ഒരു ജ്യോതിര്‍ലിംഗം മറ്റൊരു ജ്യോതിര്‍ലിംഗത്തിന് അടുത്തുവെയ്ക്കുമ്പോള്‍ കാന്തികശക്തിയാല്‍ തനിയെ ചലിക്കുന്നത് കാട്ടി ശ്രീ ശ്രീ രവിശങ്കര്‍
ന്യൂദല്‍ഹി: ശ്രീ ശ്രീ രവിശങ്കര്‍ സോമനാഥക്ഷേത്രത്തിലെ ജ്യോതിര്‍ലിംഗത്തില്‍ നിന്നും രൂപപ്പെടുത്തിയ ഒരു ശിവലിംഗം മറ്റൊന്നിന്റെ അടുത്ത് വെച്ചപ്പോള്‍ അത് തനിയെ കറങ്ങിക്കൊണ്ടിരുന്നു. സോമനാഥക്ഷേത്രത്തിലെ ജ്യോതിര്‍ലിംഗം പോലെ ഇത്രയ്ക്ക് ഊര്‍ജ്ജം ഒളിഞ്ഞിരിക്കുന്ന ശിവലിംഗം കണ്ടിട്ടില്ലെന്നാണ് ആയിരം വര്‍ഷത്തിന് ശേഷം ഈ ജ്യോതിര്‍ലിംഗവും കൊണ്ട് ദല്‍ഹിയില്‍ എത്തിയ ശ്രീ ശ്രീ രവിശങ്കര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്.
മുഹമ്മദ് ഗസ്നി എന്ന തുര്‍ക്കി ഭരണാധികാരി സോമനാഥക്ഷേത്രം കൊള്ളയടിക്കുന്നതിനൊപ്പം അവിടെ ആരാധിച്ചിരുന്ന ജ്യോതിര്‍ലിംഗം പല കഷണങ്ങളായി വെട്ടിമുറിക്കുകയായിരുന്നു. ചില അഗ്നിഹോത്രി ബ്രാഹ്മണര്‍ ഈ കഷ്ണങ്ങളെ തേച്ചുമിനുക്കി ചെറിയ ശിവലിംഗങ്ങളാക്കി മാറ്റി. ഈ ശിവലിംഗത്തിനുള്ളില്‍ കുടികൊള്ളുന്നത് അളവറ്റ ഊര്‍ജ്ജമാണെന്നും ശ്രീശ്രീ രവിശങ്കര്‍ പറയുന്നു.
ഇന്ത്യയില്‍ ആകെ 12 ജ്യോതിര്‍ലിംഗക്ഷേത്രങ്ങളാണ് ഉള്ളത്. ഇതില്‍ ആദ്യത്തെ ജ്യോതിര്‍ലിംഗക്ഷേത്രമാണ് ഗുജറാത്തിലെ സോമനാഥക്ഷേത്രത്തില്‍ ഉള്ളത്. അന്ന് മുഹമ്മദ് ഗസ്നി നശിപ്പിച്ച ജ്യോതിര്‍ലിംഗമാണ് ആയിരംവര്‍ഷങ്ങളോളം അത് സംരക്ഷിച്ച ബ്രാഹ്മണരില്‍ നിന്നും വീണ്ടെടുത്ത് ശ്രീ ശ്രീ രവിശങ്കര്‍ ന്യൂദല്‍ഹിയില്‍ എത്തിച്ചത്.
“സുപ്രസിദ്ധനായ ഒരു ജിയോളജിസ്റ്റ് ഈ ജ്യോതിര്‍ലിംഗങ്ങള്‍ പരിശോധിച്ചിരുന്നു. ഇതില്‍ നിന്നും കണ്ടെത്തിയത് ഇതില്‍ രണ്ട് ശതമാനം മാത്രമേ കാര്‍ബണ്‍ ഉള്ളൂവെന്നാണ്. ബാക്കി 78 ശതമാനവും ബേറിയവും മഗ്നീഷ്യവുമാണ്. സാധാരണ ബേറിയം അതിന്റെ പരിശുദ്ധ രൂപത്തില്‍ ഭൂമിയില്‍ കാണാന്‍ കഴിയില്ലെന്ന് പറയുന്നു. സാധാരണ ഒരു കാന്തത്തില്‍ ദക്ഷിണധ്രുവവും ഉത്തരധ്രുവവും ഉണ്ടാകും. പക്ഷെ ഈ ജ്യോതിര്‍ലിംഗത്തില്‍ കാന്തം അതിന്റെ ഒത്തനടുക്കായാണ് സ്ഥിതിചെയ്യുന്നത്. ജിയോളജിസ്റ്റുകള്‍ പറയുന്നത് ഇതുപോലെ ഒന്ന് ഇതിന് മുന്‍പ് കണ്ടിട്ടില്ലെന്നാണ്. ഏതെങ്കിലും ഉല്‍ക്കകള്‍ വഴി ബഹിരാകാശത്ത് നിന്നും ഭൂമിയില്‍ പതിച്ചതാകാം ഇവയെന്നാണ് ജിയോളജിസ്റ്റുകള്‍ പറയുന്നത്.” – ശ്രീ ശ്രീ രവിശങ്കര്‍ പറയുന്നു.
എന്താണ് ജ്യോതിര്‍ലിംഗ ക്ഷേത്രങ്ങള്‍?
ശിവഭഗവാന്‍ വിവിധ രൂപങ്ങളില്‍ വസിക്കുന്ന 12 ക്ഷേത്രങ്ങളെയാണ് ജ്യോതിര്‍ലിംഗക്ഷേത്രങ്ങള്‍ എന്ന് വിളിക്കുന്നത്. ശിവന്റെ പ്രകാശം എന്നാണ് ഇതിന് അര്‍ത്ഥം. ശിവപുരാണത്തിലാണ് ജ്യോതിര്‍ലിംഗക്ഷേത്രങ്ങള്‍ എങ്ങിനെ ഉല്‍ഭവിച്ചു എന്ന് പറയുന്നത്.
ബ്രഹ്മാവും വിഷ്ണുവും തമ്മില്‍ ആരാണ് വലിയവന്‍ എന്നതിനെച്ചൊല്ലി തര്‍ക്കമുണ്ടായതായി പറയുന്നു. ഇതില്‍ ശിവന്‍ ഇടപെട്ടു. ശിവന്‍ പ്രകാശം കൊണ്ട് ഒരു വന്‍തൂണ് സൃഷ്ടിച്ചു. ഈ പ്രകാശത്തിന്റെ തൂണ്‍ മൂന്ന് ലോകങ്ങളെയും തുളച്ച് കടന്നുപോയി. ഇതിന്റെ അറ്റം കാണുന്നുണ്ടോ എന്ന് ശിവന്‍ ചോദിച്ചപ്പോള്‍ കാണുന്നില്ലെന്ന് വിഷ്ണു മറുപടി പറഞ്ഞു. എന്നാല്‍ താന്‍ അറ്റം കണ്ടു എന്നാണ് ബ്രഹ്മാവ് മറുപടി നല്‍കിയത്. ഇത് ശിവന് ദേഷ്യമായി. കാരണം ഈ തൂണിന്റെ അറ്റം അനന്തമാണ്. അതോടെയാണ് ബ്രഹ്മാവിനെ ജനങ്ങള്‍ ആരാധിക്കില്ലെന്ന് ശിവന്‍ ശപിച്ചത്. അങ്ങിനെയാണ് വിഷ്ണുവിനെ എല്ലാ ക്ഷേത്രങ്ങളിലും ജനങ്ങള്‍ ആരാധിക്കുന്നത്. എന്നാല്‍ ഈ പ്രപഞ്ചം സൃഷ്ടിച്ച ബ്രഹ്മാവിനെ ആരും ആരാധിക്കുന്നുമില്ല. പിന്നീട് ശിവന്‍ സൃഷ്ടിച്ച പ്രകാശത്തിന്റെ ഈ തൂണ്‍ പ്രപഞ്ചത്തില്‍ 64 ഇടങ്ങളില്‍ കാണപ്പെട്ടു. ഈ 64 ഇടങ്ങളില്‍ ജ്യോതിര്‍ലിംഗക്ഷേത്രങ്ങള്‍ രൂപപ്പെട്ടു. ഇതില്‍ സുപ്രധാനമായുള്ള 12 ജ്യോതിര്‍ലിംഗക്ഷേത്രങ്ങളാണ്.
അഗ്നിഹോത്രി കുടുംബം സൗരാഷ്‌ട്രയില്‍ നിന്നും ജ്യോതിര്‍ലിംഗം പൊതിഞ്ഞുകെട്ടി കൊണ്ടുപോയത് കാല്‍നടയായി
“അഗ്നിഹോത്രി ബ്രാഹ്മണരാണ് സോമനാഥക്ഷേത്രത്തില്‍ പലകഷണങ്ങളായി ചിതറിയ ജ്യോതിര്‍ലിംഗം കണ്ടെടുത്ത് തമിഴ്നാട്ടിലേക്ക് കാല്‍നടയായി പൊതിഞ്ഞുകെട്ടി കൊണ്ടുപോയത്. ആയിരം വര്‍ഷങ്ങളായി ഈ കുടുംബം വ്രതമെടുത്താണ് ഈ ജ്യോതിര്‍ലിംഗത്തെ ആരാധിച്ചിരുന്നത്. പല കഷണങ്ങളായി പൊട്ടിത്തകര്‍ന്ന ജ്യോതിര്‍ലിംഗം കാണാന്‍ അവരുടെ മനസ്സ് അനുവദിക്കില്ലായിരുന്നു. അതുകൊണ്ട് അവര്‍ അതിനെ ശിവലിംഗമായി രൂപപ്പെടുത്തുകയായിരുന്നു. ഈ ശിവലിംഗങ്ങളുടെ കാര്യം രഹസ്യമാക്കി വെച്ചിരിക്കുകയായിരുന്നു. ആദ്യ രാമക്ഷേത്രം പൂര്‍ത്തിയായാല്‍ മാത്രമേ ഇതേക്കുറിച്ച് പുറംലോകത്തോട് അറിയാക്കാവൂഎന്ന് പിന്നീട് കാഞ്ചി കാമകോടി പീഠാധിപതി ജയേന്ദ്രസരസ്വതി അവരെ ഉപദേശിച്ചതായി അറിയുന്നു”.- ശ്രീശ്രീ രവിശങ്കര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക