നമ്മുടെ സൈബര്‍ സംവിധാനങ്ങളും സോഷ്യല്‍ മീഡിയയും അതുവഴിയുള്ള ചാറ്റും ലഭ്യമായ സാഹചര്യത്തില്‍ സാമൂഹികമായ കണ്ണിചേരലിന്റെ ആവശ്യകതകള്‍ കുറഞ്ഞു വരുന്നു എന്നതാണ് പുതിയ ലോകത്തില്‍ കാണുന്ന പ്രധാന പ്രശ്‌നം. അക്രമങ്ങള്‍, അതുമായി ബന്ധപ്പെട്ട പ്രമേയങ്ങള്‍ എല്ലാം മറ്റ് രീതിയില്‍ തിരുത്തപ്പെടാന്‍ സാധ്യതയില്ലാതെ ഇവരുടെ മനസ്സിലേക്ക് കടന്നുകയറാനുള്ള സാഹചര്യമാണ് ഇതിലൂടെ ഒരുങ്ങുന്നത്. ആളുകളുമായി ഇടപഴകുമ്പോള്‍ നമ്മുടെ മനസ്സിലെ ആശയങ്ങളില്‍ മേല്‍ ചര്‍ച്ചകള്‍ നടക്കും. തിരുത്തലുകള്‍ സംഭവിക്കും. തള്ളേണ്ടതിനെ തള്ളാനും കൊള്ളേണ്ടതിനെ കൊള്ളാനും സാധിക്കും. അത്തരത്തിലൊരു ഗതിമാറ്റം സ്വാഭാവികമായും സംഭവിക്കും. പുതിയ ലോകത്തില്‍ അതിനുള്ള അവസരം കുറവാണ്. ചിലയാളുകള്‍ അതിക്രമങ്ങള്‍ ശരിയാണ്, ഇതൊക്കെ സാധൂകരിക്കപ്പെട്ടതാണ്, നീതീകരിക്കപ്പെട്ടതാണ് എന്ന നിലപാടിലേക്ക് വഴുതി വീഴുന്നു. സാഹചര്യം വരുമ്പോള്‍, സമാന രീതിയില്‍ പ്രതികരിക്കാനുള്ള സന്ദര്‍ഭം വരുമ്പോള്‍ വിലക്കുകള്‍ ഇല്ലാതെ അത്തരം ആക്രമണ രീതിയിലേക്ക് വഴിമാറുകയും ചെയ്യാം. ഇത്തരത്തില്‍ കുറ്റകൃത്യം ചെയ്തവരുടെ ജീവിതം പരിശോധിച്ചാല്‍ അവരില്‍ പലരും സമൂഹവുമായി കണ്ണിചേരലില്ലാതെ നടക്കുന്നവരാണെന്ന് മനസ്സിലാകും. വ്യക്തിപരമായി ഒരു പ്രശ്‌നമുണ്ടാകുമ്പോള്‍ അത് തുറന്നുപറയാന്‍, അതിന്റെ ശരി തെറ്റുകളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഒരു വ്യക്തി നമ്മുടെ ജീവിതത്തില്‍ ഇല്ലാത്തതും സാമൂഹ്യവത്കരണത്തിന്റെ മറ്റൊരു ദുരന്തമാണ്.
കുട്ടികള്‍ക്ക് അവരുടെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ആളില്ല എന്ന സാമൂഹിക മാറ്റത്തെ പഴി പറഞ്ഞതുകൊണ്ട് കാര്യമില്ല. ആ സാമൂഹിക മാറ്റത്തിന്റെ പരിസരത്ത് ജീവിക്കുന്ന കുട്ടികള്‍ക്ക് ഏതെല്ലാം വിധത്തില്‍ ബദല്‍സംവിധാനം ഒരുക്കാം എന്നതിനെക്കുറിച്ചാണ് ആലോചിക്കേണ്ടത്്. ആ ബദല്‍ സംവിധാനത്തില്‍ ഏറ്റവും പ്രധാനം പള്ളിക്കൂടങ്ങളാണ്. നിലവിലെ സാമൂഹിക മാറ്റത്തില്‍ നിന്നൊരു തിരിച്ചുപോക്ക് സാധ്യമായി എന്ന് വരില്ല. പക്ഷേ, അത്തരം സാമൂഹികാന്തരീക്ഷത്തില്‍ ജീവിക്കുന്ന കുട്ടികള്‍ക്ക് അവരുടെ സ്വഭാവരൂപീകരണത്തിനും വ്യക്തിത്വ വികസനത്തിനും എന്തുതരം സംവിധാനങ്ങളാണ് സ്‌കൂളുകളില്‍ ഒരുക്കുന്നത് എന്നതാണ് പ്രധാനം. പ്രശ്‌നങ്ങളെക്കുറിച്ചു മാത്രമല്ല, പരിഹാര മാര്‍ഗ്ഗങ്ങളെക്കുറിച്ചും ചിന്തിക്കണം. അദ്ധ്യാപകര്‍ ഒരു കുട്ടിയുടെ പെരുമാറ്റ വൈകല്യത്തെ കുറിച്ച് മാതാപിതാക്കളോട് പറയുമ്പോള്‍ അതിനെ തുറന്ന മനസ്സോടെ സ്വീകരിച്ച് അദ്ധ്യാപകരുമായി കൂട്ടുചേര്‍ന്ന് പരിഹാരം ഉണ്ടാക്കാനുള്ള മനോഭാവം വളര്‍ത്തുകയും വേണം.
സൃഷ്ടിപരമായ പരിഹാരം നിര്‍ദേശിക്കുകയും അത് നടത്തിയെടുക്കാനുള്ള ഇച്ഛാശക്തിയുമാണ് നമുക്ക് ഇല്ലാതെ പോകുന്നത്. സാമൂഹികമായ കണ്ണിയില്ലാത്ത കുട്ടികളുടെ കൊച്ചു തലച്ചോറിലേക്കും പക്വതയെത്താത്ത മനസ്സിലേക്കും വയലന്‍സ് രംഗങ്ങള്‍ ആഘോഷത്തോടെ കടന്നുവരുമ്പോള്‍ അതാണ് ശരിയെന്ന ചിന്ത അവരുടെ തലച്ചോറ് ഉള്‍ക്കൊള്ളും. പല സിനിമകളിലും കുറ്റം ചെയ്യുന്നവര്‍ ശിക്ഷിക്കപ്പെടുന്നില്ല. അതിക്രമങ്ങള്‍ കാണിക്കുന്ന കഥാപാത്രങ്ങള്‍ വീരന്മാരായി ചിത്രീകരിക്കപ്പെടുന്നു. ഇത്തരം സങ്കല്‍പങ്ങള്‍ അവരെ സ്വാധീനിക്കും. നമുക്കിപ്പോള്‍ കുട്ടികളുടെ മുന്നില്‍ കാണിക്കാന്‍ നല്ല മാതൃകകള്‍ ഇല്ല. അതാണ് നാം നേരിടുന്ന പ്രധാന പ്രതിസന്ധി. അതിനാല്‍ കുട്ടികളുടെ മനസ്സിലേക്ക് അപക്വമായ സങ്കല്‍പങ്ങളും ഉപരിപ്ലവമായ ഒച്ചപ്പാടുകള്‍ ഉണ്ടാക്കുന്ന സോഷ്യല്‍ മീഡിയ ഇന്‍ഫഌവന്‍സേഴ്‌സിന്റെ സ്വാധീനവും കടന്നുവരുന്നുണ്ട്. ഇത്തരം ഇന്‍ഫഌവന്‍സര്‍മാരുടെ പ്രൊഫൈല്‍ പരിശോധിച്ചാല്‍ അവരില്‍ ഭൂരിഭാഗവും അപക്വതയെ ആഘോഷിക്കുന്നവരാണ് എന്നുകാണാം. എല്ലാത്തിനേയും എതിര്‍ക്കൂ, അനുസരണക്കേട് കാണിക്കൂ എന്നാണവര്‍ പറയുന്നത്. കുട്ടികള്‍ക്ക് ലഭ്യമാകുന്ന ഇന്നത്തെ പല മാതൃകകളും അവരുടെ അപക്വതയെ ആളിക്കത്തിക്കുന്ന വിധത്തിലുള്ളതാണ്.
ജീവിതാനുഭവങ്ങളിലൂടെയും നല്ല അദ്ധ്യാപകരിലൂടെയുമാണ് കുട്ടികള്‍ പാകതയിലേക്ക് എത്തുന്നത്. നമ്മുടെ കുട്ടികളെ മനസ്സിലാക്കുന്നതില്‍ മാതാപിതാക്കള്‍ക്കും അദ്ധ്യാപകര്‍ക്കും വീഴ്ചകള്‍ സംഭവിക്കുന്നുണ്ട്. അത് ഈ പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് തിരുത്തുക എന്നതാണ് വെല്ലുവിളി. കുറ്റവാളികളാകുന്ന കുട്ടികള്‍ ഒറ്റദിവസം കൊണ്ട് അങ്ങനെയാകുന്നവരല്ല. അവരുടെ ജീവിത പശ്ചാത്തലത്തിലും സ്‌കൂളിലെ പെരുമാറ്റത്തിലുമെല്ലാം ഇതിന്റെ സൂചനകള്‍ ഉണ്ടായിരുന്നിരിക്കണം. മാതാപി
താക്കളും അദ്ധ്യാപകരും ഒത്തു ചേര്‍ന്ന് അവരെ തിരുത്താന്‍ എന്തു ചെയ്തു എന്നതും വലിയൊരു ചോദ്യമാണ്.
കാലത്തിന്റെ മാറ്റത്തിനിടയിലും നമ്മുടെ കുട്ടികളെ പാകതയോടെ പരിപാലിക്കാന്‍, നല്ല സ്വഭാവരൂപീകരത്തിലൂടെ അക്രമത്തിന്റെ ച്ഛായയില്ലാതെ, ലഹരിയുടെ പ്രലോഭനത്തില്‍ വീഴാതെ അവരെ എങ്ങനെ പാകപ്പെടുത്തിയെടുക്കാം എന്ന ചിന്തയ്‌ക്കാണ് പ്രസക്തി.
നമ്മുടെ രാഷ്‌ട്രം മറ്റു രാജ്യങ്ങള്‍ പോലെയല്ല. അവിടുത്തെ സാമൂഹിക വ്യവസ്ഥിതിയല്ല ഇവിടെയുള്ളത്. വ്യക്തി കേന്ദ്രീകൃത ഘടനയിലേക്ക് പോകാതെ ഇപ്പോഴും കുടുംബ കേന്ദ്രീകൃത ജീവിത ശൈലിയാണ് ഭാരതത്തിലുള്ളത്. കുടുംബത്തിനുള്ളില്‍ തന്നെ വ്യക്തിവത്കരണം സംഭവിക്കുന്നു എന്നതാണ് നമ്മുടെ മാറ്റം. പാശ്ചാത്യ രാജ്യങ്ങളിലെ പരിതസ്ഥിതിയല്ല ഇവിടെയുള്ളത്. ഇവിടെ ഇപ്പോഴും ഒരു തിരുത്തലിനുള്ള വിഭവങ്ങളുണ്ട്. അത് വിനിയോഗിക്കപ്പെടുന്നില്ല എന്നതാണ് പ്രശ്‌നം.
തിരുത്തേണ്ടത് മുതിര്‍ന്ന തലമുറ
ഒരു വ്യക്തി ഒറ്റയ്‌ക്കിരുന്ന് അക്രമവാസനാ ദൃശ്യങ്ങള്‍ കാണുന്നത് മൂന്ന് കാര്യങ്ങളുടെ ലക്ഷണമാണ്. മാനസിക രോഗം, സാഹചര്യത്തിന്റെ പ്രത്യേകത, സംസ്‌കാരവും ചുറ്റുപാടുകളും. കാണുന്ന ദൃശ്യത്തിലേക്ക് പൂര്‍ണമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് ഒറ്റയ്‌ക്കായിരിക്കുമ്പോള്‍ സാധിക്കും. ചെറുതും വലുതുമായ കാര്യങ്ങള്‍ പോലും സസൂക്ഷ്മം ശ്രദ്ധിക്കാന്‍ കഴിയും. ഇത്തരം ദൃശ്യങ്ങള്‍ ആവര്‍ത്തിച്ചു കണ്ട് മനസ്സിലുറപ്പിക്കാനും പറ്റും. അക്രമാസക്തിയുള്ള വ്യക്തിയാണെങ്കില്‍ ഇതെല്ലാം പ്രായോഗികതലത്തിലേക്ക് കൊണ്ടുവരാന്‍ നോക്കും. കൗമാരക്കാര്‍ക്ക് എന്തും അനുകരിക്കാനുള്ള പ്രവണതയും കൂടുതലാണ്. ഒറ്റയ്‌ക്കിരുന്ന് അക്രമം, പീഡനം എന്നിവ കാണുന്ന ഒരാളില്‍ ഇത് ആവര്‍ത്തിക്കാനും പ്രയോഗത്തില്‍ വരുത്താനുമുള്ള പ്രവണത രണ്ടോ മൂന്നോ ഇരട്ടിയായി വര്‍ധിക്കാനും സാധ്യതയുണ്ട്.
സമൂഹം മാത്രം വിചാരിച്ചതുകൊണ്ട് എല്ലാം ശരിയാവില്ല. കൗമാരക്കാരെ നേര്‍വഴിക്ക് കൊണ്ടുവരണമെങ്കില്‍ അവരുടെ മുന്നില്‍ സമൂഹത്തിലുള്ള മുതിര്‍ന്നവര്‍ എല്ലാവരും നല്ല മാതൃകകളാകണം. അവരിലെ അക്രമാസക്തി ഇപ്രകാരമേ നിയന്ത്രിക്കാന്‍ പറ്റൂ. നിയമത്തിന്റെ സഹായവും അനിവാര്യമാണ്. മാധ്യമങ്ങളും ജാഗ്രതയോടെ പെരുമാറണം. സൂര്യന്റെ കീഴിലുള്ള എല്ലാ കാര്യങ്ങളും കാണാനും കേള്‍ക്കാനും മനസ്സിലാക്കാനും കുട്ടികള്‍ക്ക് സാധിക്കും. അതുകൊണ്ട് കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നതിന് നിബന്ധനകള്‍ ഉണ്ടാവുകയും ഇല്ലെങ്കില്‍ ഉണ്ടാക്കുകയും വേണം. പ്രായം കുറഞ്ഞ ഒരു വ്യക്തിയാണ് കുറ്റകൃത്യം ചെയ്യുന്നതെങ്കില്‍ ശിക്ഷ കുറവാണെന്നും പരാമവധി മൂന്ന് വര്‍ഷം വരെയാണ് തടവെന്നും പറയുമ്പോള്‍ അക്രമവാസനയുള്ള ഒരു വ്യക്തിയെ സംബന്ധിച്ച് അതൊരു എന്‍കറേജിങ് ന്യൂസാണ്. കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച വാര്‍ത്തകള്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ചാണ് പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുന്നത്. ഇതും ദോഷം ചെയ്യും.
വില്‍പനചരക്ക് പോലെയാണിന്ന് അക്രമാസക്തി. ബുദ്ധിയും കഴിവും അറിവും കായബലവും ഉള്ളവരാണ് ഇപ്പോള്‍ അധികാരസ്ഥാനത്തേക്ക് വരുന്നതെന്നൊരു ധാരണ ജനസമൂഹത്തിനിടയില്‍ പൊതുവായുണ്ട്. ഇവിടെ സാമൂഹ്യമുന്നേറ്റം കൊണ്ടോ, സാക്ഷരതകൊണ്ടോ മാത്രം കാര്യമില്ല. കുട്ടികള്‍ക്കിടയില്‍ ബോധവത്കരണം കൊണ്ട് പ്രത്യേകിച്ച് പ്രയോജനമില്ല. കോടികള്‍ അതിനായി ചിലവഴിക്കാം എന്ന് മാത്രം.
ശരിയായ ബോധവത്കരണം സമൂഹത്തിലെ മുതിര്‍ന്നവര്‍ക്കും സമൂഹത്തെ നയിക്കുന്ന നേതാക്കള്‍ക്കുമാവണം നല്‍കേണ്ടത്. ബോധവത്കരണവും പ്രവര്‍ത്തനശൈലികളും അടിസ്ഥാനപരമായി രാജ്യത്തെ പുരോഗതിയിലേക്ക് കൊണ്ടുപോകുന്നതാവണം. മുതിര്‍ന്ന തലമുറ തിരുത്താതെ, അവര്‍ ദിശമാറ്റാതെ ഇളം തലമുറ ഒരിക്കലും നേരെയാവില്ല. ‘മുന്‍പേ ഗമിക്കുന്ന ഗോവു തന്റെ പിന്‍പേ ഗമിക്കും ബഹു ഗോക്കളെല്ലാം’ എന്നു പറയുന്നത് ഇവിടെ അക്ഷരംപ്രതി ശരിയാണ്. നമ്മുടെ സംവിധാനങ്ങള്‍ ആകെ ഉടച്ചുവാര്‍ക്കണം. ഒരു ദിവസം കൊണ്ട് ഇത് നടക്കില്ല. ഇവിടെയാണ് ബോധവത്കരണം വേണ്ടത്. ഇവിടെ നിബന്ധനകളും നിയമങ്ങളും പിന്‍ബലമാകണം. നല്ല പ്രവര്‍ത്തന മാതൃകകള്‍ രൂപപ്പെടുത്തണം. നിയമം പലതും പുതുക്കി എഴുതുകയും വേണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക