Kerala

കെഎസ്ആര്‍ടിസി ജീവനക്കാരുടെ ദുരിതം; കെഎസ്ടി സംഘ് മനുഷ്യാവകാശ കമ്മിഷന് പരാതി നല്കി

Published by

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് എതിരെ കെഎസ്ടി സംഘിന്റെ നേതൃത്വത്തില്‍ മനുഷ്യാവകാശ കമ്മിഷന് പരാതി നല്കി.

കഴിഞ്ഞ എട്ടര വര്‍ഷം കെഎസ്ആര്‍ടിസിയില്‍ യുദ്ധസമാനമായ അന്തരീക്ഷമാണ് നില നില്‍ക്കുന്നത്. ജീവനക്കാരുടെ അകാലമരണങ്ങള്‍ കുടുംബങ്ങളെ അനാഥമാക്കുന്നു. നാളിതുവരെയുണ്ടാവാത്ത അതീവ ഗുരുതര പ്രതിസന്ധി നേരിടുന്ന സാഹചര്യമാണ് നില നില്‍ക്കുന്നത്. ക്രമരഹിതമായ ശമ്പള വിതരണം, ഡിഎ നിഷേധം, ജീവനക്കാരുടെ ശമ്പളത്തില്‍ നിന്നും വായ്പകളുടെ ഇഎംഐ പിടിക്കുകയും, ബന്ധപ്പെട്ട സ്ഥാപനങ്ങളില്‍ ഒടുക്കാതെ തിരിച്ചടവ് മുടക്കി ജപ്തി നടപടികള്‍ നേരിടുന്നു. എന്‍പിഎസ് ഫണ്ട് വകമാറ്റി, പെന്‍ഷന്‍ അനിശ്ചിതത്വത്തില്‍ എത്തിച്ചതായും പരാതിയില്‍ പറയുന്നു.

പിഎഫിന് അപേക്ഷിക്കുന്ന ജീവനക്കാര്‍ക്ക് കൃത്യമായി അത് ലഭ്യമാകുന്നില്ല. പെന്‍ഷനാകുന്നവര്‍ക്ക് പിഎഫ് തുക കാലങ്ങളായി വൈകിപ്പിക്കുന്നു. സാമ്പത്തിക അരിക്ഷിതാവസ്ഥയിലും വിദൂര സ്ഥലങ്ങളിലേക്ക് സ്ഥലം മാറ്റുന്നു. ജീവനക്കാരുടെ കുറവുമൂലം ഉണ്ടായ അമിത ജോലിഭാരം കാരണം മാനസിക, ശാരീരിക സമ്മര്‍ദ്ദവും വിശ്രമത്തിന് ഡിപ്പോകളില്‍ മതിയായ സൗകര്യം ഇല്ലെന്നും അതിനാല്‍ അടിയന്തര ഇടപെടല്‍ വേണമെന്നും കെഎസ്ടി സംഘ് പരാതിയില്‍ ചൂണ്ടിക്കാട്ടി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക