കൊച്ചി: സ്ത്രീകള്‍ കുടുംബത്തിന്റെ വിളക്കായി മാത്രം നിറഞ്ഞ് നില്‍ക്കേണ്ടവളല്ലെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ അഡ്വ. പി സതീദേവി. നിരവധി ചുമതലകള്‍ പൂര്‍ത്തീകരിച്ച ശേഷമാണ് സ്ത്രീകള്‍ തൊഴിലിടങ്ങളില്‍ എത്തുന്നത്. സ്ത്രീകള്‍ക്ക് സംരക്ഷണം വേണ്ടത് സഹജീവികളില്‍ നിന്നാണ്. എല്ലായിടത്തും സ്ത്രീകളെ കേവലം ഉപഭോഗ വസ്തുവായാണ് കാണുന്നത്. ഇത് മാറ്റിയെടുക്കണമെങ്കില്‍ സഹജീവിയായി കാണാനുള്ള മനോഭാവം സമൂഹത്തില്‍ നിന്നും ഉണ്ടാവണം. വനിത കമ്മീഷന്റെ നേതൃത്വത്തില്‍ പോഷ് ആക്ട് 2013 നെ സംബന്ധിച്ച് സംഘടിപ്പിച്ച ബോധവല്‍ക്കരണ ക്ലാസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
മുന്‍കാലത്തെ അപേക്ഷിച്ച് സ്ത്രീകള്‍ തൊഴിലിടങ്ങളിലേക്ക് കൂടുതലായി വരുന്നുണ്ട്. സ്ത്രീകള്‍ കുടുംബത്തിന്റെ വിളക്കായി മാത്രം നിറഞ്ഞ് നില്‍ക്കണമെന്ന വിശ്വാസമാണ് പണ്ടുണ്ടായിരുന്നത്. ബ്രിട്ടീഷ് ഇന്ത്യയില്‍ തന്നെ ശക്തമായ സ്ത്രീ നിയമങ്ങളുണ്ട്. സ്വാതന്ത്ര്യലബ്ധിക്ക് ശേഷവും ഇത്തരം സംരക്ഷണ നിയമങ്ങള്‍ ഉണ്ടായിട്ടുണ്ട്. വനിതാ കമ്മീഷനും സ്ത്രീസംരക്ഷണ നിയമങ്ങളും ഒരിക്കലും പുരുഷന്മാര്‍ക്ക് എതിരല്ല. ഇവ പുരുഷന്മാര്‍ക്ക് എതിരാണ് എന്ന കാഴ്ചപ്പാടാണ് പൊതുവെ കാണുന്നത്. പുരുഷ മേധാവിത്വം നിറഞ്ഞുനില്‍ക്കുന്ന സാമൂഹിക ചുറ്റുപാടില്‍ സ്ത്രീകള്‍ക്ക് പ്രത്യേക പരിരക്ഷ നല്‍കണമെന്ന് ഭരണഘടന തന്നെ അനുശാസിക്കുന്നതിനാലാണ് സംരക്ഷണ നിയമങ്ങള്‍ ഉണ്ടാകുന്നതെന്ന് അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക