കോടതികളെ വെല്ലുവിളിച്ച് പൊതുവഴി അടച്ചു കെട്ടി ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടയുന്ന സമരവുമായി വീണ്ടും സിപിഎം. കേന്ദ്ര അവഗണനയുടെ പേരു പറഞ്ഞ് കണ്ണൂര്‍ ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിലാണ് റോഡ് ഉപരോധിച്ച് സ്റ്റേജുകെട്ടി കസേരകള്‍ നിരത്തി രാവിലെ മുതല്‍ വൈകിട്ട് വരെ വാഹനങ്ങള്‍ തടഞ്ഞും ജനങ്ങള്‍ക്ക് വഴിനടക്കാനാവാതെയും സിപിഎമ്മിന്റെ നേതൃത്വത്തില്‍ ഉപരോധസമരം നടന്നത്. സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി എം.വി. ജയരാജന്‍ ഉള്‍പ്പെടെയുള്ള പാര്‍ട്ടി നേതാക്കളും, കെ.വി. സുമേഷ് എംഎല്‍എയും അടക്കമുള്ളവരാണ് വഴിതടയിലിന് നേതൃത്വം നല്‍കിയത്. ഗതാഗതം പൂര്‍ണ്ണമായി തടഞ്ഞതോടെ സിപിഎമ്മിനെ സഹായിക്കാനെന്നോണം വാഹനങ്ങള്‍ മറ്റൊരു വഴിക്ക് തിരിച്ചുവിടുകയാണ് പോലീസ് ചെയ്തത്. റോഡ് ഉപരോധിച്ച് സമരം നടത്തുന്നതില്‍ നിന്ന് സിപിഎമ്മിനെ പിന്മാറ്റാന്‍ പോലീസ് യാതൊന്നും ചെയ്തില്ല എന്നത് ശ്രദ്ധേയമാണ്. പരിപാടി കഴിഞ്ഞപ്പോള്‍ പോലീസ് കേസെടുത്തിരിക്കുന്നത് സിപിഎമ്മുമായി ഒത്തുകളിച്ചാവണം. തിരുവനന്തപുരത്ത് റോഡ് ഉപരോധിച്ചപ്പോള്‍ കാഴ്ചക്കാരായി നിന്ന പോലീസ് അന്നും ഇത്തരം നാടകം കളിക്കുകയുണ്ടായി.
തിരുവനന്തപുരത്ത് റോഡ് ഉപരോധിച്ച് സമാന രീതിയിലുള്ള സമരം നടത്തിയതിന് സംഘാടകരായ സിപിഎം നേതാക്കള്‍ക്കും പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായ എം.വി. ഗോവിന്ദനും മറ്റുമെതിരെ കേസെടുക്കുകയുണ്ടായി. ഇതുമായി സഹകരിക്കാന്‍ കൂട്ടാക്കാത്തതിനെ തുടര്‍ന്ന് നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചപ്പോള്‍ ഈ നേതാക്കള്‍ മനസ്സില്ലാമനസ്സോടെ വഴങ്ങുകയായിരുന്നു. ഇത്തരം സമരങ്ങള്‍ തങ്ങളുടെ അവകാശമാണെന്നും അത് ചോദ്യം ചെയ്യാന്‍ ആര്‍ക്കും അധികാരമില്ലെന്നുമുള്ള സമീപനമാണ് സിപിഎം സ്വീകരിച്ചു പോരുന്നത്. പൊതു സ്ഥലമായ വഴിയോരങ്ങളില്‍ അനധികൃതമായി ബാനറുകളും കൊടി തോരണങ്ങളും മറ്റും കെട്ടുന്നതിനെതിരെ കുറച്ചുനാള്‍ മുന്‍പ് ഹൈക്കോടതി മുന്നറിയിപ്പ് നല്‍കുകയുണ്ടായി. ഇതിനെതിരെ രംഗത്തുവന്നതും സിപിഎമ്മാണ്. ഈ ഉത്തരവ് പുറപ്പെടുവിച്ച ന്യായാധിപനെ പരിഹസിക്കുകയും ഭീഷണിപ്പെടുത്തുകയുമാണ് സിപിഎം നേതാക്കള്‍ ചെയ്തത്. മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ ഇതിന് മുന്നോട്ടിറങ്ങി. അനധികൃതമായി ബോര്‍ഡുകളും മറ്റും സ്ഥാപിക്കുന്നതിനെതിരെ ഹൈക്കോടതി ഉത്തരവ് നിലനില്‍ക്കുമ്പോഴാണ് തിരുവനന്തപുരത്ത് റോഡുകള്‍ തന്നെ ഉപരോധിച്ച് സിപിഎം സമ്മേളനം നടത്തി കോടതിയെ വെല്ലുവിളിച്ചത്.
സിപിഎമ്മിന്റെ ഭാഗത്തുനിന്ന് എന്തുകൊണ്ട് ഇത്തരം നിയമലംഘനങ്ങള്‍ തുടര്‍ച്ചയായി ഉണ്ടാവുന്നു എന്നതിന്റെ ഉത്തരം എളുപ്പത്തില്‍ ലഭിക്കും. ജനാധിപത്യത്തില്‍ വിശ്വസിക്കുകയോ അതിന്റെ നിബന്ധനകള്‍ അനുസരിക്കുകയോ ചെയ്യുന്ന പാര്‍ട്ടിയല്ല സിപിഎം. അധികാരം ലഭിക്കുന്നതിനു മാത്രം തങ്ങള്‍ ജനാധിപത്യത്തില്‍ വിശ്വസിക്കുന്നുണ്ടെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുക മാത്രമാണ് സിപിഎം ചെയ്യുന്നത്. അധികാരം ലഭിച്ചുകഴിഞ്ഞാല്‍ തനിനിറം പുറത്തെടുക്കുകയും ചെയ്യും. ഇതിനെതിരെ ആരും ശബ്ദിച്ചുകൂടായെന്നാണ് സിപിഎമ്മിന്റെ മനോഭാവം. കോടതികള്‍ പോലും തങ്ങളുടെ ആജ്ഞകള്‍ക്ക് കീഴ്‌പ്പെട്ടുകൊള്ളണമെന്ന് സിപിഎം ശഠിക്കുന്നു. ‘ബൂഷ്വാ കോടതി’കളെ അനുസരിക്കുന്നവരല്ല തങ്ങളെന്ന് സിപിഎം പണ്ടേ തെളിയിച്ചിട്ടുള്ളതാണ്. പാര്‍ട്ടി നേതാക്കള്‍ ഇപ്പോഴും അത് ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു. കോടതിയലക്ഷ്യത്തിന് സുപ്രീം കോടതിയില്‍ പിഴയടച്ച് രക്ഷപ്പെട്ട നേതാവാണ് ഇ.എം.എസ്. നമ്പൂതിരിപ്പാട്. പണത്തിന്റെ കനം നോക്കിയാണ് കോടതികള്‍ വിധി പറയുന്നതെന്ന് പാര്‍ട്ടി നേതാവ് പാലൊളി മുഹമ്മദ് കുട്ടി പ്രഖ്യാപിച്ചത് വലിയ വിവാദമായതാണല്ലോ. ന്യായാധിപന്മാരെ ശുംഭന്മാര്‍ എന്നു വിളിച്ച് അധിക്ഷേപിച്ചയാളാണ് സിപിഎം നേതാവ് എം.വി. ജയരാജന്‍. ഈ നേതാവിന്റെ നേതൃത്വത്തിലാണ് കോടതി വിധിയെ കാറ്റില്‍പ്പറത്തി കണ്ണൂര് റോഡ് ഉപരോധിച്ചത്. നിയമവാഴ്ച നിലനില്‍ക്കേണ്ട സമൂഹത്തില്‍ ഇത്തരം അതിക്രമങ്ങള്‍ അനുവദിച്ചുകൂടാ. ജനങ്ങള്‍ക്ക് മാതൃകയാകുന്ന വിധത്തില്‍ അതിശക്തമായ നടപടികള്‍ നീതിപീഠത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാവണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക