Entertainment

പതിമൂന്നാം ആഴ്ചയിലും നെറ്റ്ഫ്ലിക്സിൽ തരംഗമായി ദുൽഖർ സൽമാൻ ചിത്രം; അപൂർവ റെക്കോർഡുമായി ലക്കി ഭാസ്കർ

Published by

ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിച്ചത്.അതിനു മുൻപ് തീയേറ്ററുകളിൽ ബ്ലോക്ക്ബസ്റ്റർ വിജയം നേടിയ ചിത്രം ആഗോള തലത്തിൽ 110 കോടിയോളം ഗ്രോസ് നേടി ദുൽഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയമായി മാറിയിരുന്നു. ഇപ്പോഴിതാ ഒടിടി സ്ട്രീമിങ് ആരംഭിച്ചു 13 ആഴ്ചകൾ പിന്നിടുമ്പോഴും നെറ്റ്ഫ്ലിക്സിൽ ട്രെൻഡിങ് ലിസ്റ്റിൽ നിലനിൽക്കുകയാണ് ലക്കി ഭാസ്കർ. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ തെന്നിന്ത്യൻ ചിത്രമായി ലക്കി ഭാസ്കർ മാറിയിരിക്കുകയാണ്. ഇന്ത്യൻ സിനിമയിൽ തരംഗം സൃഷ്‌ടിച്ച മറ്റൊരു തെന്നിന്ത്യൻ ചിത്രത്തിനും സ്വന്തമാക്കാനാവാത്ത റെക്കോർഡ് ആണ് ഈ ദുൽഖർ ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. വെങ്കി അറ്റ്ലൂരി രചിച്ച് സംവിധാനം ചെയ്ത ചിത്രം ഒടിടിയിൽ റിലീസ് ചെയ്ത സമയം മുതൽ ആഗോള തലത്തിൽ ട്രെൻഡിങ് ആയിരുന്നു.

ആ സമയത്ത് ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ്, ഖത്തർ, ഒമാൻ എന്നിവിടങ്ങളിൽ നെറ്റ്ഫ്ലിക്സ് സ്ട്രീമിങ്ങിൽ ഒന്നാമതായി ട്രെൻഡ് ചെയ്ത ഈ ചിത്രം, സിംഗപ്പൂർ, പാകിസ്ഥാൻ, ബഹ്‌റൈൻ, മാലിദ്വീപ്, കുവൈറ്റ് എന്നിവിടങ്ങളിലും ട്രെൻഡിങ്ങിൽ ആദ്യ പത്തിൽ ഇടം നേടിയിരുന്നു. തീയേറ്ററുകളിൽ പാൻ ഇന്ത്യൻ ബ്ലോക്ക്ബസ്റ്ററായ ചിത്രത്തിന് ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലും അഭൂതപൂർവമായ സ്വീകരണമാണ് ആഗോള തലത്തിലുള്ള പ്രേക്ഷകർ നൽകിയത്. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലാണ് ചിത്രം നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്യുന്നത്.

തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിൽ തീയേറ്ററിൽ റിലീസ് ചെയ്ത ചിത്രം കേരളത്തിലും ഗൾഫിലും തീയേറ്ററുകളിൽ എത്തിച്ചത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആയിരുന്നു ബോക്സ് ഓഫീസ് പ്രകടനത്തിന് പുറമെ ചിത്രത്തിലെ ടൈറ്റിൽ കഥാപാത്രമായുള്ള തന്റെ ഗംഭീര പ്രകടനം കൊണ്ടും ദുൽഖർ സൽമാൻ പ്രേക്ഷക- നിരൂപക പ്രശംസ നേടിയിരുന്നു. ഒരു പീരീഡ് ഡ്രാമ ത്രില്ലറായി ഒരുക്കിയ ചിത്രം, 1992 ൽ ബോംബ സ്റ്റോക്ക് എക്സ്ചേഞ്ചിൽ നടന്ന കുപ്രസിദ്ധമായ തട്ടിപ്പിന്റെ പശ്‌ചാത്തലത്തിലാണ് കഥ പറയുന്നത്. മീനാക്ഷി ചൗധരി നായികാ വേഷം ചെയ്ത ചിത്രം സൂര്യദേവര നാഗവംശി, സായി സൗജന്യ എന്നിവരുടെ നേതൃത്വത്തിലുള്ള സിതാര എന്റർടൈൻമെൻറ്സും ഫോർച്യൂൺ ഫോർ സിനിമാസും ചേർന്നാണ് നിർമ്മിച്ചത്. അവതരണം ശ്രീകര സ്റ്റുഡിയോസ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by