Article

മദാമ്മക്ക് എന്ത് കുംഭമേള, എന്ത് ശിവരാത്രി, എന്ത് പ്രയാഗരാജ്

Published by

ഡോ. കെ. എസ്. രാധാകൃഷ്ണൻ

മദാമ്മക്ക് എന്ത് കുംഭമേള, എന്ത് ശിവരാത്രി, എന്ത് പ്രയാഗരാജ്. എന്നാൽ, ഒരു
ശരാശരി ഇന്ത്യാക്കാരൻ ഈ നദികളിൽ മുങ്ങി നിവരുമ്പോൾ അവന്റെ പിതൃപരമ്പരകൾ ആത്മാവിലേറ്റിയ സംസ്കാരത്തെയാണ് രുചിക്കുന്നത്.
ശശി തരൂരിന് എന്ത് സംഭവിക്കും എന്നു ഞാൻ പറയുന്നില്ല. കെ സി വേണുഗോപാൽ, കെ മുരളീധരൻ, രമേശ് ചെന്നിത്തല, വി ഡി സതീശൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, എം കെ രാഘവൻ എന്നു തുടങ്ങിയ ഒരേ തൂവൽപക്ഷികളുമായി മത്സരിച്ചു പറക്കുമ്പോൾ ആരു ജയിച്ചാലും അതിൽ വാർത്തയില്ല. കെ സുധാകരന്മാർക്ക് കാഴ്ചക്കാരന്റെ ഭാഗം മാത്രം അഭിനയിക്കാനാണ് ഇന്നും വിധി. വയലാർ രവിക്കും വി എം സുധീരനും മല്ലപ്പള്ളി രാമചന്ദ്രനുമൊന്നും പറന്നെത്താൻ കഴിയാതിരുന്ന ഉയരത്തിൽ പറക്കാനുള്ള സുധാകരന്റെ ശ്രമം അഹങ്കാരമായി മാത്രമാണ് ഹൈക്കമാൻ്റ് കാണുന്നത്.
കോൺഗ്രസ്സിൽ എന്തു കൊണ്ട് ഇങ്ങനെ സംഭവിക്കുന്നു? ഈ ചോദ്യത്തിനുള്ള ഉത്തരവും കോൺഗ്രസ്സിലെ അധികാര മത്സര
ചരിത്രത്തിൽ അന്തർലീനമാണ്.
ഗാന്ധി നേതൃത്വം നൽകിയ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ സവിശേഷതകൾ എന്തൊക്കെയായരുന്നു ?
ഒന്ന്. ഇന്ത്യൻ ദേശീയതയിലുള്ള അടിയുറച്ച വിശ്വാസം.
രണ്ട്. സർവ്വമത സമഭാവനിയിലുള്ള കറതീർന്ന വിശ്വാസം.
മൂന്ന്. പ്രപഞ്ച നിയമം അഹിംസയാണെന്ന വിശ്വാസം.
നാല്. അഹിംസയുടെ രാഷ്‌ട്രസ്വരൂപമാണ് ജനാധിപത്യം എന്ന ധാരണ. അഞ്ച്. പൊതുജീവിതവും സ്വകാര്യ ജീവിതവും അഭിന്നമാണെന്ന വിശ്വാസം
ആറ്. പൊതുജീവിതത്തിൽ ഇന്ത്യയിലെ മുഴുവൻ സ്ത്രീ പുരുഷന്മാർക്കും പങ്കാളിത്തം വേണമെന്ന നിർബ്ബന്ധം.
ഏഴ്. പൊതുജീവിതവും സ്വകാര്യ ജീവിതവും അഭിന്നമാണെന്ന
ബോദ്ധ്യം. അതുകൊണ്ട് കാപട്യത്തെ, വിഷത്തെ എന്ന പോലെ വർജ്ജിച്ചു.
എന്നാൽ ജവഹർലാൽ നെഹ്റുവിൽ കോൺഗ്രസ്സിന്റെ നേതൃത്വം എത്തുമ്പോൾ സ്ഥിതി മാറി. 1927ൽ ഗാന്ധിയെ കനത്ത സമ്മർദ്ദത്തിലാക്കിയാണ് ജവഹർലാൽ കോൺഗ്രസ്സ് പ്രസിഡണ്ടായത്. അന്നത്തെ കോൺഗ്രസ്സുകാർ സർദാർ പട്ടേലിനെ പ്രസിഡണ്ടായി കാണാനാണ് ആഗ്രഹിച്ചത്. നെഹ്‌റു ഭക്തരായ ചരിത്രകാരന്മാർ രചിച്ച ഭക്തി സാഹിത്യത്തിൽ ജവഹറിനെ ഗാന്ധി ശിഷ്യനായി അവതരിപ്പിച്ചിരുന്നു എങ്കിലും ജവഹറിന് ഗാന്ധിയിൽ വിശ്വാസമേ ഉണ്ടായിരുന്നില്ല എന്നതാണ് വസ്തുത. ജവഹർ ഏതെല്ലാം കാര്യങ്ങളിൽ വിശ്വസിച്ചു?
ഒന്ന്. അഹിംസയിൽ വിശ്വസിച്ചില്ല. അക്കാര്യം ജവഹർ, ഗാന്ധിയെ ഒരു കത്തിലൂടെ,1927ൽ തന്നെ, അറിയിക്കുകയം ചെയ്തു.
രണ്ട്. പാശ്ചാത്യ സെക്യുലറിസത്തിൽ വിശ്വസിക്കുന്നതു കൊണ്ട് മതത്തിലും ദൈവത്തിലും വിശ്വാസമില്ല എന്ന് പ്രചരിപ്പിച്ചു. അക്കാര്യവും അദ്ദേഹം ഗാന്ധിയെ അറിയിച്ചിരുന്നു.
മൂന്ന്. സർവ്വമത സമഭാവനയിലും ഹിന്ദു-മുസ്ലിം മൈത്രിയിലും
വിശ്വസിച്ചിരുന്നില്ല.
നാല് . പാശ്ചാത്യ ജനാധിപത്യത്തിലായിരുന്നു വിശ്വാസം.
അഞ്ച്. ദേശീയതയിൽ വിശ്വസിച്ചില്ല.
ആറ്. യൂറോസെൻട്രിസത്തിന്റെ ആരാധകൻ. ഭാരതീയതയിൽ
വിശ്വസിച്ചില്ല.
ഏഴ്. പൊതുജീവിതവും സ്വകാര്യ ജീവിതവും ഭിന്നമാണെന്ന വിശ്വാസക്കാരൻ. അതുകൊണ്ട് കാപട്യം പൊതുജീവിതത്തിൽ
ശീലമാക്കി മാറ്റി.
1946ലെ ഇടക്കാല സർക്കാർ രൂപീകരണ സന്ദർഭം. ആകെ ഉണ്ടായിരുന്നത് 13 പ്രദേശ് കോൺഗ്രസ്സ് കമ്മിറ്റികൾ. അതിൽ 12 കമ്മിറ്റികൾ പ്രധാനമന്ത്രിയായി സർദാർ പട്ടേലിന്റെ പേര് നിർദ്ദേശിച്ചു. ഒരാൾ അയാളുടെ പേര് തന്നെ നിർദ്ദേശിച്ചു. ഒരാളും ജവഹർലാലിന്റെ പേര് നിർദ്ദേശിച്ചില്ല.
മഹാത്മാഗാന്ധിയെ സ്വാധീനിച്ചാണ് ജവഹർലാൽ പ്രധാനമന്ത്രിയായത്. യഥാർത്ഥ ജനാധിപത്യ വാദിയായിരുന്നു എങ്കിൽ, ഒരാളും തന്റെ പേര് പ്രധാനമന്ത്രിസ്ഥാനത്തേക്ക്
നിർദ്ദേശിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ താൻ ആ പദവിയിൽ
ഇരിക്കില്ല എന്നാണ് അദ്ദേഹം പറയേണ്ടിയിരുന്നത്. എന്നാൽ അധികാരത്തിലുള്ള ആർത്തി മൂലം വളഞ്ഞ വഴിയിലൂടെ ആ പദവി നേടാനാണ് ജവഹർ ശ്രമിച്ചത്.
1947 ആഗസ്ത് 14 ത്രിസന്ധ്യ. ബ്രാഹ്മണ പുരോഹിതരുടെ കാർമ്മികത്വത്തിൽ ശൈവാചാര പ്രകാരമുള്ള പൂജ ചെയ്താണ്
മതത്തിലും ദൈവത്തിലും വിശ്വാസമില്ലാത്ത ഈ സെക്യുലറിസ്റ്റ്
പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റെടുത്തത്. അന്നു മുതലാണ് ജനാധിപത്യ ജീവിതത്തിൽ കപടനാട്യം അരിയിട്ട് വാഴിക്കപ്പെട്ടതും. നെഹ്റു ഭക്തി കലശലായിരുന്നതുകൊണ്ട് പാഠപുസ്തക ചരിത്രകാരന്മാർ അതും മൂടിവെച്ചു.
ജവഹറിന്റെ പിതാവ് മോത്തിലാലാണ് നെഹ്റു കുടുംബാധിപത്യത്തിന്റെ സ്ഥാപകൻ. ജവഹർലാൽ പിതാവിന്റെ ആജ്ഞ പിന്തുടർന്നു. അതുകൊണ്ട് തന്റെ പുത്രി ഇന്ദിരയെ തന്റെ പിൻഗാമിയായി വാഴിച്ചു. പിതാവിൻ്റേയും പുത്രൻ്റേയും പാരമ്പര്യം പുത്രിയും പിന്തുടർന്നു. അവർ അവരുടെ മക്കളായ സഞ്ജയനേയും രാജീവിനേയും വാഴിച്ചു. രാജീവിനെ തുടർന്നു അദ്ദേഹത്തിന്റെ ഭാര്യ ഇറ്റാലിയൻ പൗരത്വുള്ള സോണിയ അധികാരത്തിൽ ചുമ്മാ എത്തിച്ചേർന്നു. സോണിയ രാഹുലിനേയം പ്രിയങ്കയേയും അവതരിപ്പിച്ചു. അങ്ങനെ, ഗംഗാറാം ക്വത് വാൾ എന്ന പോലീസ്
കോൺസ്റ്റബിളിന്റെ കുടുംബവാഴ്ച ഇന്നും കോൺഗ്രസിൽ തുടരുന്നു. നെഹ്രു കുടുംബമാണ് പാർട്ടി. അവരുടെ ഇഷ്ടാനിഷ്ടങ്ങളാണ് പാർട്ടി നിയമം. ബുദ്ധിമാനായ ശശി അത്
മനസ്സിലാക്കിയിരിക്കും. അവരുടെ അപ്രീതിക്ക് ഇരയാകുന്നവരെ അവർ അവഹേളിച്ചു പുറത്താക്കും.
അധികാരത്തിലെത്തിയ ജവഹർ എന്തെല്ലാം കാര്യങ്ങളാണോ
അധികാരം നിലനിർത്താനായി ചെയ്തത് അതെല്ലാം അതതിന്റെ പൂർണ്ണതയിൽ ചെയ്തു വിജയിപ്പിച്ച മകളാണ് ഇന്ദിര. 1948ൽ അദ്ദേഹം ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് വിപ്ലവ പാർട്ടിയെ നിരോധിച്ചു. 1957ൽ ജനവിധി തേടി അധികാരത്തിലെത്തിയ കമ്മ്യൂണിസ്റ്റ് സർക്കാരിനെ പിരിച്ചുവിട്ടു. തനിക്ക് ഇഷ്ടമില്ലാത്ത സിനിമകൾ നിരോധിച്ചു; പുസ്തകങ്ങൾ നിരോധിച്ചു. തന്റെ അധികാരത്തെ ചോദ്യം ചെയ്യും എന്ന് സംശയം തോന്നിയ നേതാക്കളെ മുഴുവൻ അദ്ദേഹം മന്ത്രിസഭയിൽ നിന്നും കോൺഗ്രസ്സിൽ നിന്നും പുറത്താക്കി. ഇന്ദിരയാകട്ടെ, ഭരണഘടനയെ തന്നെ പുറത്താക്കിക്കൊണ്ട് രാജ്യം ഭരിച്ചു.
ഇന്ദിരയുടെ കൊച്ചുമകനും കുടുംബവും രാജ്യത്തെ വിദേശ
ശക്തികൾക്ക് തീറെഴുതി വിറ്റ് കാശുവാങ്ങി ഇറ്റലിയ്‌ക്ക് രക്ഷപ്പെടാനാണ് ആഗ്രഹിക്കുന്നത്. സോണിയ, രാഹുൽ പ്രിയങ്ക എന്നിവർ ജന്മനാ ഇറ്റാലിയൻ പൗരത്വുള്ളവരാണ്. അതുകൊണ്ട്, അവർക്ക് ദേശസ്നേഹം എന്നു പറഞ്ഞാൽ
ഇറ്റലിയോടുള്ള കൂറ് എന്നാണർത്ഥം. സ്വാഭാവികമായും, ജോർജ് സോറസ് എന്ന ചെകുത്താന്റെ സന്തതിയുടെ പണം വാങ്ങി ഇന്ത്യയെ ഒറ്റുകൊടുക്കാൻ അവർക്ക് മടിയുണ്ടാകില്ല.
ഗംഗയും യമുനയും സരസ്വതിയും ത്രിവേണി സംഗമവും അവർക്ക് വെറും ജലസ്രോതസ് മാത്രമാണ്. മദാമ്മക്ക് എന്ത് കുംഭമേള, എന്ത് ശിവരാത്രി, എന്ത് പ്രയാഗരാജ് . എന്നാൽ, ഒരു ശരാശരി ഇന്ത്യാക്കാരൻ ഈ നദികളിൽ മുങ്ങി നിവരുമ്പോൾ അവന്റെ പിതൃപരമ്പരകൾ ആത്മാവിലേറ്റിയ സംസ്കാരത്തെയാണ് രുചിക്കുന്നത്. വരാൻ പോകുന്ന ഏഴ് ജന്മങ്ങളുടെ ഏതെങ്കിലും പടവുകളിൽ വെച്ച് ഖാർഗെ അത് തിരിച്ചറിയട്ടെഎന്നു പ്രാർത്ഥിക്കുന്നു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by