Kerala

പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ നിധി; കള്ള പ്രചാരണവുമായി കൃഷിവകുപ്പ്

Published by

മൂലമറ്റം: കേന്ദ്ര സര്‍ക്കാരിന്റെ സുപ്രധാന പദ്ധതിയായ കിസാന്‍ സമ്മാന്‍ നിധി സംസ്ഥാന സര്‍ക്കാരിന്റേതാണെന്ന കള്ള പ്രചരണവുമായി കൃഷിവകുപ്പ്. കര്‍ഷകര്‍ക്ക് കാര്‍ഷിക ആവശ്യങ്ങള്‍ക്കായി 2000 രൂപ വീതം മൂന്നു തവണയായി 6000 രൂപ വര്‍ഷത്തില്‍ ലഭിക്കുന്ന പദ്ധതിയാണ് പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ നിധി. ഈ തുക കേന്ദ്ര സര്‍ക്കാര്‍ നേരിട്ട് കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നല്‍കുകയാണ് ചെയ്യുന്നത്.

പത്തൊമ്പതാം തവണയായ 2000 രൂപ കഴിഞ്ഞ ദിവസം മുതല്‍ കര്‍ഷകര്‍ക്ക് ലഭിച്ചു തുടങ്ങി. ഈ പദ്ധതിയുടെ പേരിലാണ് സംസ്ഥാന സര്‍ക്കാര്‍ വ്യാജപ്രചരണം നടത്തുന്നത്. ഒരു വിഭാഗം കൃഷി വകുപ്പ് ജീവനക്കാരാണ് പ്രചരണത്തിന് നേതൃത്വം നല്‍കുന്നത്.

പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ നിധിയുടെ 19-ാം തവണയുടെ വിതരണത്തോടനുബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍, പട്ടികജാതി, പട്ടിക വര്‍ഗ്ഗ വകുപ്പു മന്ത്രി ഒ.ആര്‍. കേളു, കൃഷി മന്ത്രി പി. പ്രസാദ്, കോണ്‍ഗ്രസ് എംപി കെ.സി. വേണുഗോപാല്‍ എന്നിവരുടെ ചിത്രങ്ങള്‍ വെച്ച് പോസ്റ്റര്‍ ഇറക്കി അത് കൃഷി ഭവന്‍ ഗ്രൂപ്പിലും മറ്റ് സമൂഹ മാധ്യമങ്ങളിലും ആസൂത്രിതമായി പ്രചരിപ്പിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം വെയ്‌ക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചിട്ടുമുണ്ട്.

തൊടുപുഴ, കുടയത്തൂര്‍ കൃഷിഭവന്റെ ഗ്രൂപ്പില്‍ കൃഷി വകുപ്പ് ഉദ്യോഗസ്ഥരാണ് ഈ പോസ്റ്റര്‍ ഷെയര്‍ ചെയ്തത്. കൃഷി ഭവന്‍ ഉദ്യോഗസ്ഥരെ നേരിട്ട് വിളിച്ച് പ്രതിഷേധം അറിയിച്ചതോടെ പോസ്റ്ററിന്റെ താഴെ പി.എം. കിസാന്‍ സമ്മാന്‍ നിധി വിതരണം ആരംഭിച്ചു എന്ന കുറിപ്പ് കൂടി പോസ്റ്റ് ചെയ്തു. സംഭവം വിവാദമായതോടെ കുടയത്തൂര്‍ കൃഷി ഭവന്റെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ നിന്നും പോസ്റ്റര്‍ നീക്കം ചെയ്തിട്ടുണ്ട്.

കേന്ദ്ര പദ്ധതികളെല്ലാം സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതികളാണെന്ന് തെറ്റിദ്ധരിപ്പിക്കാന്‍ ആസൂത്രിതമായ നീക്കമാണ് വര്‍ഷങ്ങളായി സംസ്ഥാന സര്‍ക്കാര്‍ നടത്തി വരുന്നത്. ഇതിന് ഒരു വിഭാഗം സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ കൂട്ടുനില്‍ക്കുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണിത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക