മുംബൈ: മഹാകുംഭമേള ബഹിഷ്കരിച്ച രാഹുല്‍ ഗാന്ധിയെയും ഉദ്ധവ് താക്കറെയെയും ഹിന്ദുക്കള്‍ ബഹിഷ്കരിക്കണമെന്ന് ആഹ്വാനം ചെയ്ത് മഹാരാഷ്ട്രയിലെ ദളിത് നേതാവും കേന്ദ്ര സാമൂഹ്യനീതി വകുപ്പ് സഹമന്ത്രിയുമായ രാമദാസ് അത്താവാലെ. മഹാകുംഭമേളയ്ക്കെത്തി ത്രിവേണി സംഗമത്തില്‍ സ്നാനം ചെയ്യാത്ത ഇവര്‍ ഹിന്ദുക്കളെ അപമാനിക്കുകയായിരുന്നുവെന്നും ബിജെപിയുടെ സഖ്യകക്ഷിയായ ആര്‍പിഐ (റിപ്പബ്ലിക്കന്‍ പാര്‍ടി ഓഫ് ഇന്ത്യ) പ്രസിഡന്റ് കൂടിയായ രാമദാസ് അത്താവാലെ പറഞ്ഞു.
“രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന ഹിന്ദുക്കളുടെ വികാരം മാനിച്ച് ഇവര്‍ കുംഭമേളയില്‍ മുങ്ങിക്കുളിക്കേണ്ടതായിരുന്നു. അവര്‍ക്ക് എപ്പോഴും ഹിന്ദു വോട്ടുകള്‍ വേണം. മഹാകുംഭമേളയെ ബഹിഷ്കരിച്ചാലും അവര്‍ക്ക് ഹിന്ദു വോട്ടുകള്‍ വേണം. ഇനി ഹിന്ദുവോട്ടര്‍മാര്‍ ഇവരെ തള്ളിക്കളയണം. “-രാമദാസ് അത്താവാലെ പറഞ്ഞു.
ഈയിടെ നടന്ന മഹാരാഷ്ട്ര തെരഞ്ഞെടുപ്പില്‍ ഹിന്ദുവോട്ടര്‍മാര്‍ ഇവരെ പാഠം പഠിപ്പിച്ചതാണ്. -അദ്ദേഹം വിമര്‍ശിച്ചു. ഫെബ്രുവരി 26ന് മഹാശിവരാത്രി ദിവസമാണ് പ്രയാഗ് രാജില്‍ മഹാകുംഭമേള സമാപിച്ചത്. ഏകദേശം 64 കോടി പേരാണ് മഹാകുംഭമേളയില്‍ പങ്കെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: