ഭോപ്പാൽ : ദൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയുടെ ദയനീയ പരാജയത്തിന് ശേഷം പാർട്ടിക്ക് മറ്റ് വലിയ തിരിച്ചടികളുമാണ് നേരിടേണ്ടി വന്നത്. ദൽഹിയിൽ മാത്രമല്ല, ഗുജറാത്തിലും ഹരിയാനയിലും ആം ആദ്മി പാർട്ടി പരാജയം നേരിട്ടു. ഇപ്പോൾ മധ്യപ്രദേശിലും അതിന്റെ ഫലം വ്യക്തമായി കാണാൻ കഴിയും. തിരഞ്ഞെടുപ്പിലെ പരാജയം അദ്ദേഹത്തിന്റെ ഓഫീസിന്റെ അവസ്ഥയെയും ബാധിച്ചുവെന്നു വേണം പറയാൻ.
വാടക അടയ്‌ക്കാത്തതിനെ തുടർന്ന് മധ്യപ്രദേശിലെ ആം ആദ്മി പാർട്ടിയുടെ ഓഫീസ് പൂട്ടിയിരിക്കുകയാണ്. പാർട്ടിക്ക് രണ്ട് മാസത്തെ വാടക കുടിശ്ശിക ഉണ്ടായിരുന്നു. ഇത് നൽകാത്തതിനെ തുടർന്ന് കെട്ടിട ഉടമസ്ഥൻ വെള്ളിയാഴ്ച രാവിലെ ഭോപ്പാലിലെ ആം ആദ്മി പാർട്ടിയുടെ മധ്യപ്രദേശ് ഓഫീസ് താഴിട്ട് പൂട്ടി.
രണ്ട് മാസത്തേക്ക് 50,000 രൂപ വാടക അടയ്ക്കാത്തതിനാലാണ് കെട്ടിട ഉടമസ്ഥൻ ഈ നടപടി സ്വീകരിച്ചത്. എന്നാൽ ഇത് പാർട്ടിക്കുള്ളിലെ ഒരു ആഭ്യന്തര പോരാട്ടമായാണ് വിലയിരുത്തുന്നത്. ദൽഹി നിയമസഭയിൽ ആം ആദ്മി പാർട്ടിക്കേറ്റ പരാജയത്തിന്റെ പ്രത്യാഘാതമായാണ് ഇതിനെ രാഷ്‌ട്രീയ നിരീക്ഷകർ കാണുന്നത്.
അതേ സമയം ഭോപ്പാലിലെ സുഭാഷ് നഗറിലെ വാടകയ്‌ക്ക് എടുത്ത സംസ്ഥാന ഓഫീസ് പൂട്ടിയതായി തനിക്ക് വിവരമില്ലെന്ന് പാർട്ടി സംസ്ഥാന പ്രസിഡന്റ് റീന അഗർവാൾ പറഞ്ഞു. കൂടാതെ ഭോപ്പാലിലെ പാർട്ടി നേതാക്കളിൽ നിന്നാണ് വിവരങ്ങൾ അറിഞ്ഞതെന്ന് ഭോപ്പാൽ ജില്ലാ പ്രസിഡന്റ് സി.പി. സിംഗ് ചൗഹാനും കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക