India

മോദിയെ ചുറ്റിവരിഞ്ഞിരുന്നത് പെരുമ്പാമ്പുകളുടെ കൂട്ടം…ഡൊണാള്‍‍ഡ് ട്രംപ് അധികാരത്തില്‍ വന്നതോടെ അവ ഒഴിഞ്ഞുപോകുമോ?

എന്തായാലും 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് മോദിയെ ചുറ്റി നിറയെ പെരുമ്പാമ്പുകളായിരുന്നു. പക്ഷെ ആ വലിയ അഗ്നിപരീക്ഷയെ മോദി വിജയിച്ചു. പക്ഷെ ഇനിയും അപകടം ഒഴിഞ്ഞുപോയി എന്ന് പറയാറായിട്ടില്ലെന്ന് വിദഗ്ധര്‍ പറയുന്നു. ഡൊണാള്‍ഡ് ട്രംപ് അധികാരത്തില്‍ എത്തിയതോടെ ഡീപ് സ്റ്റേറ്റ് ശക്തികള്‍ അല്‍പം പതുങ്ങിയിട്ടുണ്ട്. എങ്കിലും അവര്‍ ഏത് സമയവും തലപൊക്കാം. ഓരോ അവസരവും അവര്‍ മോദി സര്‍ക്കാരിനെതിരെ ഉപയോഗിക്കാം. മോദി സര്‍ക്കാര്‍ പേടിക്കേണ്ടത് രാഹുല്‍ ഗാന്ധിയെയല്ല. ഈ ഡീപ് സ്റ്റേറ്റ് ശക്തികളെയാണ് എന്നാണ് രാഷ്ടീയ വിദഗ്ധരുടെ നിഗമനം.

Published by

ന്യൂദല്‍ഹി: മൂന്ന് തവണ ജനാധിപത്യപരമായ തെരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ വന്ന ഷേഖ് ഹസീനയെ മൂന്നാമതും അധികാരത്തില്‍ ഏറി അധികനാള്‍ കഴിയുന്നതിന് മുന്‍പേ അട്ടിമറിച്ചു എന്നത് നിസ്സാരകാര്യമല്ല. അത്രയ്‌ക്ക് ശക്തമായ സാമ്പത്തികപിന്തുണയും ആയുധക്കരുത്തും ഉണ്ടെങ്കില്‍ മാത്രം കഴിയുന്ന കാര്യം. അത് നടത്തിയെടുത്തത് ജമാ അത്തെ ഇസ്ലാമിയുടെ വിദ്യാര്‍ത്ഥിവിഭാഗമല്ല, അവര്‍ക്ക് പണം വാരിവലിച്ചെറിഞ്ഞ് നല്കിയ ഡീപ് സ്റ്റേറ്റ് ശക്തികളാണ്. 15 വര്‍ഷം പ്രധാനമന്ത്രിയായിരുന്ന ഷേഖ് ഹസീനയെ ഒരു സുപ്രഭാതത്തില്‍ ബംഗ്ലാദേശില്‍ നിന്നും ഓടിച്ചത് ഡീപ് സ്റ്റേറ്റ് എന്ന അമേരിക്കയിലെ സമാന്തരഭരണകൂടമായ ശക്തി തന്നെയാണ്. ഷേഖ് ഹസീനയ്‌ക്ക് എതിരായി അവിടുത്തെ പട്ടാളമേധാവി വരെ തിരിയണമെങ്കില്‍ അത്രയ്‌ക്ക് കരുത്തുറ്റ ഗൂഢാലോചന പിന്നാമ്പുറത്ത് നടന്നിരിക്കണം. തൊട്ടടുത്ത ദിവസം ഇടക്കാല സര്‍ക്കാരിന്റെ പ്രതിനിധിയായി ബംഗ്ലാദേശില്‍ ഭരണചക്രം തിരിക്കാന്‍ എത്തിയത് ഡീപ് സ്റ്റേറ്റ് ശക്തിയുടെ പിണിയാളായ മുഹമ്മദ് യൂനസ് ആണ്.

അങ്ങിനെയെങ്കില്‍ മോദിയും മോദി സര്‍ക്കാരും ഭയപ്പെടേണ്ടിവരില്ലേ? കാരണം ഡീപ് സ്റ്റേറ്റ് എന്ന അമേരിക്കയിലെ സമാന്തര ഭരണകൂടം നിസ്സാരശക്തിയല്ല. ഡീപ് സ്റ്റേറ്റുമായി കൈകോര്‍ത്ത് പ്രവര്‍ത്തിക്കുന്ന ജോര്‍ജ്ജ് സോറോസ് ഒരു വേദിയില്‍ പരസ്യമായി മോദിയെ അധികാരത്തില്‍ നിന്നും നിഷ്കാസനം ചെയ്യും എന്ന് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. 2024ലെ ലോക് സഭാ തെരഞ്ഞെടുപ്പില്‍ മോദിയുടെ അന്ത്യകൂദാശ ആയിരുന്നു ഡീപ് സ്റ്റേറ്റിന്റെ രഹസ്യഅജണ്ട. രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ആസൂത്രണം ചെയ്തത് കോണ്‍ഗ്രസ്സല്ല. ജോര്‍ജ്ജ് സോറോസ് പണം നല്‍കുന്ന എന്‍ജിഒ ആയ ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷന്‍ ആണ്. അതിന്റെ മുഴുവന്‍ ചെലവും സ്പോണ്‍സര്‍ ചെയ്തതും ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷന്‍ ആണെന്ന് പറയുന്നു. ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷന്റെ ഇന്ത്യയിലെ മേധാവിയും ആഗോള വൈസ് പ്രസിഡന്‍റുമായി സലില്‍ ഷെട്ടി ഈ യാത്രയില്‍ പങ്കെടുത്തിരുന്നു. ഇതിന്റെ ഫോട്ടോകള്‍ ലഭ്യമാണ്. 2024ലെ തെരഞ്ഞെടുപ്പിന് മുന്‍പ് രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രിസ്ഥാനാര്‍ത്ഥിയായി പ്രൊജക്ട് ചെയ്യാന്‍ ഒരുങ്ങിയ വന്‍പദ്ധതിയായിരുന്നു അത്. പക്ഷെ അത് പാളിപ്പോയി.

പക്ഷെ ഡീപ് സ്റ്റേറ്റ് പദ്ധതികള്‍ ഒരിയ്‌ക്കലും തകരില്ല. അവര്‍ ലക്ഷ്യം എത്തുന്നതുവരെ പല പല പുതിയ പദ്ധതികള്‍ ആസൂത്രണം ചെയ്തുകയും ചെയ്യും. ഒരു ഭരണം അട്ടിമറിക്കാന്‍ കലാപം വേണമെങ്കില്‍ അത്, ഇനി യുദ്ധം വേണമെങ്കില്‍ അത്….എല്ലാം ചെയ്ത് അറപ്പ് തീര്‍ന്നവരാണ് ഡീപ് സ്റ്റേറ്റ്. ഈയിടെ സിറിയയിലെ ബാഷര്‍ അല്‍ അസ്സാദിനെ അട്ടിമറിച്ചത് കണ്ടോ. അമേരിക്കയിലെ ഡീപ് സ്റ്റേറ്റിന്റെ എത്രയോ കാലത്തെ അജണ്ടയായിരുന്നു അത്. പക്ഷെ റഷ്യയും പുടിനും ബാഷര്‍ അല്‍ അസ്സാദിന്റെ കൂടെ നിന്നതിനാല്‍ അന്ന് അത് നടന്നില്ല. ഇപ്പോഴിതാ ഉക്രൈന്‍ യുദ്ധത്തില്‍ കുരുങ്ങിക്കിടക്കുന്ന പുടിന്‍ നിസ്സഹായനായ ഘട്ടത്തില്‍ ഇസ്രയേലിനെകൂട്ടുപിടിച്ച് ഡീപ് സ്റ്റേറ്റ് അത് സാധിച്ചെടുത്തു. അതും ഒരു ഇസ്ലാമിക തീവ്രവാദസംഘത്തിന്റെ പിന്തുണയോടെയാണ് ബാഷര്‍ അല്‍ അസ്സാദിനെ അട്ടിമറിച്ചത്.

എത്രയോ നാളായി ശത്രുതയില്‍ കഴിഞ്ഞ ബംഗ്ലാദേശും പാകിസ്ഥാനും വളരെയെളുപ്പം മിത്രങ്ങളായത് എങ്ങിനെയാണ്? ഏതോ വലിയ ശക്തിയുടെ പിന്തുണയോടെയാണ് അത് സാധ്യമായിരിക്കുക എന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.ഇന്ത്യയ്‌ക്കെതിരെ മുഹമ്മദ് യൂനസ് ഒരു വലിയ ശത്രുവിനെപ്പോലെ പെരുമാറുന്നത് ഏതോ വലിയ അജണ്ടയുടെ ഭാഗമാണെന്നാണ് കരുതുന്നത്. എന്തിനാണ് പൊടുന്നനെ പാകിസ്ഥാനും ബംഗ്ലാദേശും കൈകോര്‍ത്തത് ? ഇന്ത്യയ്‌ക്കെതിരായ വലിയൊരു അജണ്ടയുടെ ഭാഗമാണോ അത്? ഇപ്പോള്‍ ഇലോണ്‍ മസ്കിനെ സോപ്പിടാന്‍ സ്റ്റാര്‍ലിങ്ക് പദ്ധതി വന്‍തോതില്‍ ബംഗ്ലാദേശില്‍ നടപ്പാക്കാന്‍ മുഹമ്മദ് യൂനസ് തയ്യാറായി മുന്നോട്ട് വന്നിരിക്കുകയാണ്. ഇത് ട്രംപിനെയും സോപ്പിട്ട് നിര്‍ത്താനുള്ള വലിയ അജണ്ടയുടെ ഭാഗമാണോ എന്നും വിലയിരുത്തപ്പെടുന്നുണ്ട്.

ഇന്ത്യയ്‌ക്കകത്ത് കഴിഞ്ഞ കുറെ നാളായി കണ്ടുവരുന്ന അട്ടമറി പ്രവണതകള്‍ വരാനിരിക്കുന്ന വലിയൊരു ആഭ്യന്തരകലാപത്തിന് മുന്‍പുള്ള സാമ്പിള്‍ വെടിക്കെട്ടുകളാണെന്നും പലരും കരുതുന്നു. അടിക്കടി ട്രെയിനുകള്‍ പാളം തെറ്റിക്കുന്നു, മഹാകുംഭമേളയില്‍ തിക്കും തിരക്കും ഉണ്ടാക്കുന്നു, വിമാനത്താവളത്തിലെ ലോഞ്ചിന് തീപിടിക്കുന്നു എന്നിവ പോലുള്ള അട്ടിമറികള്‍ മുന്‍പ് കേട്ടുകേള്‍വിയില്ലാത്തതാണ്. അതായത് പ്രതിപക്ഷത്തിന്റെ രാഷ്ടീയം അട്ടിമറിയിലേക്കും സാമൂഹ്യവിരുദ്ദപ്രവര്‍ത്തനങ്ങളിലേക്കും നീങ്ങുകയണ്. അമേരിക്കയില്‍ നിന്നും ഫണ്ട് വാങ്ങി പ്രവര്‍ത്തിക്കുന്ന ആയിരക്കണക്കിന് എന്‍ജിഒ സംഘടനകളുടെ ഭാഗമായുള്ള പതിനായിരക്കണക്കിന് യൂട്യുബര്‍മാരും ഇന്‍സ്റ്റഗ്രാം പേജുകളും സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സര്‍മാരും ഇന്ത്യാവിരുദ്ധ, മോദി വിരുദ്ധ അജണ്ടകളുമായി ശക്തമായി രംഗത്തുണ്ട്. കഴിഞ്ഞ ദിവസം പ്രയാഗ് രാജില്‍ തീവണ്ടിക്ക് തീപിടിച്ച് 300 പേര്‍ വെന്തുമരിച്ചതായി വ്യാജവാര്‍ത്ത പ്രചരിപ്പിച്ചത് 34 യൂട്യൂബര്‍മാരാണ്. ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. കുംഭമേളയില്‍ മൗനി അമാവാസ്യദിവസമായ ജനവരി 28ന് നടന്ന തിക്കിലും തിരക്കിലും പെട്ട് നിരവധി പേര്‍ കൊല്ലപ്പെട്ടു എന്ന വാര്‍ത്തപ്രചരിപ്പിച്ചത് നിരവധി സമൂഹമാധ്യമഇന്‍ഫ്ലുവന്‍സര്‍മാരാണ്. വിദേശ ഫണ്ട് വാങ്ങി പ്രവര്‍ത്തിക്കുന്ന ദി ന്യൂസ് മിനിറ്റ് എന്ന വാര്‍ത്താ വെബ്സൈറ്റ് ഉള്‍പ്പെടെ നിരവധി വാര്‍ത്താമാധ്യമങ്ങള്‍ മരണസംഖ്യ 30 അല്ല 67 ആണ് എന്ന് പ്രചരിപ്പിക്കാന്‍ കൊണ്ട് പിടിച്ച് ശ്രമം നടത്തിവരുന്നു.

മണിപ്പൂരില്‍ എത്രയോ വര്‍ഷമായി വംശീയകലാപം തുടരുകയാണ്. പുറത്തുനിന്നുള്ള സഹായമില്ലാതെ ഇത് സാധ്യമല്ല. ഇപ്പോഴിതാ രാഷ്‌ട്രപതി ഭരണം ഏര്‍പ്പെടുത്തിയിരിക്കുന്നു. ഇനി പട്ടാളവും ഇടപെട്ട് തുടങ്ങും. അതിനര്‍ത്ഥം മണിപ്പൂരില്‍ പ്രവര്‍ത്തിക്കുന്നത് ബാഹ്യശക്തികള്‍ തന്നെയാണ് എന്നതാണ്. ഒരു ഭാഗത്ത് ഖലിസ്ഥാന്‍ ശക്തികളെയും ഡീപ് സ്റ്റേറ്റ് മോദി സര്‍ക്കാരിനെതിരെ തിരിച്ചുവിട്ടിരുന്നു. ആ ഖലിസ്ഥാന്‍ ശക്തികള്‍ ഇപ്പോഴും ഇരുട്ടില്‍ പതിയിരിക്കുന്നുണ്ട്. ഒരു അവസരം കാത്ത്.

എന്തായാലും 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് മോദിയെ ചുറ്റി നിറയെ പെരുമ്പാമ്പുകളായിരുന്നു. പക്ഷെ ആ വലിയ അഗ്നിപരീക്ഷയെ മോദി വിജയിച്ചു. പക്ഷെ ഇനിയും അപകടം ഒഴിഞ്ഞുപോയി എന്ന് പറയാറായിട്ടില്ലെന്ന് വിദഗ്ധര്‍ പറയുന്നു. ഡൊണാള്‍ഡ് ട്രംപ് അധികാരത്തില്‍ എത്തിയതോടെ ഡീപ് സ്റ്റേറ്റ് ശക്തികള്‍ അല്‍പം പതുങ്ങിയിട്ടുണ്ട്. എങ്കിലും അവര്‍ ഏത് സമയവും തലപൊക്കാം. ഓരോ അവസരവും അവര്‍ മോദി സര്‍ക്കാരിനെതിരെ ഉപയോഗിക്കാം. മോദി സര്‍ക്കാര്‍ പേടിക്കേണ്ടത് രാഹുല്‍ ഗാന്ധിയെയല്ല. ഈ ഡീപ് സ്റ്റേറ്റ് ശക്തികളെയാണ് എന്നാണ് രാഷ്ടീയ വിദഗ്ധരുടെ നിഗമനം. രാഹുല്‍ഗാന്ധി ഫലിച്ചില്ലെങ്കില്‍ മറ്റാരെ വേണമെങ്കിലും ഡീപ് സ്റ്റേറ്റ് അവരുടെ ചാവേറായി ചേര്‍ത്തുനിര്‍ത്തും. ഇതാണ് കൂടുതല്‍ ശ്രദ്ധയോടെ വീക്ഷിക്കേണ്ടത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക