ന്യൂദൽഹി : മണിപ്പൂരിലെ സുരക്ഷാ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് ന്യൂദൽഹിയിൽ ഉന്നതതല അവലോകന യോഗം ചേർന്നു. യോഗത്തിൽ അമിത് ഷായാണ് അധ്യക്ഷത വഹിച്ചത്. മാർച്ച് 8 മുതൽ മണിപ്പൂരിലെ എല്ലാ റോഡുകളിലും പൊതുജനങ്ങളുടെ സ്വതന്ത്രമായ സഞ്ചാരം ഉറപ്പാക്കണമെന്നും തടസ്സങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും യോഗത്തിൽ ആഭ്യന്തരമന്ത്രി നിർദ്ദേശിച്ചു.
ആഭ്യന്തര മന്ത്രാലയം പറയുന്നതനുസരിച്ച് നോർത്ത് ബ്ലോക്കിൽ നടന്ന യോഗത്തിൽ മണിപ്പൂർ ഗവർണർ അജയ് കുമാർ ഭല്ല, കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹൻ, ഇന്റലിജൻസ് ബ്യൂറോ ഡയറക്ടർ തപൻ കുമാർ ദേക, ഡെപ്യൂട്ടി ചീഫ് ഓഫ് ആർമി സ്റ്റാഫ്, ആർമി കമാൻഡർ ഈസ്റ്റേൺ കമാൻഡ്, ബോർഡർ സെക്യൂരിറ്റി ഫോഴ്‌സ് (ബിഎസ്എഫ്), സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സ് (സിആർപിഎഫ്), അസം റൈഫിൾസ് എന്നിവയുടെ ഡയറക്ടർ ജനറൽമാർ, മണിപ്പൂരിലെ സുരക്ഷാ ഉപദേഷ്ടാവ്, ആഭ്യന്തര മന്ത്രാലയത്തിലെ (എംഎച്ച്എ), കരസേന, മണിപ്പൂർ ഭരണകൂടത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ത്യാ ഗവൺമെന്റ് മണിപ്പൂരിൽ ശാശ്വത സമാധാനം പുനഃസ്ഥാപിക്കുന്നതിന് പൂർണ്ണമായും പ്രതിജ്ഞാബദ്ധമാണെന്നും ഇക്കാര്യത്തിൽ ആവശ്യമായ എല്ലാ സഹായങ്ങളും നൽകുന്നുണ്ടെന്നും യോഗത്തിൽ അമിത് ഷാ പറഞ്ഞു. മാർച്ച് 8 മുതൽ മണിപ്പൂരിലെ എല്ലാ റോഡുകളിലും ജനങ്ങളുടെ സുഗമമായ സഞ്ചാരം ഉറപ്പാക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നിർദ്ദേശിച്ചു.
തടസ്സം സൃഷ്ടിക്കാൻ ശ്രമിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. മണിപ്പൂരിന്റെ അന്താരാഷ്‌ട്ര അതിർത്തിയിലെ നിയുക്ത എൻട്രി പോയിന്റുകളുടെ ഇരുവശത്തുമുള്ള വേലി കെട്ടൽ ജോലികൾ എത്രയും വേഗം പൂർത്തിയാക്കണമെന്ന് അമിത് ഷാ നിർദ്ദേശിച്ചു.
മണിപ്പൂരിനെ മയക്കുമരുന്ന് വിമുക്തമാക്കാൻ, മയക്കുമരുന്ന് വ്യാപാരത്തിൽ ഉൾപ്പെട്ടിരിക്കുന്ന മുഴുവൻ ശൃംഖലയെയും ഇല്ലാതാക്കണമെന്ന് അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക