India

ആശാ വര്‍ക്കര്‍മാരുടെ സമരത്തില്‍ നദ്ദ-സുരേഷ് ഗോപി കൂടിക്കാഴ്ച; വീഴ്ച സംസ്ഥാനത്തിന്റേതെന്ന് കേന്ദ്രആരോഗ്യമന്ത്രി

Published by

ന്യൂദല്‍ഹി: ആശാവര്‍ക്കര്‍മാരുടെ സമരവുമായി ബന്ധപ്പെട്ട് കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ നിര്‍ണ്ണായക ഇടപെടല്‍. കേന്ദ്രആരോഗ്യമന്ത്രി ജെ.പി നദ്ദയുമായി സുരേഷ്‌ഗോപി ദല്‍ഹിയില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ സമരത്തെപ്പറ്റിയും നിലവിലെ ആശാവര്‍ക്കര്‍മാരുടെ അവസ്ഥയും വിവരിച്ചു. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിനാണ് വലിയ വീഴ്ച സംഭവിച്ചിരിക്കുന്നതെന്ന് കേന്ദ്രആരോഗ്യമന്ത്രി വ്യക്തമാക്കിയെന്ന് ചര്‍ച്ചയ്‌ക്ക് ശേഷം സുരേഷ് ഗോപി പറഞ്ഞു.
ആശാവര്‍ക്കര്‍മാരുമായി ബന്ധപ്പെട്ട് കേരളത്തിന് അധികമായി 120 കോടി രൂപ നല്‍കിയതാണെന്നും കേന്ദ്രത്തിന് മറ്റൊന്നും ചെയ്യാനാവില്ലെന്നും സുരേഷ്‌ഗോപി കൂടിക്കാഴ്ചയ്‌ക്ക് ശേഷം അറിയിച്ചു. പ്രശ്‌ന പരിഹാരത്തിന് ശ്രമം നടത്തേണ്ടത് സംസ്ഥാന സര്‍ക്കാരാണെന്ന് കേന്ദ്രആരോഗ്യമന്ത്രി അറിയിച്ചിട്ടുണ്ട്. ക്രമസമാധാന പ്രശ്‌നങ്ങളടക്കം പരിഹരിക്കേണ്ടത് സംസ്ഥാന സര്‍ക്കാരിന്റെ ചുമതലയാണെന്നും കേന്ദ്രആരോഗ്യമന്ത്രി വ്യക്തമാക്കി. ആശാവര്‍ക്കര്‍മാരുടെ സമരപ്പന്തല്‍ സന്ദര്‍ശിച്ച് സമരക്കാര്‍ക്ക് പിന്തുണ നല്‍കിയ കേന്ദ്രമന്ത്രി സുരേഷ് ഗോപി ആശാവര്‍ക്കര്‍മാരുടെ ആവശ്യങ്ങള്‍ കേന്ദ്രസര്‍ക്കാരിലെ മുതിര്‍ന്ന മന്ത്രിമാരെ അറിയിക്കുമെന്നും ഉറപ്പു നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ദല്‍ഹിയില്‍ കേന്ദ്രആരോഗ്യമന്ത്രി ജെ.പി നദ്ദയുമായി സുരേഷ് ഗോപി കൂടിക്കാഴ്ച നടത്തിയത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by