കോട്ടയം നഴ്സിങ് കോളജില്‍ ഗവണ്മെന്റ് മെഡിക്കല്‍ നേഴ്സിങ് സ്റ്റുഡന്റ് അസോസിയേഷന് നേതാവ് രാഹുല്‍ രാജിന്റെ നേതൃത്വത്തില്‍ നടന്ന പൈശാചിക പീഡനം ഒറ്റപ്പെട്ട സംഭവമല്ല. സിപിഎം പിന്തുടരുന്ന പൊതുനയത്തിന്റെ ഭാഗമാണത്. അവരുടെ ജീനില്‍ അന്തര്‍ലീനമായിരിക്കുന്ന വെറുപ്പിന്റെയും വിദ്വേഷത്തിന്റെ പ്രകടനമാണത്.
ആക്രമണ പരിസരത്തിന്റെ കാര്യത്തിലും ആക്രമണ രീതിയിലും ഇരയെ തെരെഞ്ഞെടുത്തതിലും പാര്‍ട്ടി ഗ്രാമങ്ങളിലെ പദ്ധതികളില്‍ കാണുന്ന ജയരാജന്‍മാരെയോ കുഞ്ഞനന്തനെയൊ കൊടി സുനിയെയോ പ്രത്യക്ഷത്തില്‍ കാണുന്നില്ലെങ്കിലും, ഇതൊരു വെര്‍ച്ച്വല്‍ തുടര്‍ച്ചയാണ്. പി.പി.ദിവ്യയെപോലെ രാഹുല്‍ രാജും വീഡിയോ പകര്‍ത്തി വിതരണം ചെയ്തത് ആകസ്മികമല്ല. അല്‍ഖ്വയ്ദയും ഐഎസുമൊക്കെ ഇരകളെ പീഡിപ്പിച്ച് വീഡിയോ ഷെയര്‍ ചെയ്യുന്നത് ശത്രുവിനെ ഭയപ്പെടുത്തി മാസികമായി തകര്‍ക്കുക എന്ന ലക്ഷൃത്തോടെയാണല്ലോ. ഇവിടെയും ഒറ്റ ലക്ഷ്യമേയുള്ളൂ, ഭയപ്പെടുത്തുക, കീഴ്പ്പെടുത്തുക, അടിമകളാക്കുക.
കോട്ടയം പോലെ ഒരു നഗരത്തില്‍ വാളും കത്തിയും എടുക്കുന്നതിന് ചില പരിമിതികളുണ്ട്. ആ പരിമിതികളെ മറികടക്കാന്‍ രാഷ്ട്രീയ പിന്‍ബലത്തില്‍ നടത്തുന്ന ക്രൂരതയ്ക്ക് റാഗിങ് എന്ന പേരിട്ട് ലളിതവത്ക്കരിക്കാന്‍ കേരള സമൂഹം അനുവദിക്കരുത്.
ഒഞ്ചിയത്ത് അത് അന്‍പത്തിയൊന്ന് വെട്ടെങ്കില്‍, കണ്ണൂരില്‍ പി.പി.ദിവ്യ നടപ്പിലാക്കിയത് ഒരു എഡിഎമ്മിന്റെ കുരുതിയാണ്. വയനാട്ടില്‍ പൂക്കോട്ട് വെറ്റിനറി കോളജിലെ സിദ്ധാര്‍ത്ഥിന്റെ അറുകൊലയാണ്. തിരുവനന്തപുരത്ത് പൊതുഗതാഗതം തടഞ്ഞ് ആര്യ രാജേന്ദ്രന് നടത്തിയ മിന്നല്‍ പ്രകടനമാണ്. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ ഇടിമുറിയില്‍ സ്വന്തം സഖാവിന്റെ നെഞ്ചത്ത് കത്തി താഴ്ത്തി ശിവരഞ്ജിത്ത് നടത്തിയ ഫോട്ടോ ഷൂട്ടാണ്. കോട്ടയം നേഴ്സിങ് കോളജില്‍ യുദ്ധത്തടവുകാരെ പോലെ സ്വന്തം ജൂനിയേഴ്സിനെ ഇഞ്ചിഞ്ചായി പീഡിപ്പിച്ചതും ഇതില്‍നിന്ന് വ്യത്യസ്തമല്ല.
ഈ ആക്രമണങ്ങള്‍ക്കെതിരെ നിശബ്ദത പാലിക്കുന്ന ഇടതു ബുദ്ധിജീവികളും ഒരുകാലത്ത് പ്രൊഫഷണല്‍ കോളജുകളില്‍ കടന്നു കയറാന്‍ റാഗിങ് വിരുദ്ധ ക്യാംപയിന് നേത്യത്വം കൊടുത്ത സുരേഷ് കുറുപ്പിനെപ്പോലെയുള്ള നേതാക്കളുടെ നിശബ്ദതയും ഒന്നുറപ്പിക്കുന്നു. സഖാക്കളുടെ അമിതാധികരെത്തെ ചോദ്യം ചെയ്യാതെ അടിമകളായി ജിവിക്കുക.
യൂണിവേഴ്സിറ്റിയിലായാലും കോളജിലായാലും സര്‍ക്കാര്‍ ഓഫീസിലായാലും കമ്പോളത്തിലായാലുംതെരുവിലായാലും റോഡിലായാലും ജനങ്ങള്‍ അടിമകളായി ജീവിച്ച് കൊള്ളണം. ഗവര്‍ണര്‍ ആരീഫ് മുഹമ്മദ് ഖാന്റെ കാറ് അടിച്ചുപൊളിക്കാന്‍ പീറപിള്ളേരെ വിട്ട പാര്‍ട്ടി ജുഗുപ്സവഹമായ ലൈംഗീക ഭ്രാന്തിനും ആക്രമണത്തിനും അരാജകത്വത്തിനും
കോളേജുകളെ പരിക്ഷണശാലയായി ഉപയോഗിച്ച് കൊണ്ടേയിരിക്കും.
കൈയും കാലും കെട്ടി കത്തിമുനയില്‍ വിദ്യാര്‍ത്ഥികളെ പൂര്‍ണ്ണ നഗ്നരാക്കി, കത്തിയും കല്ലും കൊണ്ട് ശരീരം മുഴുവന്‍ ഷൗരം ചെയ്തത്, മുലക്കണ്ണില്‍ ക്ലിപ്പിട്ട് വലിച്ചു കെട്ടി, ജനനേന്ദ്രിയങ്ങളില്‍ ഡംബല്‍ തൂക്കി, ലിംഗത്തിന്റെ അഗ്രചര്‍മ്മങ്ങളിലും സുഷിരങ്ങളിലും ഫെവിക്കോള്‍ ഒഴിച്ച്, പൊക്കിളിനു ചുറ്റും ഡിവൈഡര്‍ കൊണ്ട് വൃത്തംവരച്ച്, ശരീരം മുഴുവന്‍ മൃഗീയമായി കുത്തിപ്പറിക്കുന്ന അതിലെ മൃഗീയ ലൈംഗികതയും ക്രൂരതയും അര്‍മാദിച്ച് ആസ്വദിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നത് റാഗിങ്ങെന്ന് ലളിതവല്‍ക്കരിക്കുന്നത് രാഷ്ട്രീയമാണ്.
സസ്പെന്ഷന് പോലെയുള്ള മൃദു നടപടികള്‍ സ്വീകരിച്ച് പ്രതികളെയും പ്രിന്‍സിപ്പാളിനേയും ഹോസ്റ്റല്‍ വാര്‍ഡനേയും പൊതിഞ്ഞുപിടിച്ച് സംരക്ഷിക്കുന്നത് ക്രിമിനല്‍ രാഷ്ട്രീയമാണ്.
ആണ്‍കുട്ടികള്‍ ആയതുകൊണ്ടുമാത്രം അവര്‍ നേരിട്ട ലൈംഗിക ആക്രമണങ്ങള്‍, അധിക്ഷേപങ്ങള്‍, സംഘടിതമായ പീഡനങ്ങള്‍ തുടങ്ങിയവയെ നിസ്സാരവത്ക്കരുത്. കൗമാരക്കാരയ ഇരകളില്‍ ഏല്‍പ്പിച്ച മാനസിക ആഘാതം ശരീരിക പീഡനങ്ങളെക്കാള്‍ ഭയാനകമാണ്. മനസ്സും ശരീരവും രൂപപ്പെടുന്ന പ്രായത്തില്‍ അവര്‍ക്കേറ്റ പീഡനം ലോലവും മൃദുവുമായ മനസ്സിന് ഏല്‍പ്പിച്ച മുറിവും ആഘാതവും അപകര്‍ഷതാബോധത്താല്‍ ആത്മവിശ്വാസം നഷ്ടപ്പെട്ട് ഭീതിയുടെയും നിരാശയുടെയും വഴിയിലേക്ക് അവരെ വീഴ്ത്തിയേക്കാം. ഉന്മാദത്തിലേക്കോ അതിവിഷാദത്തിലേക്കോ മനുഷ്യ മനസ്സ് വീഴാന്‍ പ്രത്യേക മാനസിക സമര്‍ദ്ദ നിരക്കൊന്നും വൈദ്യശാസ്ത്രം നിശ്ചയിച്ചിട്ടില്ലല്ലോ.
പീഡനത്തിനും അതിനെ തുടര്‍ന്നുണ്ടാവുന്ന മാനസിക വെല്ലുവിളികള്‍ക്കും ഇരകള്‍ നല്‍കേണ്ടി വരുന്നത് വില ചിലപ്പോള്‍ ജീവിതം തന്നെയാകും. പീഡിപ്പിച്ച്, അപമാനിച്ച് ഇരയുടെ വ്യക്തിത്വത്തേയും സ്വതന്ത്ര്യത്തേയും ആത്മാഭിമാനത്തേയും ചോര്‍ത്തി വെറും ചണ്ടിയാക്കി നീറുന്ന പകനിറച്ച് പുറത്തേക്കെറിയാന്‍ ഇരകള്‍ എന്ത് തെറ്റ് ചെയ്തു? ആണിനും പെണ്ണിനും തുല്യനീതിയും ലൈംഗിക നിഷ്പക്ഷതയും കൊട്ടിഘോഷിക്കുന്ന നാട്ടില്‍, ആഗോള സര്‍വ്വകലശാലകള്‍ക്കും സ്വകാര്യ സര്‍വ്വകാലശാലകള്‍ക്കും വേണ്ടി പരവതാനി വിരിക്കുന്ന നാട്ടില്‍ ഇരകള്‍ക്കും നീതി കിട്ടണം.
ഏതാനും വര്‍ഷം മുന്‍പ് കോട്ടയം സ്കൂള്‍ ഓഫ് മെഡിക്കല്‍ എഡുക്കേഷനില്‍ നടന്ന ഒരു സംഭവത്തില്‍ ഇര പെണ്‍കുട്ടി ആയതുകൊണ്ട് പ്രതികള്‍ക്ക് പത്ത് വര്‍ഷം കഠിനതടവ് ലഭിച്ചു. ഇരകള്‍ ആണ്‍കുട്ടികള്‍ ആയതുകൊണ്ട് പ്രതികള്‍ രക്ഷപെട്ടു കൂടാ.
ഭാരതീയ ന്യായ സംഹിതയില്‍ പുരുഷ പീഡനത്തെക്കുറിച്ചുള്ള പരാമര്‍ശം വിട്ടുപോയിട്ടുണ്ടങ്കില്‍ ഒരു പരിഷ്കൃത സമൂഹം എന്ന നിലയില്‍ അത് ഉള്‍പ്പെടുത്താനും, ഇന്ത്യന്‍ പീനല്‍ കോഡിലുണ്ടായിരുന്ന സെക്ഷന്‍ 377 കൂട്ടി ചേര്‍ക്കാനും മുന്‍കാല പ്രബല്യത്തോടെ നടപ്പിലാക്കാനും ശബ്ദം ഉയരണം.
കോട്ടയം നേഴ്സിങ് കോളജില്‍ യുദ്ധക്കുറ്റവാളികളെ പോലെ മൂന്ന് മാസമായി ഇരകള്‍ പീഡനത്തിന് വിധേയമാവുകയായിരുന്നു. അടുത്ത കാലത്ത് ആഗോളതലത്തില്‍ സിറിയയുടെയും ഹമാസിന്റെയും പുരുഷ യുദ്ധത്തടവുകാര്‍ നേരിട്ട പീഡനം ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഈ തടവുകാരെ വിവസ്ത്രരാക്കി, കുത്തിനിര്‍ത്തിയ ഒഴിഞ്ഞ മദ്യകുപ്പിയിലിരുത്തിയും, ജനനേന്ദിയത്തില്‍ വാട്ടര്‍ബാഗ് തൂക്കി നടത്തിച്ചും, നായ്ക്കളെ പോലെ കെട്ടിയിട്ട് ക്രൂരമായ ലൈംഗിക വൈകൃതങ്ങള്‍ക്ക് ഇരയാക്കി പീഡിപ്പിച്ചതായും പരാതി ഉയര്‍ന്നിരുന്നു.
ഈ പ്രശ്നത്തില്‍ ഇടപെട്ട അന്തരാഷ്ട്ര ക്രിമിനല്‍ കോടതി പറഞ്ഞത് ഇത് ബലത്സംഗമായി കാണണം എന്നാണ്. പരമ്പരാഗതമായി അംഗീകരിച്ച ബലാത്സംഗത്തിന്റെ നിര്‍വചനം കാലഹരണപ്പെട്ടതും (പെനട്രേഷന്‍ തിയറി) പുരോഗമനപരവും സ്വതന്ത്രവുമായ സാമൂഹിക ഘടനയ്ക്ക് യോജിക്കാത്തതുമാണ്. സ്വന്തം കുടുംബാംഗങ്ങളുടെയോ സമൂഹത്തിന്റെയോ മുന്പില് വിവസ്ത്രനാക്കുന്നത്, ലൈംഗിക അവയവത്തെ വേദനിപ്പിക്കുന്നത് ബലാത്സംഗത്തിന്റെ നിര്‍വചനത്തില്‍ ഉള്‍പ്പെടുത്തണം എന്നാണ് അന്തരാഷ്ട്ര ക്രിമിനല്‍ കോടതി നിരീക്ഷിച്ചത്.
ഇവിടെ യുദ്ധതടവുകാര്‍ക്ക് സമാനമായ പീഡനമാണ് കൗമാരക്കാരയ ഇരകള്‍ നേരിട്ടത്. ഹോസ്റ്റലിലെയും കോളേജിലേയും രാഷ്ട്രീയ മേല്ക്കോയ്മയ്ക്കു വേണ്ടി ബലാത്സംഗം ചെയ്യപ്പെട്ടവരാണ് ഇവിടുത്തെ ഇരകള്‍. ആണ്‍കുട്ടികള്‍ ആയതുകൊണ്ട് മാത്രം നിയമപരമായി നിര്‍വചനത്തിന് പുറത്താണങ്കിലും പ്രയോഗികമായി ബലാത്സംഗത്തിന്റെ എല്ലാ പീഡനങ്ങളും അവര്‍ അനുഭവിച്ചു. സുരക്ഷാ ഗാര്‍ഡും വാര്‍ഡനും പ്രിന്‍സിപ്പാളും ഈ ക്രൂരതയ്ക്ക് കുടപിടിച്ചു. ഏതാനും മാസത്തെ താല്കാലിക സസ്പെന്‍ഷനില്‍ ഒതുക്കിനിര്‍ത്തേണ്ട കറ്റകൃത്യമല്ല അവര്‍ ചെയ്തത്. ഈ കൊടുംക്രൂരതയ്ക്ക് സാഹചര്യവും സൗകര്യവും സൃഷ്ടിച്ചത് അവരുടെ ബോധപൂര്‍വ്വമായ നിസ്സംഗതയാണ്. നിരുത്തരവാദിത്വമാണ്. ഇവിടെ നടന്ന ക്രൂരതയെ റാഗിങ് എന്ന പേരില്‍ ലഘൂകരിക്കുന്നത് അധികാരം ഉപയോഗിച്ചുള്ള ക്രിമിനല്‍വല്‍ക്കരണമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: