Kerala

എന്‍സിപി പ്രസിഡന്റ് സ്ഥാനത്തേയ്‌ക്ക് തോമസ് കെ തോമസ്, ചാക്കോയുടെ കളി കാര്യമായോ?

Published by

കോട്ടയം: എന്‍സിപി സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേയ്‌ക്ക് തോമസ് കെ തോമസ് എത്തുമ്പോള്‍ മുന്‍ പ്രസിഡന്റ് പി സി ചാക്കോയ്‌ക്ക് റോളെന്താവും? സമ്മര്‍ദ്ദ തന്ത്രമെന്ന നിലയ്‌ക്കാണ് ചാക്കോ രാജി പ്രഖ്യാപിച്ചതെങ്കിലും കളി കാര്യമാവുകയായിരുന്നു. അതേസമയം തോമസിനെ മന്ത്രിയാക്കാന്‍ കഴിഞ്ഞില്ലെങ്കിലും പ്രസിഡന്‌റാക്കാന്‍ കഴിഞ്ഞുവെന്നാണ് ചാക്കോയെ വിശുദ്ധ പദവിയില്‍ കാണുന്നവരുടെ വ്യാഖ്യാനം. എന്നാല്‍ തോമസിനു വേണ്ടി പിണറായി വിജയനോടും കേന്ദ്ര നേതൃത്വത്തോടും ഒരേസമയം പോരാടി പരാജയപ്പെട്ട ചാക്കോയെ ഒടുവില്‍ തോമസ് തന്നെ തള്ളിപ്പറയുകയായിരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. തോമസ് കെ തോമസ് പുതിയ പദവിക്കു വേണ്ടി എ. കെ. ശശീന്ദ്രനൊപ്പം ചേര്‍ന്നുവെന്നതാണ് ചാക്കോ പക്ഷത്തെ വിഷമിപ്പിക്കുന്നത്. അതേസമയം ചേക്കേറാന്‍ പുതിയ പാര്‍ട്ടി തിരയുകയാണ് ചാക്കോ എന്നും ശ്രുതിയുണ്ട്.
എന്‍സിപി ദേശീയ ജനറല്‍ സെക്രട്ടറി ജിതേന്ദ്ര അവാഡ് കൊച്ചിയില്‍ വിളിച്ചുചേര്‍ത്ത സംസ്ഥാന കമ്മിറ്റി യോഗത്തില്‍ എല്ലാവരുംതന്നെ തോമസ് കെ തോമസിനെ തന്നെ പ്രസിഡന്റ് സ്ഥാനത്തേയ്‌ക്ക് നിര്‍ദ്ദേശിക്കുകയായിരുന്നു. ഈ സാഹചര്യത്തില്‍ എതിര്‍പ്പുയര്‍ത്താന്‍ ചാക്കോയ്‌ക്ക് ആവുമായിരുന്നില്ല. ചാക്കോയുടെ മനസിലിരുപ്പ് വരും ദിവസങ്ങളിലേ പുറത്തുവരൂ.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by