ന്യൂദല്‍ഹി: മുസ്ലിങ്ങള്‍ക്കിടയില്‍, അനന്തരാവകാശികള്‍ക്കുള്ള സ്വത്ത് വീതം വയ്‌ക്കുമ്പോള്‍ പുരുഷന് തുല്യമായ അവകാശം സ്ത്രീക്കും ലഭിക്കണമെന്ന് പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകയും നിസ സ്ഥാപകയുമായ വി.പി. സുഹ്‌റ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ സാന്നിധ്യത്തില്‍ കേന്ദ്ര ന്യൂനപക്ഷ ക്ഷേമ മന്ത്രി കിരണ്‍ റിജിജുവുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് സുഹ്‌റ ഈ ആവശ്യം ഉന്നയിച്ചത്.
മുസ്ലിം പിന്തുടര്‍ച്ചാ അവകാശ നിയമത്തില്‍ നീതിയും സുതാര്യതയും വരുത്താനുള്ള കരട് ബില്‍ സുഹ്‌റ ചര്‍ച്ചയില്‍ അവതരിപ്പിച്ചതായും സുരേഷ് ഗോപി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഈ ആവശ്യം ഉന്നയിച്ച് കഴിഞ്ഞ ദിവസം വി.പി. സുഹറ ദല്‍ഹി ജന്തര്‍മന്തറില്‍ അനിശ്ചിതകാല നിരാഹാര സമരം നടത്തിയിരുന്നു. പോലീസ് എത്തി സമരം തടഞ്ഞു.
മുസ്ലിം സ്ത്രീകള്‍ക്ക് തുല്യ അനന്തരാവകാശം ലഭിക്കുന്നതുമായി ബന്ധപ്പെട്ട സുപ്രധാന ചര്‍ച്ചയുടെ ഭാഗമാകാന്‍ അവസരം ലഭിച്ചുവെന്ന് സുരേഷ് ഗോപി കുറിച്ചു. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ കൂടിയാലോചനകള്‍ നടത്തുമെന്ന് കേന്ദ്രമന്ത്രി റിജിജു, സുഹ്‌റയ്‌ക്ക് ഉറപ്പുനല്‍കി. കേന്ദ്ര നിയമ മന്ത്രാലയവുമായും നിയമ വിദഗ്ധരുമായും മറ്റ് അധികാരികളുമായും ബില്‍ സംബന്ധിച്ച് ചര്‍ച്ച നടത്തുമെന്നും സുഹ്‌റയെ അറിയിച്ചു.
എല്ലാവര്‍ക്കും സമത്വവും നീതിയും ലഭിക്കുന്നതിന് വേണ്ടി താന്‍ നിലകൊള്ളും. സമൂഹത്തിലെ ഓരോ വ്യക്തിയെയും ശാക്തീകരിക്കുന്നതിനുള്ള പരിശ്രമങ്ങളെ തുടര്‍ന്നും പിന്തുണയ്‌ക്കും.- സുരേഷ് ഗോപി കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: