പിടിയിലായ അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാർ
റായ്പൂർ : ഛത്തീസ്ഗഢിലെ റായ്പൂരിൽ വ്യാജ രേഖകൾ തയ്യാറാക്കി ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാർക്ക് അഭയം നൽകിയ കേസിൽ ഞെട്ടിക്കുന്ന നിരവധി വെളിപ്പെടുത്തലുകൾ പുറത്തുവന്നു. തീവ്രവാദ വിരുദ്ധ സ്ക്വാഡ് (എടിഎസ്) അറസ്റ്റ് ചെയ്ത മൂന്ന് ബംഗ്ലാദേശി സഹോദരന്മാരെ ചോദ്യം ചെയ്തതിന് ശേഷമാണ് സുപ്രധാന വിവരങ്ങൾ പോലീസിന് ലഭിച്ചത്.
ഇത് പ്രകാരം റായ്പൂർ പോലീസ് മുഖ്യസൂത്രധാരൻ ഷെയ്ഖ് അലിക്കെതിരെ ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചു. രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിൽ മുംബൈ എടിഎസ് മൂന്ന് ബംഗ്ലാദേശി പൗരന്മാരായ ഷെയ്ഖ് ഇസ്മായിൽ, ഷെയ്ഖ് അക്ബർ, ഷെയ്ഖ് സാജൻ എന്നിവരെ കഴിഞ്ഞ ആഴ്ച അറസ്റ്റ് ചെയ്തിരുന്നു. അന്വേഷണത്തിനിടെ വ്യാജ പാസ്‌പോർട്ടുകൾ, ആധാർ കാർഡുകൾ, വോട്ടർ ഐഡികൾ, റേഷൻ കാർഡുകൾ, മറ്റ് സർക്കാർ രേഖകൾ എന്നിവ അവരുടെ പൗരത്വത്തിനായി തയ്യാറാക്കിയതായി കണ്ടെത്തിയിരുന്നു.
അനധികൃത ബംഗ്ലാദേശികൾക്ക് അഭയം നൽകുന്ന ഷെയ്ഖ് അലി തന്നെയാണ് റായ്പൂരിലെയും ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാർക്ക് അഭയം നൽകിയതായി അന്വേഷണത്തിൽ വെളിപ്പെട്ടത്. ഇയാൾ പോലീസിൽ നിന്ന് നിരന്തരം ഒളിച്ചോടുകയാണ്. മഹാരാഷ്‌ട്ര, ഉത്തർപ്രദേശ്, ബംഗാൾ എന്നിവിടങ്ങളിലെ ബന്ധുക്കളുടെ വീടുകളിൽ ഇയാൾ ഒളിവിൽ കഴിയുന്നുണ്ടെന്ന് നേരത്തെ കരുതിയിരുന്നെങ്കിലും ഇയാൾ ബംഗ്ലാദേശിലേക്ക് പലായനം ചെയ്യാനുള്ള സാധ്യതയുമുണ്ടെന്ന് പോലീസ് സംശയിക്കുന്നു.
എന്നിരുന്നാലും ഇതുവരെ ഈ സ്ഥലങ്ങളിലെ ഇയാളുടെ സാന്നിധ്യത്തെക്കുറിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ലെന്ന് പോലീസ് പറഞ്ഞു. അതേസമയം മൂന്ന് ബംഗ്ലാദേശി സഹോദരന്മാരുടെ വ്യാജ രേഖകൾ നിർമ്മിച്ചതിന് കമ്പ്യൂട്ടർ ഓപ്പറേറ്റർ മുഹമ്മദ് ആരിഫിനെ തിങ്കളാഴ്ച പോലീസ് അറസ്റ്റ് ചെയ്തു. ബംഗ്ലാദേശികൾക്ക് വ്യാജ രേഖകൾ തയ്യാറാക്കി നിയമവിരുദ്ധമായി രാജ്യത്തിന് പുറത്തേക്ക് അയയ്ക്കുന്നതിനായി മുഹമ്മദ് ആരിഫും ഷെയ്ഖ് അലിയും ഒരു സംഘടിത റാക്കറ്റ് തന്നെ രൂപീകരിച്ചതായി പോലീസ് പറഞ്ഞു.
ഗോൾബസാർ പോലീസ് സ്റ്റേഷനിൽ 336 (3), 337, 338, 340 (1) എന്നീ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ആരിഫിനെ കോടതിയിൽ ഹാജരാക്കി രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. റിമാൻഡിലായ മൂന്ന് ബംഗ്ലാദേശി സഹോദരന്മാർക്ക് പുറമേ, ആരിഫ് നിരവധി ബംഗ്ലാദേശികളുടെ വ്യാജ രേഖകൾ നിർമ്മിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി. മറ്റുള്ളവരുടെ രേഖകൾ സ്കാൻ ചെയ്യുകയും വ്യാജ വോട്ടർ ഐഡികൾ, പാൻ കാർഡുകൾ, ആധാർ കാർഡുകൾ തുടങ്ങിയവ നിർമ്മിക്കുകയും ഇയാൾ ചെയ്തിരുന്നു. വിസ ലഭിക്കാനും പ്രതികൾ വ്യാജ രേഖകൾ ഉപയോഗിച്ചിരുന്നു.
വ്യാജ രേഖകൾ ഉപയോഗിച്ച് ഇറാഖിലേക്ക് രക്ഷപ്പെടാൻ ശ്രമിച്ച മൂന്ന് ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ മുംബൈ, റായ്പൂർ എടിഎസ് ആണ് അറസ്റ്റ് ചെയ്തത്. നുഴഞ്ഞുകയറ്റക്കാരിൽ ഷെയ്ഖ് ഇസ്മായിൽ, ഷെയ്ഖ് അക്ബർ, ഷെയ്ഖ് സാജൻ എന്നിവരെ ഇതിനോടകം തന്നെ റിമാൻഡിലാക്കിയിട്ടുണ്ട്. ഈ മൂന്ന് പേരെയും അറസ്റ്റ് ചെയ്ത ശേഷം പോലീസും എടിഎസ് സംഘവും ഇപ്പോൾ അവരെ സഹായിച്ചവർക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
നിരവധി ബംഗ്ലാദേശികൾ വർഷങ്ങളായി റായ്പൂരിൽ താമസിക്കുന്നുണ്ടെന്നും വ്യാജ രേഖകളുടെ സഹായത്തോടെ ദുബായ്, ഇറാഖ്, സിറിയ, പാകിസ്ഥാൻ എന്നിവിടങ്ങളിലേക്ക് പോയിട്ടുണ്ടെന്നും ഇതിനോടകം മനസിലാക്കാൻ കഴിഞ്ഞതായി പോലീസ് പറഞ്ഞു. ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാർക്കായി വ്യാജ രേഖകൾ തയ്യാറാക്കിയ ഷെയ്ഖ് അലിയാണ് ഈ മുഴുവൻ റാക്കറ്റിന്റെയും മുഖ്യസൂത്രധാരനെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
നാഗ്പൂർ, മുംബൈ, ഉത്തർപ്രദേശ്, കൊൽക്കത്ത എന്നിവിടങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥരെ പോലീസ് ബന്ധപ്പെടുകയും ഷെയ്ഖ് അലിയെ തിരയുകയും ചെയ്യുന്നുണ്ട്. ഇതിന് പുറമെ വ്യാജ രേഖകൾ നിർമ്മിച്ച 25 ലധികം പേരെ, അഭിഭാഷകർ, നോട്ടറിമാർ, ഫെസിലിറ്റേഷൻ സെന്ററുകൾ, സെന്റർ ഓപ്പറേറ്റർമാർ എന്നിവരുൾപ്പെടെ ചോദ്യം ചെയ്തിട്ടുണ്ട്.
അതേ സമയം റായ്പൂരിൽ അനധികൃതമായി താമസിക്കുന്ന ബംഗ്ലാദേശികൾ സർക്കാർ രേഖകൾ ഉണ്ടാക്കി വിദേശത്തേക്ക് പോകുന്ന സംഭവങ്ങൾ ദേശീയ സുരക്ഷയ്‌ക്ക് ഗുരുതരമായ ആശങ്കയുണ്ടാക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക