അഫ്‌സാന്റെ കുഴിമാടത്തിനരികെ പൊട്ടിക്കരയുന്ന റഹീം
തിരുവനന്തപുരം: ഇളയമകന്റെ കുഴിമാടത്തിന് അടുത്തെത്തിയപ്പോള്‍ റഹീമിന്റെ നെഞ്ചുപൊട്ടിയുള്ള നിലവിളി പാങ്ങോട് താഴെപ്പള്ളിയിലെ കബറുകളെപോലും കണ്ണീരിലാഴ്‌ത്തി. അഫ്‌സാന്‍ എവിടെയെന്ന ഗുരുതരാവസ്ഥയില്‍ കഴിയുന്ന ഭാര്യ ഷെമിയുടെ ചോദ്യത്തിനുമുന്നില്‍ കടിച്ചമര്‍ത്തിയ സങ്കടം മുഴുവന്‍ അണപൊട്ടി. അടുത്തടുത്ത കബറുകളില്‍… തന്റെ പൊന്നോമന, ഉമ്മ, ചേട്ടന്‍, ചേട്ടന്റെ ഭാര്യ…
ഏക പ്രതീക്ഷയായിരുന്ന മൂത്തമകന്‍ അഫാന്‍ കൂട്ടക്കൊലക്കേസില്‍ അറസ്റ്റില്‍. ഭാര്യ ഷെമി ആശുപത്രികിടക്കയില്‍… റഹീമിനെ ആശ്വസിപ്പിക്കാതാവാതെ, വിങ്ങലോടെ സുഹൃത്തുക്കളും ബന്ധുക്കളും.
വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്റെ അച്ഛന്‍ അബ്ദുള്‍ റഹീം ഇന്നലെ നാട്ടിലെത്തി. ഏഴുവര്‍ഷമായി സൗദിയില്‍ കുടുങ്ങിയ റഹീം തീരാനഷ്ടങ്ങളുടെ നടുവിലേക്ക് വിമാനമിറങ്ങിയത് ഇന്നലെ രാവിലെ 7.45ന്. ആദ്യംപോയത് മകന്റെ ആക്രമണത്തില്‍ നിന്നു രക്ഷപെട്ട ഭാര്യ ഷെമിയെ കാണാന്‍. റഹീമിന്റെ കൈപിടിച്ച് ആദ്യം ചോദിച്ചത് ഇളയമകന്‍ അഫ്‌സാനെ കുറിച്ച്. പിന്നീട് അഫാനെയും തിരക്കി. മറുപടിയൊന്നും പറയാതെ വിങ്ങിപ്പൊട്ടിയ നെഞ്ചുമായി നിശബ്ദനായി റഹിം പാങ്ങോട് താഴെപള്ളിയിലെ കബര്‍സ്ഥാനിലെത്തി. അഫ്‌സാന്റെ കുഴിമാടത്തിനരുകിലിരുന്ന് നെഞ്ചുപൊട്ടിക്കരഞ്ഞു. കബറിനുമുന്നില്‍ പ്രാര്‍ത്ഥിക്കുമ്പോള്‍പോലും കണ്ണീരടക്കാന്‍ പാടുപെട്ട റഹീമിന്റെ വേദന കണ്ടുനിന്നവരുടേയും ഉള്ളുലച്ചു.
സാമ്പത്തിക ബാധ്യതയാണ് കൂട്ടക്കൊലപാതകത്തിലേക്ക് നയിച്ചതെന്ന തരത്തിലാണ് പോലീസ് അന്വേഷണം. അഫാനെ ഇന്ന് ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്യുമെന്നാണ് സൂചന. അങ്ങനെയെങ്കില്‍ അറസ്റ്റ് രേഖപ്പെടുത്തിയ, ഉമ്മുമ്മ സല്‍മാബീവിയെ കൊലപ്പെടുത്തിയ കേസില്‍ കസ്റ്റഡിക്ക് അപേക്ഷ നല്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക