കോഴഞ്ചേരി : അയിരൂര്‍ ഗ്രാമസംസ്‌കൃതിയുടെ പ്രാണനായിരുന്ന പടയണിക്ക് 110 വര്‍ഷത്തിന് ശേഷം പുനര്‍ജനി. പല കാരണങ്ങളാല്‍ നഷ്ടപ്പെട്ട ഗ്രാമപൈതൃക സമ്പത്ത് വീണ്ടെടുത്ത അഭിമാന മുഹൂര്‍ത്തത്തിന് സാക്ഷ്യം വഹിക്കാന്‍ നാടാകെ ഒത്തുചേര്‍ന്നു. അയിരൂര്‍ പുതിയകാവിലെ വലിയപടേനി മംഗള ഭൈരവി തുള്ളി ഒഴിഞ്ഞതോടെ സമാപിച്ചു. പടേനിക്കാരും കരവാസികളും രണ്ട് ചൂട്ടു വലത്തുവെച്ചു. പടേനിക്കാര്‍ താവടി ചവിട്ടി. നൂറ്റാണ്ടിന്റെ ഇടവേളയ്‌ക്കു ശേഷം ഈ വര്‍ഷം പുനനരാരംഭിച്ച പടേനി അനുഷ്ഠാനശുദ്ധികൊണ്ടും ജനപങ്കാളിത്തം കൊണ്ടും വേറിട്ടുനിന്നു.
ആളിക്കത്തിയ തെങ്ങോലച്ചൂട്ടിന്റെ വെളിച്ചത്തില്‍, തപ്പിന്റെ താളമേളങ്ങളുടെ അകമ്പടിയോടെ കോലങ്ങള്‍ ഒരു രാവ് മുഴുവന്‍ ഉറഞ്ഞുതുള്ളി. ദാരികനെ കൊന്ന് നിണമണിഞ്ഞ ദേവിയുടെ മുന്നില്‍ പ്രീതിക്കും നാടിന്റെ ഐശ്വര്യത്തിനും വേണ്ടി അഗ്നിസാക്ഷിയായി നടത്തിയ അനുഷ്ഠാന യജ്ഞം വീക്ഷിക്കാന്‍ ഭേദമേതുമില്‌ലാതെ ഗ്രാമീണര്‍ ഒത്തുചേര്‍ന്നു.
കഴിഞ്ഞ വര്‍ഷം രൂപം നല്‍കിയ അയിരൂര്‍ പുതിയ കാവ് ശ്രീഭദ്രാ പടേനിസംഘത്തിലെ 60 കലാകാരന്‍മാര്‍ക്ക് പരിശീലനം നല്‍കിയത് കവിയൂര്‍ ഓമനക്കുട്ടനാണ്. കവിയൂര്‍ ശ്രീഭദ്രാ പടേനി സംഘത്തിലെ കലാകാരന്‍മാരും ആദ്യന്തം പുതിയകാവ് പടേനിയില്‍ കൈമെയ് മറന്ന് സഹകരിച്ചു. അയിരൂര്‍ പുതിയകാവ് ക്ഷേത്രത്തിനു കീഴിലുള്ള വിവിധ കരക്കാരുടെ സംഗമ വേദി കൂടി ആയി രേവതി നാള്‍.
വിവിധ കരകളില്‍ നിന്ന് കെട്ടുകാഴ്ചകള്‍ എത്തി. കൂടാതെ തന്‍കര ബന്ധുകര സ്വീകരണത്തിലും വിവിധ കരക്കാര്‍ പങ്കെടുത്തു. പഞ്ചകോലങ്ങള്‍, ഭൈരവി, കാലന്‍, കുറത്തിയമ്മ, അന്തരയക്ഷി, കൂട്ട മറുത, മംഗളഭൈരവി എന്നിവയാണ് വലിയ പടേനിനാള്‍ തുള്ളി ഒഴിഞ്ഞ കോലങ്ങള്‍. വട്ടമിണക്ക്, താവടി, കാപ്പൊലി, നിരത്തി തുള്ളല്‍, പുലവൃത്തം എന്നിവയും ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക