യന്തരവും ബാഹ്യവുമായ ഭീഷണികളെക്കുറിച്ചും സിംഗ് തന്റെ പ്രസംഗത്തിൽ എടുത്തു പറഞ്ഞു. ആധുനിക ലോകത്തിലെ സുരക്ഷാ വെല്ലുവിളികൾ അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്നു, ആഭ്യന്തര, ബാഹ്യ സുരക്ഷകൾ തമ്മിലുള്ള ഓവർലാപ്പ് വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കൂടാതെ ശക്തവും സുരക്ഷിതവും സ്വാശ്രയവുമായ ഇന്ത്യ ഉറപ്പാക്കാൻ നമ്മുടെ സ്ഥാപനങ്ങൾ പരസ്പരം സഹകരിച്ച് പ്രവർത്തിക്കേണ്ടത് അത്യാവശ്യമാണെന്നും പ്രതിരോധ മന്ത്രി വ്യക്തമാക്കി. ഇന്ത്യയുടെ ദേശീയ സുരക്ഷയെ സമഗ്രമായി കാണണമെന്നും വിവിധ സുരക്ഷാ ഏജൻസികൾക്കിടയിലുള്ള ശ്രമങ്ങൾ സംയോജിപ്പിക്കണമെന്നും ഏറ്റവും പുതിയ സാങ്കേതിക മുന്നേറ്റങ്ങൾ പ്രയോജനപ്പെടുത്തണമെന്നും പ്രതിരോധ മന്ത്രി പറഞ്ഞു.
ഇന്ത്യയുടെ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിൽ ഡിആർഡിഒ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. ആഭ്യന്തര സുരക്ഷയ്‌ക്കുള്ള അവരുടെ സംഭാവനകൾ ഒരുപോലെ പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു. ചെറിയ ആയുധങ്ങളും ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾ മുതൽ നിരീക്ഷണ, ആശയവിനിമയ സംവിധാനങ്ങൾ വരെ ഡിആർഡിഒയുടെ നൂതനാശയങ്ങളിലാണ് രൂപപ്പെട്ടതെന്നും അവ നമ്മുടെ സുരക്ഷാ സേനയെ ശാക്തീകരിക്കുന്നുവെന്നും അദ്ദേഹം അടിവരയിട്ടു.
ഇതിനു പുറമെ ആധുനികവൽക്കരണത്തിൽ ഡിആർഡിഒ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് കാണുന്നത് പ്രോത്സാഹജനകമാണ്. ചെറിയ ആയുധങ്ങൾ, നിരീക്ഷണ ഉപകരണങ്ങൾ, ഡ്രോൺ സംവിധാനങ്ങൾ എന്നിവ പോലുള്ള ഉൽപ്പന്നങ്ങൾ ആഭ്യന്തര സുരക്ഷാ ഏജൻസികൾക്ക് നൽകുന്നതിനെയും അദ്ദേഹം പ്രശംസിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: