Cricket

ബൗളര്‍മാരെ സമര്‍ത്ഥമായി ഉപയോഗിക്കുന്നില്ല; രോഹിത് ഇങ്ങനെ പോരാ !

Published by

ന്യൂഡല്‍ഹി: ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ ഭാരതത്തിന്റെ രണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയായി. സെമിയിലേക്ക് ഒരു പടി കൂടി അടുത്തു. എന്നാല്‍, ഇന്ത്യയുടെ പ്രകടനം വളരെ മികച്ചത് എന്ന് പറയാനാവില്ല. നേരിട്ട രണ്ട് ടീമുകളും വലിയ ശക്തരല്ല. എന്നിട്ടും വെല്ലുവിളി അതിജീവിച്ചാണ് ജയിച്ചത്.

മുന്‍കാല പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ(രണ്ടായിരങ്ങളുടെ പകുതിവരെ) നിഴല്‍ പോലുമല്ല ഇന്നത്തെ പാക് പട. പക്ഷെ ഭാരതത്തിലെയും പാകിസ്ഥാനിലെയും കാഴ്‌ച്ചക്കാരുടെ വൈകാരിക മനോഭാവം കാരണം പതിറ്റാണ്ടുകളായി തുടര്‍ന്നുവരുന്ന വീറും വാശിയും ഇന്നും കുറവില്ലാതെ തുടരുന്നു. ഇതിനപ്പുറം പാകിസ്ഥാന്‍ വലിയൊരു ടീം അല്ലാതായി മാറിയിട്ട് കാലമേറെയായി. ഭാരതം നേരിട്ട മറ്റൊരു ടീമാണ് ബംഗ്ലാദേശ്. ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ് പോലുള്ള ലോകോത്തര മികവിലുള്ളവരല്ല ബംഗ്ലാ കടുവകള്‍. ചില അവസരങ്ങളില്‍ നടത്തുന്ന അട്ടിമറികള്‍ അവരെ ശ്രദ്ധാകേന്ദ്രമാക്കുന്നുവെന്ന് മാത്രം. എന്നിട്ടും ഭാരതം രണ്ട് ടീമിനെതിരെയും വലിയ അളവില്‍ റണ്‍സ് വഴങ്ങി. ഈ ടീമുകളുടെ സ്ഥാനത്ത് സ്ഥിരതയും മികവും ഒരുമിക്കുന്ന മറ്റേതൊരു ടീം ആണെങ്കിലും ദുബായിയിലെ പിച്ചില്‍ ആദ്യം ബാറ്റ് ചെയ്ത് 220ന് മേല്‍ റണ്‍സെടുത്താല്‍ പോലും ഫലം മറിച്ചായേക്കാം. രോഹിത് ശര്‍മയുടെ നായകപാടവത്തെക്കുറിച്ച് ആര്‍ക്കും സംശയമില്ല. എന്നാല്‍, ചാമ്പ്യന്‍സ്ട്രോഫിയില്‍ രോഹിതിന്റെ നേതൃപാടവം അത്രകണ്ട് ഉയരുന്നില്ല.

ബൗളിങ് സമയത്ത് ഭാരതം കാട്ടുന്ന കടുത്ത അലംഭാവം വലിയ തോതില്‍ എതിരാളികള്‍ക്ക് അവസരം നല്‍കുന്നുണ്ട്. ബംഗ്ലാദേശിനെതിരായ ആദ്യ മത്സരത്തില്‍ 35 റണ്‍സെടുക്കുന്നതിനിടെ അവരുടെ അഞ്ച് വിക്കറ്റുകള്‍ വീഴ്‌ത്തിയതാണ്. പിന്നീട് 200നപ്പുറമുള്ള ടോട്ടലിലേക്ക് പോയി. നന്നായി പന്തെറിഞ്ഞ ഭാരത ബൗളര്‍മാരെ രോഹിത് വേണ്ട വിധം ഉപയോഗിക്കാതിരുന്നത് തിരിച്ചടിയായി. ബൗളര്‍മാരില്‍ പത്ത് ഓവര്‍ പൂര്‍ത്തിയാക്കിയത് രണ്ട് പേര്‍ മാത്രം- മുഹമ്മദ് ഷമിയും കുല്‍ദീപ് യാദവും. മത്സരം അവസാന ഓവറിലാണ് തീര്‍ന്നത്. മൂന്ന് വിക്കറ്റ് നേടിയ ഹര്‍ഷിത് റാണ 7.4 ഓവറേ എറിഞ്ഞുള്ളൂ. ഇത്രയും ഓവറില്‍ 31 റണ്‍സ് മാത്രമേ വഴങ്ങിയുള്ളൂ. ഒമ്പത് ഓവറില്‍ 37 റണ്‍സ് വഴങ്ങിയ രവീന്ദ്ര ജഡേജയ്‌ക്ക് ഒരോവര്‍ കൂടി ബാക്കിയുണ്ടായിരുന്നു.

പാകിസ്ഥാനെതിരായ മത്സരത്തിലേക്ക് വരുമ്പോഴും ബൗളര്‍മാരെ പ്രയോജനപ്പെടുത്തിയ കാര്യത്തില്‍ വലിയ പോരായ്മയാണ് രോഹിത് കാട്ടിയതെന്ന് വ്യക്തം. ഏഴ് ഓവര്‍ വരെ 30 റണ്‍സ് മാത്രം വിട്ടുകൊടുത്ത ഹര്‍ഷിത് റാണയ്‌ക്ക് അവസാന ഓവര്‍ എറിയാനാണ് പിന്നീട് അവസരം നല്‍കിയത്. എട്ട് ഓവറില്‍ 31 റണ്‍സ് വഴങ്ങി രണ്ട് പേരെ പുറത്താക്കിയ ഹാര്‍ദിക് പാണ്ഡ്യയ്‌ക്ക് രണ്ട് ഓവര്‍ കൂടി ബാക്കിയുണ്ടായിരുന്നു. മൂന്ന് വിക്കറ്റ് വീഴ്‌ത്തിയ കുല്‍ദീപിന് ഒരോവറും ബാക്കിയുണ്ടായിരുന്നു. ഈ മത്സരത്തിലും എതിരാളികള്‍ ബാറ്റിങ് അവസാന ഓവര്‍ വരെ നീട്ടിക്കൊണ്ടുപോയി പോരാട്ട വീര്യം കാട്ടി.

മൂന്നാം മത്സരത്തില്‍ ഭാരതത്തിന് നേരിടാനുള്ളത് ന്യൂസിലന്‍ഡിനെയാണ്. ചാമ്പ്യന്‍ഷിപ്പിന്റെ ഫേവറിറ്റുകളാണ് ഈ മുന്‍ ചാമ്പ്യന്‍മാരെന്നതില്‍ സംശയമില്ല. ഈ മത്സരത്തില്‍ രോഹിത് കൂടുതല്‍ ശ്രദ്ധയോടെ ബൗളര്‍മാരെ ഉപയോഗിക്കുമെന്നു കരുതാം.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക