India

ശിവരാത്രിആഘോഷം മുടക്കികള്‍ക്ക് എതിരെ മദ്രാസ് ഹൈക്കോടതി;സദ്ഗുരുവിന്റെ ആശ്രമത്തിലെ മഹാശിവരാത്രി ആഘോഷത്തിന് കോടതിയുടെ അനുമതി

സദ്ഗുരുവിന്‍റെ കോയമ്പത്തൂര്‍ ആശ്രമത്തിലെ മഹാശിവരാത്രി ആഘോഷം പ്രസിദ്ധമാണ്. ഇന്ത്യയില്‍ നിന്നും മാത്രമല്ല ലോകത്തിന്‍റെ നാനാകോണുകളില്‍ നിന്നും വിവിഐപിമാര്‍ ഉള്‍പ്പെടെ അതിഥികള്‍ എത്തുന്നതാണ് കോയമ്പത്തൂര്‍ ഇഷ ഫൗണ്ടേഷന്‍ ആശ്രമത്തിലെ മഹാശിവരാത്രി ആഘോഷം.

Published by

ചെന്നൈ: സദ്ഗുരുവിന്റെ കോയമ്പത്തൂര്‍ ആശ്രമത്തിലെ മഹാശിവരാത്രി ആഘോഷം പ്രസിദ്ധമാണ്. ഇന്ത്യയില്‍ നിന്നും മാത്രമല്ല ലോകത്തിന്റെ നാനാകോണുകളില്‍ നിന്നും വിവിഐപിമാര്‍ ഉള്‍പ്പെടെ അതിഥികള്‍ എത്തുന്നതാണ് കോയമ്പത്തൂര്‍ ഇഷ ഫൗണ്ടേഷന്‍ ആശ്രമത്തിലെ മഹാശിവരാത്രി ആഘോഷം. ഇത് തടയാന്‍ വേണ്ടി ചിലര്‍ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. അവര്‍ നിരത്തിയ ന്യായം എന്തെന്നോ? സദ് ഗുരുവിന്റെ ആശ്രമത്തില്‍ കഴിഞ്ഞ വര്‍ഷം ശിവരാത്രി ആഘോഷിക്കുമ്പോള്‍ മലിനീകരണ നിയമം ലംഘിച്ചുവെന്നായിരുന്നു എസ്.ടി.ശിവജ്ഞാനം എന്നയാളുടെ പരാതി. മാലിന്ം പുറന്തള്ളാന്‍ വേണ്ട സംവിധാനം ഇല്ലെന്നും ശബ്ദമലിനീകരണം തടയാന്‍ സജ്ജീകരണങ്ങള്‍ ഇല്ലെന്നും മറ്റുമായിരുന്നു പരാതിക്കാരന്റെ വാദം.

ഇതോടെ മദ്രാസ് ഹൈക്കോടതി തമിഴ്നാട് മലിനീകരണ നിയന്ത്രണബോര്‍ഡിനോട് ഇക്കാര്യങ്ങള്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു. ബോര്‍ഡ് എല്ലാ പരിശോധനകളും നടത്തിയ ശേഷം പച്ചക്കൊടി വീശുകയായിരുന്നു. സദ്ഗുരു ആശ്രമത്തില്‍ മാലിന്യങ്ങള്‍ സംസ്കരിക്കാനുള്ള എല്ലാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് ബോര്‍ഡ് വിശദീകരിച്ചു. ഇഷ ഫൗണ്ടേഷനിലെ ശിവരാത്രി ആഘോഷത്തിന് ഏഴ് ലക്ഷം പേര്‍ പങ്കെടുക്കുന്നുണ്ടെന്നും ഇവര്‍ നിറയ്‌ക്കുന്ന മാലിന്യം സംസ്കരിക്കാന്‍ സൗകര്യങ്ങളില്ലെന്നും പരാതിപരാതിക്കാരന്‍ വാദിച്ചിരുന്നു. എന്നാല്‍ പരാതിക്കാരന്‍ പറയുന്ന അത്രയും പേര്‍ ഇവിടെ ആഘോഷങ്ങളില്‍ പങ്കെടുക്കാറില്ലെന്നും ഇക്കുറി ആകെ 60,000 കസേരകള്‍ മാത്രമാണ് നിരത്തിയിരിക്കുന്നതെന്നും ഇഷ ഫൗണ്ടേഷന്‍ അവരുടെ സത്യവാങ്മൂലത്തില്‍ ബോധിപ്പിച്ചിരുന്നു.

ഇതോടെയാണ് ജസ്റ്റിസുമാരായ എസ്.എം. സുബ്രഹ്മണ്യന്‍, കെ.രാജശേഖര്‍ എന്നിവരടങ്ങുന്ന ബെഞ്ച് ഈ പരാതി തള്ളിയത്. ഇക്കുറി ഫെബ്രുവരി 26,27 തിയതികളിലാണ് കോയമ്പത്തൂര്‍ ഇഷ ഫൗണ്ടേഷന്‍ ആശ്രമത്തിലെ ശിവരാത്രി ആഘോഷം.

ഈ പരാതിക്ക് പിന്നില്‍ ഡിഎംകെ ശക്തികളാണെന്ന് കരുതുന്നു. എല്ലാതരം മലിനീകരണങ്ങളും കൈകാര്യം ചെയ്യാനുള്ള സംവിധാനം ഇഷ ആശ്രമത്തില്‍ ഉണ്ടെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ദ്രവ, ജല, വായു മലിനീകരണങ്ങള്‍ തടയാന്‍ ഈ ആശ്രമത്തിന് കഴിവുണ്ടെന്നും ഹൈക്കോടതി പറയുന്നു.

പരാതിയുടെ പശ്ചാത്തലത്തില്‍ ഇഷ ഫൗണ്ടേഷന്‍ ഒരു സത്യവാങ്ങ് മൂലം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. അതില്‍ ഇക്കാര്യങ്ങള്‍ വിശദീകരിച്ചത് ഹൈക്കോടതിക്ക് ബോധ്യമായി. സദ് ഗുരുവിന്റെ ഇഷ ആശ്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വിദ്യാഭ്യാസത്തിന്റെ കീഴില്‍ വരുന്നതാണെന്നും ഹൈക്കോടതി പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക