ന്യൂദല്‍ഹി: മഹാരാഷ്‌ട്രയിലെ ബുല്‍ദാന ജില്ലയില്‍ 300ലധികം പേര്‍ക്ക് പെട്ടെന്ന് മുടി കൊഴിച്ചിലും കഷണ്ടിയും ബാധിക്കാന്‍ കാരണമായത് അവര്‍ കഴിഞ്ഞ ഗോതമ്പിലെ ഉയര്‍ന്ന അളവിലുള്ള സെലിനിയമാണെന്ന് നിഗമനം.
പ്രശസ്ത ഭിഷഗ്വരനും പത്മശ്രീ അവാര്‍ഡ് ജേതാവുമായ ഡോ. ഹിമ്മത്‌റാവു ബവാസ്‌കര്‍ ആണ് ഇത്തരമൊരു നിഗമനം പങ്കുവയ്‌ക്കുന്നത്. പഞ്ചാബില്‍ നിന്നും ഹരിയാനയില്‍ നിന്നും ഇറക്കുമതി ചെയ്ത് പൊതുവിതരണ സംവിധാനത്തിലൂടെ വിതരണം ചെയ്ത ഗോതമ്പില്‍ സെലിനിയം എന്ന മൂലകം അപകടകരമാംവിധം ഉയര്‍ന്ന അളവില്‍ അടങ്ങിയിട്ടുണ്ടെന്നാണ് അദ്ദേഹത്തിന്‌റെ കണ്ടെത്തല്‍.
ശരീരത്തിന് വളരെ കുറഞ്ഞ അളവില്‍ ആവശ്യമുള്ള ഒരു അവശ്യമൂലകമാണ് സെലിനിയം. നമ്മുടെ കോശങ്ങളെ കേടുപാടുകളില്‍ നിന്ന് സംരക്ഷിക്കാന്‍ സഹായിക്കുന്ന ഗ്ലൂട്ടത്തയോണ്‍ പെറോക്‌സിഡേസ് പോലുള്ള എന്‍സൈമുകളുടെ ഉത്പാദനത്തിന് ഇത് സഹായിക്കുന്നു. എന്നാല്‍ അമിതമായാല്‍ സെലനോസിസ് എന്ന അവസ്ഥയ്‌ക്ക് കാരണമാവാം. ശരീരത്തിന് അതിന്‌റെ പൂര്‍ണ്ണമായ മെറ്റബോളിസം സാധ്യമാവില്ല. ഇത് മുടി കൊഴിച്ചില്‍, നഖങ്ങള്‍ പൊട്ടല്‍, ചര്‍മ്മ പ്രശ്‌നങ്ങള്‍ എന്നിവയ്‌ക്ക് കാരണമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: