ഓണാട്ടുകരയുടെ പരദേവതയായ ചെട്ടികുളങ്ങര ഭഗവതിയുടെ ജന്മദിനമായ മറ്റാരു കുംഭഭരണി അടുത്തുവരുന്ന സമയത്ത് ചെട്ടികുളങ്ങര ഭഗവതിയുടെ തിരുമുറ്റത്തെത്തുന്ന കെട്ടുകാഴ്‌ച്ചകള്‍ നിര്‍മ്മിക്കുന്ന ഓണാട്ടുകരയുടെ വാഴ്‌ത്തപ്പെടാത്ത നായകന്മാരായ ദേവശില്‍പ്പികളെ പരിചയപ്പെടേണ്ടതുണ്ട്
കുത്തിയോട്ടം എന്ന അനുഷ്ഠാന കലയിലൂടെ പ്രശസ്തിയിലേക്കുയര്‍ന്ന് ലോകത്തിലെ ഏറ്റവും വലിപ്പമേറിയതും മനോഹരവുമായ 13 കെട്ടുകാഴ്‌ച്ചകളിലൂടെ ഐക്യരാഷ്‌ട്രസഭയുടെ സാംസ്‌കാരിക പട്ടികയില്‍ ഇടം പിടിച്ച കുംഭഭരണി കെട്ടുകാഴ്‌ച്ചകള്‍ വഴി ചെട്ടികുളങ്ങര ഭഗവതിക്ഷേത്രവും ഭഗവതിയുടെ 13 കരകളും ലോക പ്രശസ്തമായിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു. എന്നാല്‍ ക്ഷേത്രം ഉണ്ടായ കാലം മുതല്‍ ഇവിടെ ഭരണി നാളില്‍ എത്തുന്ന അതിമനോഹരവും എതിരാളികള്‍ ഇല്ലാത്തതും അംബരചുംബികളുമായ കെട്ടുകാഴ്‌ച്ചകളും, മീനഭരണി നാളില്‍ ക്ഷേത്രസന്നിധിയില്‍ എത്തുന്ന മനോഹരങ്ങളായ നൂറുകണക്കിന് ചെറുകെട്ടുകാഴ്‌ച്ചകളും തലമുറകളായി പണിയുന്ന ദേവശില്‍പ്പികളെ മാധ്യമങ്ങളും ചരിത്രകാന്‍മാരും അവഗണിക്കുകയാണ് പതിവ്.
ഓണാട്ടുകരയുടെ പരദേവതയായ ചെട്ടികുളങ്ങര ഭഗവതിയുടെ ജന്മദിനമായ മറ്റാരു കുംഭഭരണി അടുത്തുവരുന്ന സമയത്ത് ചെട്ടികുളങ്ങര ഭഗവതിയുടെ തിരുമുറ്റത്തെത്തുന്ന കെട്ടുകാഴ്‌ച്ചകള്‍ നിര്‍മ്മിക്കുന്ന ഓണാട്ടുകരയുടെ വാഴ്‌ത്തപ്പെടാത്ത നായകന്മാരായ ദേവശില്‍പ്പികളെ പരിചയപ്പെടുത്തേണ്ടതുണ്ട്.
ആദ്യ കരയായ ഈരേഴ തെക്ക് കരയുടെ പാവകള്‍ നൃത്തംവയ്‌ക്കുന്ന കൂറ്റന്‍ കുതിര ഒരുക്കുന്നത് പറയാട്ട് കിഴക്കേതില്‍ ഗോപാലകൃഷ്ണന്‍ ആചാരിയാണ്. പതിനേഴാം വയസ്സില്‍ പിതാവ് ദാമോദരന്‍ ആചാരിക്കൊപ്പം കെട്ടുകാഴ്‌ച്ച പണിതു തുടങ്ങിയതാണ് ഗോപാലകൃഷ്ണന്‍. സഹായികളായി സഹോദരന്മാരായ ഓമനകുട്ടന്‍ ആചാരിയും വിജയന്‍ ആചാരിയും തന്റെ ഒപ്പം കെട്ടുകാഴ്‌ച്ച പണിത പങ്കജാക്ഷന്‍ ആചാരിയുടെ മകന്‍ മനു ആചാരിയുമുണ്ട്. കെട്ടുകാഴ്‌ച്ച നിര്‍മ്മാണത്തിന്റെ എല്ലാ വിദ്യകളും ഗോപാലകൃഷ്ണന്‍ ഇവരെ പഠിപ്പിക്കുന്നുണ്ട്.
രണ്ടാം കരയായ ഈരേഴ വടക്കിന്റെ കൂറ്റന്‍ കുതിര ഒരുക്കുന്നത് മുട്ടാണി വടക്കതില്‍ അശോക് കുമാറാണ്, ഏഴാം വയസ്സില്‍ മുത്തച്ഛന്‍ മാധവന്‍ ആചാരിയില്‍ നിന്ന് തച്ചുശാസ്ത്രം പഠിച്ചു തുടങ്ങിയ അശോക് കുമാര്‍ തന്റെ മകനായ അഖില്‍ അശോക്‌നെ കെട്ടുകാഴ്‌ച്ചാ നിര്‍മ്മാണവും തച്ചു ശാസ്ത്രവും പഠിപ്പിക്കുന്നു.
മൂന്നാം കരയായ കൈത തെക്ക് കരയുടെ കുതിര ഒരുക്കുന്നത് തൂവന്‍പള്ളില്‍ തറയില്‍ വിജയന്‍ ആചാരിയാണ്. പിതാവ് നാണു ആചാരിക്കൊപ്പം പത്താം വയസ്സുമുതല്‍ കെട്ടുകാഴ്‌ച്ച
നിര്‍മ്മിക്കാന്‍ ഇദ്ദേഹം പോയിതുടങ്ങിയതാണ്, സഹായികളായി അനുജന്‍ ശശ്ശിധരന്‍ ആചാരിയും അമ്മാവന്റെ മകന്‍ സോമനാഥന്‍ ആചാരിയുമുണ്ട്, അനുജന്‍ ശശിധരന് കെട്ടുകാഴ്‌ച്ചാ നിര്‍മാണത്തിന്റെ കണക്കുകള്‍ പകര്‍ന്നു നല്‍കുകയാണ് വിജയന്‍ ആചാരി.
നാലാം കരയായ കൈത വടക്ക് കരയുടെ മനോഹരവും ഉയരം കൂടിയതുമായ കുതിര അണിയിച്ചാരുക്കുന്നത് മുട്ടാണി വടക്കതില്‍ ഹരികൃഷ്ണനാണ്. മറ്റു കരകളിലെ അടക്കം പല കെട്ടുകാഴ്‌ച്ചകള്‍ക്കും ശില്‍പ്പിയായ അമ്മാവന്‍ മുട്ടാണി വടക്കതില്‍ അശോകനൊപ്പം പതിനാറാം വയസ്സിലാണ് ഹരികൃഷ്ണന്‍ കെട്ടുകാഴ്‌ച്ചാ നിര്‍മ്മാണരംഗത്ത് ആദ്യമായി എത്തുന്നത്. സഹായികളായി പ്രവര്‍ത്തിക്കുന്ന അഭിലാഷ്, രഞ്ചിത്ത്, അനില്‍ എന്നിവര്‍ക്ക് ഹരികൃഷ്ണന്‍ കെട്ടുകാഴ്‌ച്ചാ നിര്‍മ്മാണത്തിന്റെ തച്ചുശാസ്ത്രം പഠിപ്പിക്കുന്നുണ്ട്.
അഞ്ചാം കരയായ കണ്ണമംഗലം തെക്ക് കരയുടെ മനോഹരമായ തേര് നിര്‍മ്മിക്കുന്നത് തങ്ങളുടെ പൂര്‍വികരുടെ പാത പിന്‍ന്തുടര്‍ന്നുകൊണ്ട് സഹോദരങ്ങങ്ങളായ ആശാന്റെ അയ്യത്ത് വടക്കതില്‍ വിഷ്ണു ആചാരി, അനു ആചാരി എന്നിവരാണ്. പത്താം വയസ്സു മുതല്‍ പിതാവ് ചന്ദ്രന്‍ ആചാരി ഇവരെ തച്ചുശാസ്ത്രം പഠിപ്പിച്ചു തുടങ്ങിയതാണ്. പിതാവിന്റെ മരണശേഷം കണ്ണമംഗലം തെക്ക് കരയുടെ തേര് നിര്‍മ്മാണം ഈ സഹോദരങ്ങള്‍ ഏറ്റെടുത്തു. ഒന്നാം ക്ലാസില്‍ പഠിക്കുന്ന അനുവിന്റെ മകന്‍ ആദികേശവിനെ ഇവര്‍ തച്ചുശാസ്ത്രം പഠിപ്പിച്ചു തുടങ്ങികഴിഞ്ഞു.
ആറാം കരയായ കണ്ണമംഗലം വടക്കിന്റെ കുതിരയുടെ ഇന്നത്തെ ശില്‍പ്പി പുല്ലം പള്ളി കിഴക്കതില്‍ ബിനുവാണ്. തന്റെ മുത്തച്ഛന്‍ കുഞ്ചു ആചാരിക്കൊപ്പം പത്താം വയസ്സിലാണ് ബിനു ഈ രംഗത്തേക്ക് എത്തിയത്. ചെട്ടികുളങ്ങര ഭഗവതിയുടെ തിരുവാഭരണപ്പെട്ടി പണിതത് ബിനുവാണ്. ശബരിമല കൊടിമര നിര്‍മ്മാണത്തിലും പങ്കാളിയായി.
കെട്ടുകാഴ്‌ച്ചാ നിര്‍മ്മാണത്തില്‍ സുനീഷ് പത്തിയൂര്‍, സന്തോഷ് പത്തിയൂര്‍, അരുണ്‍രാജ് എന്നിവരാണ് സഹായികള്‍. മകന്‍ ആദര്‍ശ് ആചാര്യക്ക് കെട്ടുകാഴ്‌ച്ചാ നിര്‍മ്മാണത്തിന്റെ ബാലപാഠങ്ങള്‍ ബിനു പഠിപ്പിച്ചു തുടങ്ങി.
ഏഴാമത് കരയായ പേളയുടെ ഭീമാകാരമായ കുതിര ഇന്ന് ഒരുക്കുന്നത് വലിയ വീട്ടില്‍ തെക്കതില്‍ രതീഷാണ്. പാരമ്പര്യമായി പേളയുടെ കുതിരയും ചെട്ടികുളങ്ങര ഭഗവതിയുടെ ജീവതയും ഒരുക്കിവന്ന പ്രശസ്തമായ ചെമ്പോലില്‍ ആശാരിമാരുടെ പരമ്പരയില്‍പ്പെട്ട ദിലീപിന്റെ അപ്രതീക്ഷിതമായ വേര്‍പാടിനെതുടര്‍ന്നാണ് അമ്മൂമ്മയുടെ കുടുംബത്തില്‍ പ്പെട്ട രതീഷ് ഈ ചുമതല ഏറ്റത്, പിതാവ് രാധാകൃഷ്ണന്‍ ആചാരിക്കാപ്പം തന്റെ പത്താം വയസ്സിലാണ് രതീഷ് കെട്ടുകാഴ്‌ച്ചാ നിര്‍മ്മാണം പഠിച്ചുതുടങ്ങിയത്. ഈരേഴ വടക്ക്, കൈത വടക്ക്, നടയ്‌ക്കാവ് കരകളുടെ കെട്ടുകാഴ്‌ച്ചകള്‍ പുന്നര്‍ നിര്‍മ്മിച്ചപോള്‍ അവയുടെ പ്രധാന ശില്‍പ്പികള്‍ക്കൊപ്പം പ്രവര്‍ത്തിച്ച അനുഭവസമ്പത്തും രതീഷിനുണ്ട്.
പിതാവ് രാധാകൃഷണന്‍ ആചാരി, അനൂപ്, രാജീവ്, സുരേഷ്, ചെല്ലപ്പന്‍ ആചാരി, കൃഷ്ണന്‍ കുട്ടി, സന്തോഷ്, ശ്യാം, നിതേഷ്, രാജീവ് പള്ളിപ്പാട് എന്നിവരടങ്ങുന്ന സംഘമാണ് ഇന്ന് പേള കരയുടെ കെട്ടുകാഴ്‌ച്ചയ്‌ക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. അവിവാഹിതനായ രതീഷ് തന്റെയൊപ്പമുള്ളവരെ പിന്‍ഗാമികളായി കണ്ടുകൊണ്ട് അവരെ കെട്ടുകാഴ്‌ച്ചാ നിര്‍മ്മാണത്തിന്റെ തച്ചുശാസ്ത്രം പഠിപ്പിക്കുന്നു.
എട്ടാം കരയായ കടവുരിന്റെ തേര് നിര്‍മ്മിക്കുന്നത് മുട്ടാണി വടക്കതില്‍ അശോക് കുമാറിന്റെ കണക്കുകള്‍ പ്രകാരം ശിഷ്യരാണ് ചെട്ടികുളങ്ങര ഭഗവതി കരിപ്പുഴ തോട് കടത്തിയ ഈനാശു മാപ്പിളയ്‌ക്കൊപ്പം എത്തി വിശ്രമിച്ച, ഇന്നു ദേവിയുടെ മൂലസ്ഥാന ക്ഷേത്രമായ പുതുശ്ശേരി അമ്പലം സ്ഥിതിചെയ്യുന്ന ദേവിയുടെ ഒന്‍പതാം കരയായ ആഞ്ഞിലിപ്രാ കരയുടെ തേരാണ് വലുപ്പത്തില്‍ തേരുകളുടെ കൂട്ടത്തില്‍ മുന്നില്‍. 40 വര്‍ഷങ്ങളായി ഈ കെട്ടുകാഴ്‌ച്ചയുടെ ശില്‍പ്പി ആഞ്ഞിലിപ്ര ആശാരിപറമ്പില്‍ വേണുഗോപാല്‍ ആചാരിയാണ്. തിരുവിതാംകൂര്‍ പോലീസ് സര്‍വീസില്‍ കോണ്‍സ്റ്റബിളായി സര്‍ക്കാര്‍ സര്‍വീസില്‍ കയറി കേരളാ പോലീസില്‍ ഹെഡ് കോണ്‍സ്റ്റബിളായി വിരമിച്ച തന്റെ പിതാവ് പരമേശ്വരന്‍ ആചാരിയില്‍ നിന്നാണ് വേണുഗോപാല്‍ അഞ്ചാം വയസ്സുമുതല്‍ തച്ചുശാസ്ത്രം പഠിച്ചു തുടങ്ങിയത്. പോലീസ് സര്‍വീസിലുള്ള കാലത്തുപോലും അവധി ദിവസങ്ങളില്‍ അഭിമാനത്തോടെ തന്റെ കുലത്തൊഴില്‍ ചെയ്തിരുന്ന പരമേശ്വരന്‍ ആചാരി എല്ലാ കുംഭഭരണി കാലത്തും അവധിയെടുത്ത് തേരുകെട്ടിന് നേതൃത്വം നല്‍കിയിരുന്നു. തന്റെ മൂന്ന് ആണ്‍മക്കളായ വേണുഗോപാല്‍, രാജേഷ് കുമാര്‍, രാജീവ് എന്നിവരെ തച്ചുശാസ്ത്രം പഠിപ്പിക്കുകയും വിരമിച്ചതിനു ശേഷം ഒരു മടിയും കൂടാതെ തച്ചു ശാസ്ത്രത്തിലേക്ക് തിരിച്ചു പോവുകയും ചെയ്തയാളാണ് വേണുഗോപാലിന്റെ പിതാവ്. ഈ പാത പിന്തുടര്‍ന്ന് മകന്‍ വേണുഗോപാല്‍ തന്റെ മകനായ വിഷ്ണു കര്‍മ്മയെ കുട്ടി കാലത്തു തന്നെ തച്ചുശാസ്ത്രവും കെട്ടുകാഴ്‌ച്ചാ നിര്‍മ്മാണവും പഠിപ്പിച്ചു തുടങ്ങി. പോളിടെക്‌നിക്ക് ഡിപ്ലോമ നേടിയ ശേഷം ചിത്രകലയിലും ഡിപ്ലോമ നേടിയ ചിത്രകലാ അദ്ധ്യാപകന്‍ കൂടിയായ വിഷ്ണുകര്‍മ തന്റെ പിതാവിനെ ജോലിയില്‍ സഹായിക്കുന്നതുകൂടാതെ ആഞ്ഞിലിപ്രാ കരയുടെ തേരുനിര്‍മ്മാണത്തിലും പിതാവിനൊപ്പമുണ്ട്. കുംഭഭരണി കാലത്ത് വേണുവിന്റെ വിദേശത്തുള്ള സഹോദരന്‍മാരായ രാജേഷും രാജീവും അവധിയെടുത്ത് സഹോദരനൊപ്പം ചേരും.
മറ്റു കരകളില്‍ നിന്നും വ്യത്യസ്തമായി ദേവിയുടെ പത്താം കരയായ മറ്റം വടക്കും പതിനൊന്നാം കരയായ മറ്റം തെക്കും ആഞ്ഞിലിത്തടിയില്‍ തീര്‍ത്ത കരുത്തിന്റെ പ്രതീകമായ വായു പുത്രന്‍മാരായ ഭീമസേനന്റേയും ശ്രീരാമദാസനായ ജ്യേഷ്ഠന്‍ ആഞ്ജനേയ സ്വാമിയുടേയും കൂറ്റന്‍ ശില്‍പ്പങ്ങളാണ് ഒരുക്കുക.
മറ്റം വടക്ക് കരയുടെ ഭീമസേനന്റെ ജീവന്‍ തുടിക്കുന്ന ശില്‍പ്പം ഇന്ന് ഒരുക്കുന്നത് പുളിമൂട്ടില്‍ ജയചന്ദ്രന്‍ ആശാരിയാണ്. പത്താം വയസ്സില്‍ പിതാവ് ചെല്ലപ്പന്‍ ആശാരിക്കൊപ്പം കുലത്തൊഴില്‍ ആരംഭിച്ച ജയചന്ദ്രന്‍ ആശാരി പതിനെട്ടാം വയസ്സിലാണ് ഭീമസേനന്റെ ശില്‍പ്പത്തിന്റെ കണക്കുകള്‍ പഠിച്ചത്. തനിക്ക് മൂന്നു പെണ്‍മക്കളായതു കാരണം പിന്‍ഗാമിയെ തേടുകയാണ് ഈ ശില്‍പ്പി.
പതിനൊന്നാം കരയായ മറ്റം തെക്കിന്റെ രാമരാവണ യുദ്ധസമയത്തെ ഗൗരവഭാവത്തിലുള്ള ഹനുമാന്‍ സ്വാമിയുടെ പടുകൂറ്റന്‍ ശില്‍പ്പവും മുന്നിലുള്ള ചെറു സ്ത്രീരൂപവും ഇന്ന് ഒരുക്കുന്നത് തലമുറകള്‍ കൈമാറി വന്ന ഹനുമാന്‍ സ്വാമിയുടെ ശില്‍പ്പത്തിന്റെ കണക്കുകള്‍ കൈവശമുള്ള പുളിവേലില്‍ വിജയകുമാറും സഹായി ഉപേന്ദ്രനും ചേര്‍ന്നാണ്. പതിറ്റാണ്ടുകള്‍ക്കുമുന്‍പ് തന്റെ പൂര്‍വികര്‍ പണിത ഹനുമാന്‍ സ്വാമിയുടെ ശരിരസാണ് ഇന്നും ഒരു കേടും കൂടാതെ കെട്ടുകാഴ്‌ച്ചക്ക് ഉപയോഗിക്കുന്നതെന്ന് വിജയകുമാര്‍ അഭിമാനത്തോടെ പറയുന്നു. സഹായി ഉപേന്ദ്രന് കെട്ടുകാഴ്‌ച്ചയുടെ കണക്കുകള്‍ വിജയകുമാര്‍ പഠിപ്പിച്ചു കഴിഞ്ഞു.
പന്ത്രണ്ടാം കരയായ മേനാംപള്ളിയുടെ അല്‍പ്പം ചെറുതെങ്കിലും അതിമനോഹരമായ തേര് ഒരുക്കുന്നത് കഴിഞ്ഞ 50 വര്‍ഷമായി വലിയ അയ്യത്ത് കിഴക്കതില്‍ വിജയകുമാറിന്റെ നേതൃത്വത്തിലാണ്. ഒപ്പം സഹോദരങ്ങളായ സുരേന്ദ്രനും രാജീവനും സഹായി സുകുമാരനുമുണ്ട്. പിതാവ് അര്‍ജ്ജുനന്‍ ആചാരിയില്‍ നിന്നാണ് വിജയകുമാര്‍ തച്ചുശാസ്ത്രവും കെട്ടുകാഴ്‌ച്ചാ നിര്‍മ്മാണവും പഠിച്ചത്. സഹായി സുകുമാരനെ കെട്ടുകാഴ്‌ച്ച നിര്‍മ്മാണത്തിന്റെ കണക്കുകള്‍ പഠിപ്പിക്കുന്നു.
പതിമൂന്നാം കരയായ നടയ്‌ക്കാവ് കരയുടെ മനോഹരമായ കുതിര ഇന്ന് കെട്ടുന്നത് അന്തരിച്ച ചെമ്പോലില്‍ ദിലീപ് പുനര്‍ നിര്‍മ്മിച്ച ചട്ടത്തില്‍ മാരൂര്‍ പുത്തന്‍ വീട്ടില്‍ രാജന്‍ ആശാരിയാണ്. മേനാംപള്ളിയില്‍ കുതിരകെട്ടാനുള്ള പാരമ്പര്യ അവകാശം ലഭിച്ച കുടുംബത്തിലെ അംഗമായ അമ്മാവന്‍ കണ്ണംകര പരമേശ്വരന്‍ ആചാരിക്കൊപ്പം പതിനഞ്ചാം വയസ്സില്‍ കെട്ടുകാഴ്‌ച്ചാ നിര്‍മ്മാണരംഗത്ത് എത്തിയതാണ് രാജന്‍ ആശാരി. സഹായികളായി അനുജന്‍ രാമഭദ്രനും അനന്തിരവന്‍ കൊച്ചുമോനുമുണ്ട്. അനുജന്‍ രാമഭദ്രനെ പിന്‍ഗാമിയായി കണ്ട് കെട്ടുകാഴ്‌ച്ചാ നിര്‍മ്മാണത്തിന്റെ കണക്കുകള്‍ പഠിപ്പിക്കുന്നു.
ഭാരതീയ സംസ്‌കാരത്തിന്റെ തനിമവിളിച്ചോതുന്ന ഓരോ നിര്‍മ്മിതിയിലും തങ്ങളുടെ മുദ്ര പതിപ്പിച്ച വിഭാഗമാണ് വിശ്വകര്‍മ്മജര്‍, ഭാരതത്തിലെ ലോക ശ്രദ്ധ നേടിയ ഓരോ പൈതൃക നിര്‍മ്മിതിയിലും ശില്‍പ്പങ്ങളിലും ഭൂമിയിലെ ഈ ദേവശില്‍പ്പികളുടെ കൈയ്യാപ്പ് പതിഞ്ഞിട്ടുണ്ട്, എന്നാല്‍ കല്ലിലും, ലോഹത്തിലും, മരത്തിലും തങ്ങളുടെ പണിയായുധങ്ങള്‍ കൊണ്ട് കവിത രചിച്ച ഈ വിഭാഗത്തിന് ഇന്നും അര്‍ഹിക്കുന്ന അംഗീകാരം ലഭിച്ചിട്ടില്ല എന്നതാണ് സത്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: