ദല്‍ഹി നിയമസഭാ സ്പീക്കറായി തെരഞ്ഞെടുത്ത വിജേന്ദര്‍ ഗുപ്തയെ മുഖ്യമന്ത്രി രേഖ ഗുപ്ത പ്രതിപക്ഷ നേതാവ് അതിഷി മെര്‍ലോ, പ്രോടേം സ്പീക്കര്‍ അര്‍വിന്ദര്‍ സിങ് ലവ്ലി എന്നിവര്‍ സ്പീക്കറിന്റെ ചേമ്പറിലേക്ക് സ്വീകരിച്ച് ആനയിക്കുന്നു
ന്യൂദല്‍ഹി: ബിജെപി നേതാവും രോഹിണി മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയുമായ വിജേന്ദര്‍ ഗുപ്തയെ ദല്‍ഹി നിയമസഭാ സ്പീക്കറായി തെരഞ്ഞെടുത്തു. മൂന്നാം തവണയാണ് വിജേന്ദര്‍ എംഎല്‍എയാവുന്നത്.
എട്ടാമത്തെ ദല്‍ഹി നിയമസഭയുടെ ആദ്യ സമ്മേളനത്തില്‍ മുഖ്യമന്ത്രി രേഖാ ഗുപ്തയാണ് സ്പീക്കര്‍ സ്ഥാനത്തേയ്‌ക്ക് വിജേന്ദറിന്റെ പേര് നിര്‍ദേശിച്ചത്. മന്ത്രിമാരായ മഞ്ജീന്ദര്‍ സിങ് സിര്‍സ, പര്‍വേഷ് വര്‍മ്മ എന്നിവര്‍ ഇതിനെ പിന്താങ്ങി. പ്രോടേം സ്പീക്കറായ അരവിന്ദര്‍ സിങ് ലവ്ലിയുടെ നേതൃത്വത്തിലായിരുന്നു തെരഞ്ഞെടുപ്പ.് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവ് അതിഷിയും ചേര്‍ന്ന് പുതിയ വിജേന്ദറിനെ സ്പീക്കറുടെ കസേരയിലേക്ക് ആനയിച്ചു.
രാവിലെ സത്യപ്രതിജ്ഞാ ചടങ്ങില്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ വി.കെ. സക്‌സേന പ്രോടേം സ്പീക്കര്‍ അര്‍വിന്ദര്‍ സിങ് ലവ്‌ലിക്ക് ആദ്യം സത്യവാചകം ചൊല്ലിക്കൊടുത്തു. ശേഷം മുഖ്യമന്ത്രി രേഖ ശര്‍മ്മയും മന്ത്രിസഭയിലെ മറ്റ് മന്ത്രിമാരും മറ്റ് ബിജെപി, എഎപി എംഎല്‍എമാരും സത്യപ്രതിജ്ഞ ചെയ്തു. മൂന്ന് ദിവസത്തെ സമ്മേളനത്തെ നാളെ ലഫ്റ്റനന്റ് ഗവര്‍ണര്‍ അസഭിസംബോധന ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക