India

60,000 ഗ്രാമങ്ങളില്‍ കിസാന്‍സംഘ്; 42 ലക്ഷം കര്‍ഷകര്‍ അംഗങ്ങള്‍, ജൈവകൃഷി ഉത്തരവാദിത്തമെന്ന് പ്രഖ്യാപിച്ച് ദേശീയ സമ്മേളനം

Published by

പാലന്‍പൂര്‍(ഗുജറാത്ത്): ജൈവകൃഷി ഉത്തരവാദിത്തമാണെന്ന പ്രഖ്യാപനത്തോടെ ഭാരതീയ കിസാന്‍ സംഘ് പതിനാലാമത് ദേശീയ കണ്‍വന്‍ഷന് സമാപനം. രാജ്യത്തുടനീളമുള്ള എല്ലാ കര്‍ഷകരും ജൈവകൃഷി സ്വീകരിക്കണമെന്ന് പ്രമേയത്തിലൂടെ സമ്മേളനം ആഹ്വാനം ചെയ്തു.

സമഗ്രമായ ഗ്രാമീണ മുന്നേറ്റത്തിന് കര്‍ഷക ശക്തിയുടെ ശരിയായ വിനിയോഗം ഉണ്ടാകണമെന്ന് മറ്റൊരു പ്രമേയം അഭിപ്രായപ്പെട്ടു. ഉത്പാദനം, മൂല്യവര്‍ധനവ്, സംസ്‌കരണം, സംഭരണം, വിപണനം, വാണിജ്യം, ചെറുകിട കുടില്‍ വ്യവസായം, കരകൗശല വസ്തുക്കള്‍, ഗ്രാമ സ്വാശ്രയത്വം എന്നീ ആശയങ്ങള്‍ ശക്തിപ്പെടുത്തണം. നയങ്ങള്‍ മെച്ചപ്പെടുത്തിയും മാറ്റം വരുത്തിയും ഗ്രാമങ്ങളില്‍ സമൃദ്ധജീവിതം സാധ്യമാക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.

രാജ്യത്ത് 60,000 ഗ്രാമങ്ങളില്‍ കിസാന്‍ സംഘത്തിന്റെ സജീവ സമിതികള്‍ രൂപീകരിച്ചിട്ടുണ്ടെന്ന് സംഘടനാ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു, ഈ ഗ്രാമസമിതികളിലൂടെ 42 ലക്ഷം കര്‍ഷകരാണ് കിസാന്‍സംഘില്‍ അംഗങ്ങളായിട്ടുള്ളത്. സമ്മേളനത്തിന് സമാപനം കുറിച്ച് സര്‍ദാര്‍ കൃഷിനഗര്‍ ദാന്തിവാഡ കാര്‍ഷിക സര്‍വകലാശാലയില്‍ നിന്ന് പാലന്‍പൂരിലേക്ക് കര്‍ഷകഘോഷയാത്ര നടന്നു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള കിസാന്‍ സംഘ് പ്രവര്‍ത്തകര്‍ തനത് വേഷവിധാനങ്ങളില്‍ അണിനിരന്നു. ജൈവകൃഷിക്ക് ആഹ്വാനം ചെയ്ത ട്രാക്ടര്‍ റാലി നയിച്ചത് സ്ത്രീകര്‍ഷകരാണ്.

സമാപന സഭയില്‍ ആര്‍എസ്എസ് അഖില ഭാരതീയ സമ്പര്‍ക്ക പ്രമുഖ് രാംലാല്‍, കിസാന്‍ സംഘ് ദേശീയ സംഘടനാ സെക്രട്ടറി ദിനേശ് കുല്‍ക്കര്‍ണി എന്നിവര്‍ സംസാരിച്ചു.

സായ് റെഡ്ഡി പ്രസിഡന്റ്, മോഹിനി മോഹന്‍ മിശ്ര ജനറല്‍ സെക്രട്ടറി

തെലങ്കാനയില്‍ നിന്നുള്ള സായ് റെഡ്ഡിയെ ദേശീയ അധ്യക്ഷനായുംയും ഒഡീഷയില്‍ നിന്നുള്ള മോഹിനി മോഹന്‍ മിശ്രയെ ജനറല്‍ സെക്രട്ടറിയായും സമ്മേളനം തെരഞ്ഞെടുത്തു.

വൈസ് പ്രസിഡന്റുമാര്‍: ടി പെരുമാള്‍, രാം ഭാരോസ് വസോതിയ, വിശാല്‍ ചന്ദ്രകാര്‍, സുശീല വിഷ്‌ണോയ്, സെക്രട്ടറിമാര്‍: ബാബു ഭായ് പട്ടേല്‍, ഡോ. സോംദേവ് ശര്‍മ്മ, ഭാനു താപ്പ, വീണ സതീഷ്, ട്രഷറര്‍: യുഗല്‍ കിഷോര്‍ മിശ്ര, സംഘടനാ സെക്രട്ടറി: ദിനേശ് കുല്‍ക്കര്‍ണി, സഹസംഘടനാ സെക്രട്ടറി: ഗജേന്ദ്ര സിങ്, ജൈവിക് പ്രമുഖ് നാന അഖെരെ, മഹിളാ സംയോജക: മഞ്ജു ദീക്ഷിത്, കാര്യാലയ പ്രമുഖ്: ചന്ദ്രശേഖര്‍, പ്രചാര്‍ പ്രമുഖ്: രാഘവേന്ദ്ര സിങ് പട്ടേല്‍ എന്നിവരാണ് മറ്റ് ഭാരവാഹികള്‍.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക