തിരുവനന്തപുരം: സെക്രട്ടേറിയറ്റ് പടിക്കല്‍ രാപകല്‍ സമരം നടത്തുന്ന ആശാ വര്‍ക്കര്‍മാരെ പിരിച്ചുവിടാന്‍ നീക്കം തുടങ്ങി. കുട്ടികളുടെ വാക്സിനേഷനുമായും ഗര്‍ഭിണികളുടെ ചികിത്സയുമായും ബന്ധപ്പെട്ടു വീടുകളില്‍ പോയി യഥാസമയം പരിചരിക്കുന്നതിന് ആശമാരില്ലെന്ന കാരണത്താലാണ് ഈ നീക്കം. ഇതു സംബന്ധിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കു നിര്‍ദേശം നല്‍കിക്കഴിഞ്ഞു.
ജോലിക്കു കയറിയില്ലെങ്കില്‍ പഞ്ചായത്ത് സെക്രട്ടറിയും പ്രസിഡന്റുമാരും മറ്റാരെയെങ്കിലും നിയമിക്കുമെന്ന് ആശമാര്‍ക്കു നേരേ ഭീഷണി മുഴക്കുന്നുണ്ട്. എല്‍ഡിഎഫ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളിലെ ആശമാരെ ഭീഷണിപ്പെടുത്തി ജോലിക്കു കയറ്റുന്നുണ്ട്. ഇതിനിടെ മൂന്നു മാസത്തെ ഓണറേറിയം ആശമാര്‍ക്കു നല്കി. സമരം തുടങ്ങിയപ്പോള്‍ ഓണറേറിയത്തില്‍ കുടിശികയില്ലെന്നായിരുന്നു മന്ത്രി വീണ ജോര്‍ജ് പറഞ്ഞത്. എന്നാല്‍ കണക്കുകള്‍ നിരത്തി ആശമാര്‍ രംഗത്തു വന്നതോടെ തിരുത്തേണ്ടി വന്നു.
ആവശ്യങ്ങള്‍ അംഗീകരിക്കാതെ സമരത്തില്‍ നിന്നു പിന്മാറില്ലെന്ന് ആശമാര്‍ പറഞ്ഞു. ദിവസം 700 രൂപ ഓണറേറിയം നല്‍കണമെന്നു സമരസമിതി ആവശ്യപ്പെട്ടു. മന്ത്രിതലത്തില്‍ ചര്‍ച്ച വേണ്ടെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ആശമാരുമായി കാര്യങ്ങള്‍ സംസാരിച്ചാല്‍ മതിയെന്നും നിലവിലെ തീരുമാനത്തില്‍ നിന്നു മാറ്റം വരുത്തേണ്ടെന്നുമാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: