നോയിഡ : കുംഭമേളയെക്കുറിച്ച് അവഹേളിക്കുന്ന തരത്തിലുള്ള ചോദ്യങ്ങൾ ഉന്നയിക്കുന്നവരെ കണക്കറ്റ് വിമർശിച്ച് ഉത്തർപ്രദേശ് വനിതാ കമ്മീഷൻ വൈസ് പ്രസിഡൻ്റും മുലായം സിംഗ് യാദവിന്റെ മരുമകളുമായ അപർണ യാദവ് വിഷ്ത്. സമാജ്‌വാദി പാർട്ടി പ്രസിഡന്റ് അഖിലേഷ് യാദവിന്റെ പേര് പരാമർശിക്കാതെയാണ് അവർ വിമർശനങ്ങൾ ഉന്നയിച്ചത്.
മഹാ കുംഭമേളയെക്കുറിച്ച് ചോദ്യങ്ങൾ ഉന്നയിക്കുന്നവർ തന്നെ അതിൽ മുങ്ങിക്കുളിച്ചുവെന്ന് അവർ പരിഹാസേന പറഞ്ഞു. മഹാ കുംഭമേളയെക്കുറിച്ച് ചോദ്യങ്ങൾ ഉന്നയിക്കുന്നവർ വളരെ താഴ്ന്ന മാനസികാവസ്ഥയുള്ളവരാണെന്നും അപർണ പറഞ്ഞു. നോയിഡയിൽ റെനോക്സ് ഗ്രൂപ്പ് ചെയർമാൻ ശൈലേന്ദ്ര ശർമ്മയുടെ വസതിയിൽ നടന്ന ഒരു സ്വകാര്യ ചടങ്ങിൽ പങ്കെടുക്കവെയാണ് അപർണ യാദവ് ബിഷ്ത് മാധ്യമങ്ങളോട് സംസാരിക്കവെ ഇക്കാര്യം പറഞ്ഞത്.
കുംഭമേളയെ മഹത്തായതും ദിവ്യവുമായ ഒരു ഒത്തുചേരലായി വിശേഷിപ്പിച്ച അവർ ഇത് ഒരു സ്നാനോത്സവം മാത്രമല്ല രാജ്യത്തുനിന്നും വിദേശത്തുനിന്നുമുള്ള ഭക്തർ പങ്കെടുത്ത സനാതന ധർമ്മത്തിലെ ഏറ്റവും വലിയ പരിപാടിയാണെന്നും പറഞ്ഞു. “ഞാൻ പലതവണ കുംഭമേളയ്‌ക്ക് പോയിട്ടുണ്ട്. ഈ വർഷത്തെ കുംഭമേള വളരെ ഗംഭീരമായിരുന്നു, ഇത്തരമൊരു പരിപാടി ഇതിനുമുമ്പ് ഒരിക്കലും സംഭവിച്ചിട്ടില്ല. മഹാ കുംഭമേളയെക്കുറിച്ച് ചോദ്യങ്ങൾ ഉന്നയിക്കുന്നവർ, കുംഭമേളയിൽ മുങ്ങിക്കുളിച്ചു, അവരും പുണ്യം നേടിയിട്ടുണ്ട്. ഉത്തർപ്രദേശ് സർക്കാർ എല്ലാവരെയും മഹാ കുംഭമേളയിലേക്ക് സ്വാഗതം ചെയ്തുവെന്നും അവർ വ്യക്തമാക്കി.
കൂടാതെ ബിജെപിയോടുള്ള തന്റെ അതൃപ്തിയെക്കുറിച്ചുള്ള വാർത്തകൾ അപർണ യാദവ് പൂർണ്ണമായും തള്ളിക്കളഞ്ഞു. എന്റെ പാർട്ടിയോട് എനിക്ക് ഒരു വിരോധവുമില്ല. ഞാൻ എന്റെ ജോലിസ്ഥലത്ത് ഇരിക്കുന്നു, പൂർണ്ണ സത്യസന്ധതയോടെയാണ് എന്റെ ജോലി ചെയ്യുന്നത്. പാർട്ടി എന്ത് ഉത്തരവുകൾ നൽകിയാലും അത് എനിക്ക് പരമപ്രധാനമാണെന്നും അവർ വ്യക്തമാക്കി.
കൂടാതെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും പ്രശംസിച്ചുകൊണ്ട് ബിജെപിയുടെ പ്രധാന ലക്ഷ്യം ‘സബ്കാ സാത്ത്, സബ്കാ വികാസ്’ ആണെന്നും അത് വെറുമൊരു മുദ്രാവാക്യമല്ലെന്നും യാഥാർത്ഥ്യമാണെന്നും അവർ പറഞ്ഞു. സ്ത്രീ സുരക്ഷയ്‌ക്കും ക്ഷേമത്തിനുമായി യോഗി സർക്കാർ നടപ്പിലാക്കുന്ന പദ്ധതികളെയും അപർണ യാദവ് ബിഷ്ത് പ്രശംസിച്ചു.
‘കന്യ സുമംഗല യോജന’ ഒരു മാസ്റ്റർ പ്ലാൻ ആണെന്ന് വിശേഷിപ്പിച്ച അവർ ഈ പദ്ധതി പ്രകാരം പെൺകുട്ടിയുടെ ജനനം മുതൽ അവളുടെ വിവാഹം വരെ സാമ്പത്തിക സഹായം നൽകുന്നുണ്ടെന്ന് പറഞ്ഞു. ഈ പദ്ധതി പ്രകാരം കുടുംബങ്ങളിൽ പെൺകുട്ടികളുടെ ജനനത്തെക്കുറിച്ചുള്ള നെഗറ്റീവ് ചിന്ത മാറ്റുന്നതിനായി ജനന സർട്ടിഫിക്കറ്റിനൊപ്പം ‘ലക്ഷ്മി കിറ്റും’ നൽകുന്നുണ്ടെന്നും അവർ വ്യക്തമാക്കി.
ഇതിനു പുറമെ മുൻ സർക്കാരുകളുടെ കാലത്ത് ഉച്ചഭക്ഷണത്തിൽ അഴിമതികൾ ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ യോഗി സർക്കാർ അത് പൂർണ്ണമായും സുതാര്യമാക്കിയിരിക്കുന്നു. കുട്ടികളുടെ മാതാപിതാക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് പണം ട്രാൻസ്ഫർ ചെയ്യുന്നതിനാൽ അഴിമതി ഇല്ലാതായിയെന്നും അവർ കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: