പെരുമ്പാവൂർ : ഇസ്രയേലിൽ ജോലി വാങ്ങിക്കൊടുക്കാം എന്ന് പറഞ്ഞു ഉദ്യോഗാർത്ഥികളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ. കണ്ണൂർ ആലക്കോട് മണക്കടവ് ശ്രീ വത്സം വീട്ടിൽ ശ്രീതേഷ് (35)നെയാണ് കുറുപ്പംപടി പോലീസ് പിടികൂടിയത്.
എറണാകുളം നോർത്തിൽ ശ്യാം എന്ന വ്യാജ പേരിൽ ഡ്രീം ഹോളിഡെയ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം വഴി തട്ടിപ്പ് നടത്തിയ സംഘത്തിലെ പ്രധാനിയാണ് ശ്രീതേഷ്. ഇസ്രയേലിലേക്ക് കൊണ്ടുപോയി ജോലി ശരിയാക്കിത്തരാമെന്ന് നിരവധി ആളുകളിൽ നിന്നാണ് പണം തട്ടിയത്.
കുറുപ്പംപടിയിൽ രജിസ്റ്റർ ചെയ്ത കേസുകളിൽ മാത്രം പതിനഞ്ച് ലക്ഷത്തോളം രൂപ വാങ്ങിയിട്ടുണ്ട്. ഗഡുക്കളായാണ് പണം കൈപ്പറ്റിയിട്ടുള്ളത്. എറണാകുളത്തെ ഓഫീസ്സ് വഴി തട്ടിപ്പ് നടത്തിയ ശേഷം ഒളിവിൽ പോയ പ്രതിയെ മാസങ്ങൾ നീണ്ട ശാസ്ത്രീയാന്വേഷണത്തിലൂടെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. നിരവധി ഉദ്യോഗാർത്ഥികൾ ഇയാളുടെ തട്ടിപ്പിനിരയായിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.
റൂറൽ എസ്.പി വൈഭവ് സക്സേനയുടെ മേൽനോട്ടത്തിലുള്ള അന്വേഷണത്തിൽ പെരുമ്പാവൂർ എ.എസ്.പി ശക്തിസിംഗ് ആര്യ കുറുപ്പംപടി ഇൻസ്പെക്ടർ വി.എം കഴ്സൺ, സബ് ഇൻസ്പെക്ടർമാരായ എൽദോ പോൾ. അബ്ദുൾ ജലീൽ, ഇബ്രാഹിംകുട്ടി ,എ എസ് ഐ എം.ബി സുബൈർ എം.ബി, സി പി ഒമാരായ അരുൺ കെ കരുണൻ, പി.എം ഷക്കീർ , സഞ്ജു ജോസ്, എന്നിവരാണ് ഉണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: