Business

ചൈനയുടെ വില കുറഞ്ഞ ഇലക്ട്രിക് കാറിന് പുത്തന്‍ പതിപ്പ് ;ഒറ്റച്ചാര്‍ജില്‍ തിരുവനന്തപുരത്ത് നിന്നും കൊച്ചി വരെ പോകാം

ചൈനീസ് കമ്പനിയായ എംജി മോട്ടോഴ്‌സ് അവരുടെ ഏഴ് ലക്ഷം രൂപയുടെ കാറായ കോമറ്റിന് അല‍്പം കൂടി വില കൂടിയ പ്രത്യേക പുത്തന്‍ പതിപ്പ് പുറത്തിറക്കി. ഇതിന്‍റെ പേര് എംജി കോമറ്റ് ബ്ലാക്ക്‌സ്റ്റോം. വിപണിയിൽ ഇറങ്ങിയ ആദ്യ ദിവസം തന്നെ ഇന്ത്യയിലെ മാധ്യമങ്ങളില്‍ എംജി കോമറ്റ് ബ്ലാക്ക് സ്റ്റോം വാര്‍ത്തയായി. ഒറ്റച്ചാര്‍ജില്‍ 230 കിലോമീറ്റര്‍ ഓടുമെന്നതിനാല്‍ തിരുവനന്തപുരത്ത് നിന്നും കൊച്ചി വരെ സുഖമായി എത്താം.

Published by

മുംബൈ: ചൈനീസ് കമ്പനിയായ എംജി മോട്ടോഴ്‌സ് അവരുടെ ഏഴ് ലക്ഷം രൂപയുടെ കാറായ കോമറ്റിന് അല‍്പം കൂടി വില കൂടിയ പ്രത്യേക പുത്തന്‍ പതിപ്പ് പുറത്തിറക്കി. ഇതിന്റെ പേര് എംജി കോമറ്റ് ബ്ലാക്ക്‌സ്റ്റോം. വിപണിയിൽ ഇറങ്ങിയ ആദ്യ ദിവസം തന്നെ ഇന്ത്യയിലെ മാധ്യമങ്ങളില്‍ എംജി കോമറ്റ് ബ്ലാക്ക് സ്റ്റോം വാര്‍ത്തയായി. ഒറ്റച്ചാര്‍ജില്‍ 230 കിലോമീറ്റര്‍ ഓടുമെന്നതിനാല്‍ തിരുവനന്തപുരത്ത് നിന്നും കൊച്ചി വരെ സുഖമായി എത്താം.

മോടി കൂട്ടുന്ന ചില മാറ്റങ്ങളോടെയാണ് കോമറ്റ് ബ്ലാക്ക് സ്റ്റോമിന്റെ വരവ്. ഈ പുതിയ ബ്ലാക്ക്‌സ്റ്റോം പതിപ്പിന്റെ ആരംഭ എക്സ്-ഷോറൂം വില 7.80 ലക്ഷം രൂപയാണ്. എംജി കോമറ്റിനേക്കാള്‍ 80,000 രൂപ അധികം. ബാറ്ററിക്ക് പണം നല്‍കേണ്ടതില്ലാത്തതിനാലാണ് വില 7.80 ലക്ഷത്തില്‍ ഒതുങ്ങുന്നത്. ബാറ്ററിയുടെ വില ഈടാക്കുന്നില്ല. പകരം കാര്‍ ഒരു കിലോമീറ്റര്‍ ഓടിയാല്‍ 2.50 രൂപ കമ്പനിയ്‌ക്ക് നല്‍കിയാല്‍ മതി.

കോമറ്റ് ബ്ലാക്ക്‌സ്റ്റോം എഡിഷനിൽ ഡ്യുവൽ 10.25 ഇഞ്ച് ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്‍റ്, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, കണക്റ്റഡ് കാർ സവിശേഷതകൾ, എൽഇഡി ഹെഡ്‌ലാമ്പുകൾ, ടെയിൽ-ലാമ്പുകൾ, റിയർ പാർക്കിംഗ് ക്യാമറ, കീലെസ് ലോക്ക്/അൺലോക്ക്, ഡ്യുവൽ എയർബാഗുകൾ എന്നിവ ഇതിൽ വാഗ്ദാനം ചെയ്യുന്നു.

കോമറ്റ് ബ്ലാക്ക്‌സ്റ്റോമിന്റെ രൂപത്തിലും രൂപകൽപ്പനയിലുമുള്ള ഏറ്റവും വലിയ മാറ്റം അതിൽ ബ്ലാക്ക്-ഔട്ട് എക്സ്റ്റീരിയർ, ഇന്‍റീരിയർ തീം ലഭിക്കുന്നു എന്നതാണ്. ഇത് ചുവന്ന ആക്സന്‍റുകളോടെ പൂർത്തിയാക്കിയിരിക്കുന്നു. ഈ പുതിയ കളർ തീം കാറിന് കൂടുതൽ സ്‌പോർട്ടി ലുക്കും കരുത്തും നൽകുന്നു. 11,000 രൂപയാണ് ബുക്കിംഗ് തുക. ഈ ഇലക്ട്രിക് കാറിന്റെ ഔദ്യോഗിക ബുക്കിംഗും കമ്പനി ആരംഭിച്ചിട്ടുണ്ട്.
;
ടാറ്റയെ വരെ കിടുക്കിയ ഇലക്ട്രിക് ബാറ്ററി വാടകയ്‌ക്ക് കൊടുക്കുന്ന ചൈനീസ് കമ്പനിയുടെ പദ്ധതി

എംജി എന്ന ചൈനീസ് കാര്‍ കമ്പനി കൊണ്ടുവന്ന പുത്തന്‍ പദ്ധതിയാണ് ഇലക്ട്രിക് ബാറ്ററിയുടെ തുക ഈടാക്കാതെ, ബാറ്ററി വാടകയ്‌ക്ക് നല്കുന്ന പദ്ധതി. ഇതിന്റെ ഭാഗമായാണ് എംജിയുടെ കോമറ്റ് എന്ന മോഡല്‍ ഏഴര ലക്ഷത്തിന് പകരം അഞ്ച് ലക്ഷം രൂപയ്‌ക്ക് നല്‍കിത്തുടങ്ങിയത്. പകരം ബാറ്ററിയുടെ പണം കാര്‍ വാങ്ങുന്നയാള്‍ ഓടിക്കുന്ന ഓരോ കിലോമീറ്ററിലും രണ്ടര രൂപ വെച്ച് കമ്പനിക്ക് നല്‍കിയാല്‍ മതി. അതായത് കാര്‍ വാങ്ങുമ്പോള്‍ രണ്ടര ലക്ഷം ഇളവ് കിട്ടുന്നതുപോലെയാണിത്. പകരം ബാറ്ററിയുടെ തുക ഓടുന്നതിനനുസരിച്ച് കമ്പനി തിരിച്ചുപിടിക്കും. ഇലക്ട്രിക് കാറുകളുടെ പേരില്‍ ശ്രദ്ധേയരായ ഇന്ത്യയിലെ ടാറ്റ കമ്പനിയ്‌ക്ക് ഉള്‍പ്പെടെ വലിയ തിരിച്ചടി നല്‍കിയ പദ്ധതിയായിരുന്നു ചൈനീസ് കമ്പനിയുടെ ബാറ്ററിയുടെ വില മുന്‍കൂര്‍ വാങ്ങാതെ വാടകയ്‌ക്ക് കൊടുക്കുന്ന പദ്ധതി.

ഇപ്പോള്‍ കോമറ്റിന്റെ പ്രത്യേക പുത്തന്‍പതിപ്പായ ബ്ലാക്ക് സ്റ്റോം മോഡലിനും ബാറ്ററി എസ് എ സര്‍വ്വീസ് എന്ന BAAS പദ്ധതി അവതരിപ്പിച്ചിട്ടുണ്ട്.

കോമറ്റ് ബ്ലാക്ക്‌സ്റ്റോമിൽ ‘സ്റ്റാറി നൈറ്റ്’ എന്ന എക്സ്റ്റീരിയർ പെയിന്‍റ് ഷേഡ് ഉൾപ്പെടുത്തിയിട്ടുണ്ട്, ബമ്പറിനും ഫോഗ് ലാമ്പുകൾക്കും ചുറ്റും ചുവന്ന ആക്സന്റുകളുണ്ട്. കാറിന്റെ പിൻഭാഗത്തുള്ള ‘കോമറ്റ് ഇവി’, ‘ഇന്‍റർനെറ്റ് ഇൻസൈഡ്’ ബാഡ്ജുകളും ഇരുണ്ട നിറത്തിൽ അലങ്കരിച്ചിരിക്കുന്നു. ഇതിനുപുറമെ, ഉപഭോക്താക്കൾക്ക് ആക്സസറി പാക്കേജ് തിരഞ്ഞെടുക്കാനുള്ള ഓപ്ഷനുമുണ്ട്.

കറുത്ത ലെതറെറ്റ് അപ്ഹോൾസ്റ്ററി ഉപയോഗിച്ച് അകത്തളത്തിലും ബ്ലാക്ക്ഡ്-ഔട്ട് തീം തുടരുന്നു. അതിൽ ഹെഡ്‌റെസ്റ്റിൽ ചുവപ്പ് നിറത്തിൽ ‘ബ്ലാക്ക്‌സ്റ്റോം’ എന്ന് എഴുതിയിരിക്കുന്നു. എംജി സൗണ്ട് സിസ്റ്റം നാല് സ്പീക്കറുകളായാണ് വരുന്നത്.

ഡിസി ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്‌ക്കുന്ന 17.4 കിലോവാട്ട്സ് ബാറ്ററി പാക്കുമായാണ് കോമറ്റ് വരുന്നത്. ഒറ്റ ചാർജ്ജിൽ 230 കിലോമീറ്റർ സഞ്ചരിക്കാൻ ഇതിന് കഴിയും എന്നാണ് കമ്പനി പറയുന്നത്. അതായത് തിരുവനന്തപുരത്ത് നിന്നും കൊച്ചി വരെ ഒറ്റ ചാര്‍ജ്ജില്‍ ഓടിച്ചെത്താം.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by