”അടുത്തുനില്‍പ്പോരനുജനെ-
നോക്കാനക്ഷികളില്ലാത്തോ-
ര്‍ക്കരൂപനീശ്വരനദൃശ്യനാ-
യാലതിലെന്താശ്ചര്യം”?
മഹാകവി ഉള്ളൂര്‍. എസ്. പരമേശ്വരയ്യര്‍ ‘പ്രേമസംഗീത’ത്തില്‍ കാലങ്ങള്‍ക്ക് മുന്നേ എഴുതിയ ഈ വരികള്‍ക്കിന്ന് പ്രസക്തിയേറെയാണ്. അടുത്ത് നില്‍ക്കുന്നത് അനുജനോ, സുഹൃത്തോ ആരുതന്നെയാകട്ടെ അവര്‍ക്കുമേല്‍ കനിവിന്റെ കണ്ണുകള്‍ തുറക്കാന്‍ ഇന്നത്തെ തലമുറ മറന്നുപോയിരിക്കുന്നു. കാലുഷ്യമടങ്ങാത്ത മനസ്സുള്ളവര്‍ കൊലപാതകികളാകുന്ന കാഴ്ച. സഹപാഠിയുടെ ജീവനെടുക്കുന്നതിന് ഗൂഢാലോചന നടത്താന്‍ തെല്ലും ഭയമില്ലാത്തവരായി വിദ്യാര്‍ത്ഥികള്‍ അധപ്പതിച്ചിരിക്കുന്നു. ജീവിതത്തിന്റെ സുവര്‍ണ കാലഘട്ടത്തിലേക്ക് കാലൂന്നും മുന്നേ ഇവരെ ആരാണ് അക്രമത്തിന്റെ വഴിയേ നടത്തുന്നത് എന്നതാണ് പ്രധാന ചോദ്യം.
അറിവിനൊപ്പം ആദരിക്കാനും ആഹ്ലാദിക്കാനും സ്‌നേഹിക്കാനും പഠിപ്പിക്കുന്ന ആലയങ്ങളായിരുന്നു വിദ്യാലയങ്ങള്‍ എങ്കില്‍ ഇപ്പോഴത് കലാപാലയങ്ങളായി മാറിയിരിക്കുന്നു. കോഴിക്കോട് എളേറ്റില്‍ എംജെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥി ഷഹബാസ് കൊല്ലപ്പെട്ടത് വിദ്യാര്‍ത്ഥി സംഘര്‍ഷത്തില്‍ ഗുരുതര പരിക്കേറ്റതിനെ തുടര്‍ന്നാണ്. സമപ്രായക്കാരാണ് കുറ്റവാളികള്‍. പത്താം ക്ലാസ് വിദ്യാര്‍ത്ഥികളുടെ ഫെയര്‍വെല്‍ പാര്‍ട്ടിക്കിടെയുണ്ടായ നിസ്സാരപ്രശ്‌നമാണ് പകയ്‌ക്ക് കാരണം.
കാസര്‍കോട്ടെ ഒരു വിദ്യാലയത്തില്‍ പത്താംക്ലാസുകാരുടെ യാത്രയയപ്പ് ആഘോഷത്തിനിടെ ലഹരിപ്പാര്‍ട്ടി നടത്തിയെന്നത് ഞെട്ടലോടെയല്ലാതെ കേള്‍ക്കാന്‍ സാധിക്കുമോ?. സംഘര്‍ഷം തടയാന്‍ ശ്രമിച്ചാലും ശത്രുവായി കരുതി പകവീട്ടുന്ന കാലം കൂടിയാണിത്. തിരുവനന്തപുരം ഇമ്മാനുവല്‍ കോളജ് വിദ്യാര്‍ത്ഥി എസ്.ആര്‍. ആഷിദ് ക്രൂരമര്‍ദ്ദനത്തിന് ഇരയായത് ഇരുവിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയപ്പോള്‍ പിടിച്ചുമാറ്റി എന്നതിന്റെ പേരിലാണ്.
ഇത്തരം സമീപകാല സംഭവങ്ങളിലൂടെ കണ്ണോടിക്കുമ്പോള്‍ നമ്മുടെ യുവതലമുറയ്‌ക്ക് എന്താണു സംഭവിക്കുന്നത് എന്ന് ആര്‍ക്കും സംശയം തോന്നും. കഴിഞ്ഞ ദിവസം വെഞ്ഞാറമൂട്ടില്‍ ആറു മണിക്കൂറിനുള്ളില്‍ അഞ്ചു കൊലപാതകങ്ങള്‍ നടത്തിയ ചെറുപ്പക്കാരന്റെ മനോനിലയേക്കുറിച്ചു ചിന്തിക്കുമ്പോള്‍ അതിശയം തോന്നുന്നു. ആയുസ്സിന്റെ ബലംകൊണ്ട് അമ്മ രക്ഷപ്പെട്ടതുകൊണ്ടു മാത്രമാണ് മരണം അഞ്ചില്‍ ഒതുങ്ങിയത്. അതു നടത്തിയത് 25 കിലോമീറ്ററിനുള്ളില്‍ പലയിടങ്ങളിലായിട്ട്. സാധാരണ മനുഷ്യന് ഇതു സാധ്യമല്ല. അതും 24 വയസു മാത്രം പ്രായമുള്ള ഒരാള്‍ക്ക്. ജീവിതം തുടങ്ങിയിട്ടേയുള്ളു. രക്ഷപ്പെട്ടു ചികിത്സയില്‍ കഴിയുന്ന അമ്മ പറയുന്നു, കട്ടിലില്‍ നിന്നു വീണാണു പരുക്കേറ്റതെന്ന്. പാവം അമ്മ. മകനില്‍ അപ്പോഴും സ്നേഹവും വാത്സല്യവും മാത്രം. മകന്‍ നേരെയാകും എന്ന ഉറച്ച വിശ്വാസം. മക്കളോടുള്ള സ്നേഹം നല്ലതുതന്നെ. പക്ഷേ, മേലുകീഴ് ചിന്തയില്ലാത്ത ഇത്തരം അമിത വിശ്വാസം നമ്മേ അപകടത്തിലേക്ക് നയിക്കുമെന്ന് തിരിച്ചറിയേണ്ട കാലം വളരെ വൈകി എന്ന കാര്യം ഈ സംഭവം ഓര്‍മിപ്പിക്കും. രാഷ്‌ട്രീയ സംഘര്‍ഷങ്ങളും റാഗിങ്ങും കാമ്പസ് ഏറ്റുമുട്ടലുകളും പ്രണയപ്പകയും ഒക്കെ കടന്ന് കൊലയും ചോരക്കളിയും കുടുംബങ്ങളിലേയ്‌ക്കും കടന്നു കഴിഞ്ഞു. ഇതിനു സാഹചര്യത്തിനൊപ്പം, മാനസികാവസ്ഥയ്‌ക്കും ലഹരിക്കും പങ്കുണ്ടായിരിക്കണം.
അഞ്ചുപേരെ കൊന്ന ആ മകന്‍ പെട്ടെന്നൊരു ദിവസം അങ്ങനെ ആയതായിരിക്കുമോ? ആയിരിക്കില്ല. മക്കളില്‍ ഉണ്ടാകുന്ന സ്വഭാവ മാറ്റങ്ങള്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കാതെ പോകുന്നു എന്നതാണ് പ്രശ്നം. ഇതു മറ്റുള്ളവരേക്കാള്‍ എളുപ്പത്തില്‍ മാതാപിതാക്കള്‍ക്ക് മനസിലാക്കാന്‍ സാധിക്കും. പക്ഷെ സ്നേഹക്കുടുതല്‍ കൊണ്ട്, വരാന്‍ പോകുന്ന ഭവിഷ്യത്തുകളെക്കുറിച്ച് ആലോചിക്കാതെ, എല്ലാം ശരിയാകും എന്ന് വിചാരിച്ചു മിണ്ടാതിരിക്കും. ചെറിയ തെറ്റുകള്‍ കാണുമ്പോള്‍ത്തന്നെ തിരുത്താനും ആവശ്യമെങ്കില്‍ മറ്റുള്ളവരുമായി പങ്കുവയ്‌ക്കാനും മിക്കവരും തയ്യാറാകില്ല. മറ്റുള്ളവര്‍ അറിഞ്ഞാല്‍ നാണക്കേടല്ലേ എന്ന് ചിന്തിക്കുന്നവരാണ് ഏറെയും. ഏറിയാല്‍ അവര്‍ മക്കളോട് പിണങ്ങി കുറച്ചുനാള്‍ മിണ്ടാതിക്കും. അതൊന്നും പക്ഷെ, പരിഹാരമല്ല. ശാരീരിക അസുഖങ്ങള്‍ക്ക് ചികിത്സ തേടുന്നതു പോലെ മാനസിക രോഗത്തിനും ചികിത്സ വേണം. അതിന് ആദ്യം വേണ്ടത് മക്കള്‍ക്കു പ്രശ്നമുണ്ട് എന്ന് അംഗീകരിക്കുകയാണ്. അതു തിരിച്ചറിഞ്ഞാല്‍ എത്രയും പെട്ടെന്ന് സൈക്കോളജിസ്റ്റിനെയോ, വേണമെങ്കില്‍ സൈക്യാട്രിസ്റ്റിനെത്തന്നെയോ കാണണം. നാണക്കേട് വിചാരിച്ചിരുന്നാല്‍, വീട്ടുകാര്‍ മാത്രമറിയുന്ന കാര്യം നാട് മുഴുവന്‍ അറിയും. കാര്യങ്ങള്‍ കൈവിട്ടു പോയെന്നും വരും.
ഇന്നു നാട് നീളെ കുട്ടികള്‍ക്കായി, ലഹരിവിരുദ്ധ ക്ലാസുകള്‍ നടക്കുന്നുണ്ട്. അത് പ്രയോജനപ്പെടുന്നുണ്ടോ? ഒന്നാലോചിച്ചു നോക്കു. ലഹരി ഉപയോഗിക്കുന്ന കുട്ടികള്‍ ആ ക്ലാസുകളില്‍ പങ്കെടുത്തിട്ട് എന്തു പ്രയോജനം? അവര്‍ക്കു സുഖം എന്ന ഒറ്റ ചിന്തയെ ഉള്ളു. അതിനുള്ള പണവും സാധനവും യഥേഷ്ടം കിട്ടുമ്പോള്‍ ഈ പറയുന്ന കാര്യങ്ങളെ പറ്റി അവര്‍ ചിന്തിക്കുമോ? അവര്‍ക്കു പണം നല്‍കുന്ന മാതാപിതാക്കള്‍ക്കല്ലേ സത്യത്തില്‍ ബോധവത്കരണം ആവശ്യം? അവര്‍ക്കല്ലേ ക്ലാസ് നല്‍കേണ്ടത്? മാത്രമല്ല, ലഹരിവസ്തുക്കളെക്കുറിച്ചു കേട്ടുകേള്‍വി പോലുമില്ലാത്ത കുട്ടികളുണ്ടാകും. അവര്‍ ഇത്തരം ക്ലാസ് കേട്ടാല്‍ അതെന്താണെന്ന് അറിയാനുള്ള വ്യഗ്രത സ്വാഭാവികമായും ഉണ്ടാകും. അത് മനുഷ്യസഹജമാണ്.
ലഹരി ഉപയോഗിക്കുന്ന കുട്ടികളില്‍ അത് ഉണ്ടാക്കുന്ന മാറ്റങ്ങളേയും അതുകൊണ്ട് ഭാവിയില്‍ ഉണ്ടാകുന്ന ഭവിഷ്യത്തുകളേയും കുറിച്ച്, അതില്‍ നിന്ന് അവരെ എങ്ങനെ രക്ഷിക്കാം എന്നതിനേക്കുറിച്ച് മാതാപിതാക്കള്‍ക്ക് ബോധവത്കരണം നല്‍കുന്നതാണ് ഉത്തമം. കുട്ടികളുടെ സ്വഭാവ രൂപീകരണങ്ങള്‍ വരെ പറഞ്ഞു മനസിലാക്കി കൊടുക്കാന്‍ സാധിക്കണം. അവിടുന്നാണ് നമ്മള്‍ തുടങ്ങേണ്ടത്. മാതാപിതാക്കളും രക്ഷാകര്‍ത്താക്കളും അടങ്ങുന്ന സമൂഹവും അദ്ധ്യാപകരും പോലീസും തൊഴിലാളികളുമടക്കം പൊതു രംഗത്തുള്ളവരും സമൂഹത്തില്‍ കൂടുതല്‍ ഇടപെടുന്ന എല്ലാവരും ഒന്നിച്ചു നിന്നാല്‍ മാത്രമേ വരും തലമുറയെയെങ്കിലും നമുക്ക് രക്ഷിക്കാന്‍ സാധിക്കൂ. അല്ലെങ്കില്‍ മനുഷ്യ മനസിനെ മരവിപ്പിക്കുന്ന ഇത്തരം സംഭവങ്ങള്‍ ഒരിടത്തല്ലെങ്കില്‍ മറ്റൊരിടത്തു നടന്നുകൊണ്ടിരിക്കും. ദേശസ്നേഹികളായ ഓരോ വ്യക്തിയും ഇതെപ്പറ്റി ബോധവാന്മാരാവുകയും ലഹരിക്കെതിരായ പ്രവര്‍ത്തനത്തില്‍ സഹകരിക്കുകയും ചെയ്യുമെങ്കില്‍ നാടു രക്ഷപ്പെടും. തങ്ങളെ ബാധിക്കുന്ന കാര്യമല്ല എന്ന മട്ടില്‍ മാറി നില്‍ക്കുന്നത് നമ്മുടെയൊക്കെ പതിവു പ്രവണതയാണ്. ഇതാണ് കാര്യങ്ങളെ പലപ്പോഴും അപകടത്തിലേക്ക് കൊണ്ടുപോകുന്നത്.
എല്ലാ ഗുണ ദോഷങ്ങള്‍ക്കും വിദ്യാലയങ്ങള്‍ക്കും പങ്കുണ്ട്. ഇന്ന് അദ്ധ്യാപകര്‍, പഠിപ്പിക്കുക എന്ന കര്‍ത്തവ്യത്തില്‍ മാത്രം ഒതുക്കിനിര്‍ത്തപ്പെടുന്നു. വിദ്യാര്‍ത്ഥികള്‍ പകല്‍ സമയം മുഴുവന്‍ ചെലവിടുന്ന സ്ഥലമാണ് വിദ്യാലയം. പഠിക്കുന്നതിനൊപ്പം തന്നെ സ്വഭാവരൂപീകരണവും അവിടെ നടക്കണം. അതിന് അദ്ധ്യാപകരും വിദ്യാര്‍ഥികളും തമ്മില്‍ ആത്മബന്ധം രൂപപ്പെടണം. അദ്ധ്യാപകര്‍ സ്വഭാവശുദ്ധിയുള്ളവരായിരിക്കണം. പക്ഷെ, അദ്ധ്യാപകര്‍ക്ക് കുട്ടികളുടെ മേല്‍ നിയന്ത്രണ അധികാരം ഇന്നില്ല എന്ന യാഥാര്‍ഥ്യം ബാക്കിനില്‍ക്കുന്നു. അതു പരിഹരിക്കേണ്ടത് ഭരണ സംവിധാനമാണ്. സോഷ്യല്‍ മീഡിയ ഇടപെടലുകള്‍, സിനിമകള്‍, സീരിയലുകള്‍ എല്ലാം കുട്ടികളെ വഴിതെറ്റിക്കുന്ന ചതിക്കുഴികളായി മാറാറുണ്ട്. ഈയിടെ ഇറങ്ങുന്ന ക്രൈം സിനിമകള്‍ക്കു കിട്ടുന്ന സ്വീകാര്യത തന്നെ അതിന് തെളിവ്. അകമങ്ങള്‍ ആസ്വദിക്കുന്ന തലത്തിലേ്ക്ക് സമൂഹം, പ്രത്യേകിച്ചു യുവതലമുറ മാറിക്കഴിഞ്ഞു. പക്വതയെത്താത്ത മനസുകള്‍, ആ കാണുന്നതെല്ലാം ശരിയെന്നു ധരിക്കും. അങ്ങനെ ധരിപ്പിക്കാനുള്ള കഴിവ് ഇന്നത്തെ സ്‌ക്രീനുകള്‍ക്കുണ്ട്. യുവാക്കളില്‍ അനുകരണ ഭ്രമം കൂടുകയും ചെയ്യും. കാണുന്നത് അവര്‍ അതേപടി അനുകരിക്കാന്‍ ശ്രമിക്കും. ക്രമേണ അതുതന്നെ സ്വഭാവമായി മാറും. തെറ്റ് മനസിലാക്കി വരുമ്പോഴേക്കും കാലം അതിക്രമിച്ചു കഴിഞ്ഞിരിക്കും. തിരുത്താന്‍ പറ്റാതാകും. ഇത്തരം അവസരങ്ങളാണ് മയക്കുമരുന്ന് ലോബികള്‍ക്കു കടന്നുവരാന്‍ വാതില്‍ തുറന്നുകൊടുക്കുന്നത്. വലയില്‍ വീണാല്‍പ്പിന്നെ രക്ഷപ്പെടല്‍ എളുപ്പമല്ല താനും. വീഴാതിരിക്കാന്‍ നോക്കണം. അതിനാണ് കൃത്യ സമയത്തു കൃത്യമായ ഇടപെടല്‍ വേണ്ടത്. അതു കുടുംബത്തില്‍ നിന്നു തുടങ്ങണം. സമൂഹം ഏറ്റെടുക്കണം. അലസതയ്‌ക്ക് ഇനി സമയമില്ല. അപകടം തൊട്ടടുത്തുണ്ട്.
(പ്രശസ്ത കണ്‍സള്‍ട്ടന്റ് സൈക്കോളജിസ്റ്റാണ് ലേഖിക)
പ്രതികരിക്കാൻ ഇവിടെ എഴുതുക: