Kerala

ഗുണ്ടാസംഘത്തിന്റെ പിറന്നാള്‍;ആഘോഷത്തില്‍ സിപിഎം നേതാവും കേക്കുമുറിച്ചത് വാള്‍ ഉപയോഗിച്ച്

Published by

കായംകുളം: ഗുണ്ടാനേതാവിന്റെ പിറന്നാള്‍ ആഘോഷിച്ചത് വാള്‍ ഉപയോഗിച്ച് കേക്കു മുറിച്ച്. ആഘോഷത്തില്‍ സിപിഎം നേതാവും പങ്കെടുത്തു. ദേവികുളങ്ങര ലോക്കല്‍ കമ്മിറ്റിയുടെ പരിധിയില്‍ ഗോവിന്ദ മുട്ടം ഭാഗത്തെ ബ്രാഞ്ച് സെക്രട്ടറിയാണ് കരുനാഗപ്പള്ളിയില്‍ കൂടിയ ഗുണ്ടകളുടെ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുത്തത്. മുപ്പത് പേരടങ്ങുന്ന ഗ്രൂപ്പാണ് കരുനാഗപ്പള്ളിയിലെ പുതിയകാവിന് സമീപത്തുള്ള ഒരു ബാര്‍ ഹോട്ടല്‍ കേന്ദ്രീകരിച്ചുള്ള ഗ്രൂപ്പിലെ ഒരാളുടെ പിറന്നാള്‍ ആഘോഷം നടത്തി കേക്ക് മുറിച്ചത്. കരീലക്കുളങ്ങര പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു ഗുണ്ടാ നേതാവിന്റെ പിറന്നാളാഘോഷമാണ് സംഘടിപ്പിച്ചത്. കേക്ക് മുറി വലിയ വാള്‍ ഉപയോഗിച്ചായിരുന്നു.

വാള്‍ ആയുധ പരിധിയില്‍ വരുന്നതിനാല്‍ കരുനാഗപ്പള്ളി പോലീസ് ഗുണ്ടകളെപ്പറ്റി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആയുധം കൈയില്‍ വെച്ചതിന് കേസെടുത്തിട്ടുണ്ട്. കായംകുളം ദേവികുളങ്ങര ലോക്കല്‍ കമ്മിറ്റിയില്‍ ഉള്‍പ്പെട്ട ബ്രാഞ്ച് സെക്രട്ടറിയെ അന്വേഷിച്ച് കരുനാഗപ്പള്ളി പോലീസ് കായംകുളത്തും ബ്രാഞ്ച് സെക്രട്ടറിയുടെ വീട്ടിലും എത്തിയിരുന്നു. ഈ ബ്രാഞ്ച് സെക്രട്ടറി നാളുകള്‍ക്ക് മുന്‍പ് പരസ്യമായി വടിവാളുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. ഇയാള്‍ക്കെതിരെ നിലവില്‍ കേസ് നിലവിലുണ്ട്. ആഘോഷത്തില്‍ പങ്കെടുത്ത അഞ്ചോളം പേര്‍ കായംകുളത്തുകാരണെന്ന് അറിയുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by