കാർഡിയാക് അറിത്മിയ രോഗങ്ങളെ കുറിച്ചു അവബോധം വളർത്തുന്നതിനായി യൂറോപ്യൻ ഹാർട്ട് റിഥം അസോസിയേഷന്റെ (ഇഎച്ച്ആർഎ) നേതൃത്വത്തിൽ ഓരോ വർഷവും മാർച്ച് 1 ലോക പൾസ് ദിനമായി ആചരിച്ചു വരുന്നു. ഹൃദയമിടിപ്പിന്റെ താളത്തെക്കുറിച്ച് കൂടുതൽ അറിവ് നേടുക, പൾസ് പതിവായി പരിശോധിക്കുക, ക്രമക്കേടുകൾ കണ്ടെത്തുമ്പോൾ വൈദ്യോപദേശം തേടുക തുടങ്ങിയ ലളിതവും ഫലപ്രദവുമായ നടപടികൾ സ്വീകരിക്കാൻ ജനങ്ങളെ പ്രചോദിപ്പിക്കുക എന്നതാണ് ഈ ദിവസം ലക്ഷ്യമിടുന്നത്.
ക്രമരഹിതമായ ഹൃദയമിടിപ്പിനെയാണ് അറിത്മിയ എന്നു പറയുന്നത്. ഇത് പൂർണ്ണമായും നിരുപദ്രവകരമോ വളരെ അപൂർവ സാഹചര്യങ്ങളിൽ ജീവന് ഭീഷണിയോ ആയേക്കാം. ഹൃദയത്തിലെ വൈദ്യുതപ്രവര്‍ത്തനങ്ങളെ ബാധിക്കുന്ന ഹൃദ്രോഗങ്ങളെയാണ് കാർഡിയാക് അറിത്മിയ എന്ന പേരിൽ വിളിക്കുന്നത്. 3 പേരിൽ 1 എന്ന നിലയിൽ ഒരാൾക്ക് തന്റെ ജീവിതകാലത്ത് ഗുരുതരമായ അറിത്മിയ രോഗം ഉണ്ടായേക്കാം. 6 പേരിൽ ഒരാൾ കാർഡിയാക് അറിത്മിയ കാരണം പെട്ടന്ന് മരണപ്പെട്ടേക്കാം. ഹൃദയ സ്‌തംഭനം, സ്ട്രോക്ക്, ഹാർട്ട് അറ്റാക്ക്, ഹാർട്ട് ഫെയില്യർ എന്നിവ അറിത്മിയയുടെ സങ്കീർണതകൾ ആണ്. 55 വയസ്സിനു മുകളിലുള്ള ജനസംഖ്യയുടെ മൂന്നിലൊന്ന് പേർക്ക് ഏട്രിയൽ ഫിബ്രിലേഷൻ എന്ന അറിത്മിയ വരാൻ സാധ്യത നിലനിൽക്കുന്നു. 2019ലെ ഗ്ലോബൽ ബർഡൻ ഓഫ് ഡിസീസ് പഠനം പറയുന്നത് 59 മില്യണിൽ(ദശലക്ഷം) കൂടുതൽ ആളുകൾ 2019ൽ ഏട്രിയൽ ഫിബ്രില്ലേഷനുമായി ജീവിച്ചു എന്നതാണ്. 2019ലെ കണക്ക് അനുസരിച്ചു 3,15,337 പേർ മരണപ്പെടുകയും, 8.39 ദശലക്ഷം ആളുകൾ വൈകല്യം ക്രമീകരിച്ച ജീവിതവുമായി മുന്നോട്ട് പോവുകയും ചെയ്യുന്നു. സ്ഥിരവൈകല്യങ്ങളുടെ ഒരു പ്രധാന കാരണം സ്ട്രോക്ക് ആണ് എന്നതും സ്ട്രോക്കിലേക്ക് നയിക്കുന്ന ഒരു സുപ്രധാന അപകടഘടകം ഏട്രിയൽ ഫിബ്രിലേഷൻ ആണ് എന്നതും ഈ വിഷയത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു. വിവിധ കാർഡിയാക് അറിത്മിയ രോഗങ്ങൾ നേരെത്തെ കണ്ടെത്തുന്നതിനും ചികിൽസിക്കുന്നതിനുമായി ആധുനിക വൈദ്യശാസ്ത്രത്തിൽ കാർഡിയോളജി വിഭാഗത്തിൽ ‘കാർഡിയാക് ഇലക്ട്രോഫിസിയോളജി’ എന്ന സബ്‌സ്‌പെഷ്യാലിറ്റി വിഭാഗം പല ആശുപത്രികളിലും പ്രവർത്തിച്ചു വരുന്നു.
പതിവായി പൾസ് നോക്കുന്നത് വഴി അറിത്മിയ നേരത്തെ തിരിച്ചറിയാൻ സഹായിക്കും. രണ്ട് വിരലുകൾ കൈത്തണ്ടയിൽ വയ്‌ക്കുക, ഓരോ ഹൃദയമിടിപ്പും അനുഭവിക്കാൻ മതിയായ സമ്മർദ്ദം പ്രയോഗിക്കുക. 15 സെക്കൻഡിൽ അനുഭവപ്പെടുന്ന മിടിപ്പുകളുടെ എണ്ണം കണക്കാക്കുക. ഈ സംഖ്യയെ നാലായി ഗുണിച്ചാൽ മിനിറ്റിലുള്ള നിങ്ങളുടെ ഹൃദയമിടിപ്പ് അറിയാൻ സാധിക്കും. മിനിറ്റിൽ ഹൃദയമിടിപ്പ് സാധാരണയായി 60 മുതൽ 100 വരെ ബീറ്റുകൾക്കുള്ളിലായിരിക്കണം. ക്രമരഹിതമായ പൾസ് അനുഭവപ്പെടുകയാണെങ്കിൽ നിങ്ങളുടെ ഡോക്ടറുമായി ചർച്ച ചെയ്യുക. ആവശ്യമെങ്കിൽ ഒരു കാർഡിയോളജിസ്റ്റ് ഡോക്റ്ററെ സമീപിക്കുക.
ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കുക, പതിവായി വ്യായാമം ചെയ്യുക, സന്തുലിതമായ ഭക്ഷണക്രമം നിലനിർത്തുക, മദ്യപാനം-പുകവലി-മറ്റു ലഹരി ഉപയോഗം എന്നിവ ഒഴിവാക്കുക, മറ്റു രോഗങ്ങൾ കൃത്യമായി ചികില്സിക്കുക എന്നിവ വഴി ഒരു പരിധി വരെ അറിത്മിയ രോഗങ്ങളെ പ്രതിരോധിക്കാൻ സാധിക്കും.
പൾസ് കൃത്യമായി നിരീക്ഷിക്കാൻ സഹായിക്കുന്ന സ്മാർട്ട് ഫോണുമായി ബന്ധിപ്പിക്കാൻ സാധിക്കുന്ന വിവിധ വിയറബിൾ ഉപകരണങ്ങളും സ്മാർട്ട് വാച്ചുകളും ഇന്ന് ലഭ്യമാണ്. അടുത്തിടെ യു.സ്-എഫ്.ഡി.എ. യുടെ അംഗീകാരം നേടിയ ഗൂഗിളിൻറെ പിക്സൽ വാച്ച് 3 എന്ന മോഡലിൽ ‘ലോസ് ഓഫ് പൾസ്’ എന്ന ഫീച്ചർ പൾസ് നിരീക്ഷണത്തിലെ ശാസ്‍ത്രസാങ്കേതിക വിദ്യയുടെ ഏറ്റവും പുതിയ ഉദാഹരണമാണ്.
(മലപ്പുറം കാവനൂരിലെ ഡോ.അജയ് രാഘവൻ’സ് ക്ലിനിക്കിലെ കാർഡിയോളജി സ്‌പെഷ്യൽ ഒ.പി. വിഭാഗം ഡയറക്ടർ ആണ് ലേഖകൻ
പ്രതികരിക്കാൻ ഇവിടെ എഴുതുക: