India

സുരേഷ് ഗോപിയുടെ ഇടപെടല്‍; വി.പി. സുഹ്റ നിരാഹാരസമരം താത്ക്കാലികമായി നിര്‍ത്തി

Published by

ന്യൂദല്‍ഹി: മുസ്ലീം വ്യക്തിനിയമം പരിഷ്‌കരിക്കണമെന്നാവശ്യപ്പെട്ട് ആരംഭിച്ച നിരാഹാരസമരം താത്ക്കാലികമായി അവസാനിപ്പിച്ചതായി സാമൂഹ്യപ്രവര്‍ത്തക വി.പി. സുഹ്റ. കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഇടപെടലിനെതുടര്‍ന്നാണ് സമരം അവസാനിപ്പിക്കുന്നതെന്ന് വി.പി. സുഹ്റ വ്യക്തമാക്കി.

വിഷയത്തില്‍ ഇടപെടാമെന്നും കേന്ദ്രമന്ത്രിമാരെ കാണുന്നതിന് ആവശ്യമായ സഹായം നല്‍കാമെന്ന് സുരേഷ് ഗോപി അറിയിച്ചിട്ടുണ്ട്. കേന്ദ്രമന്ത്രിയുടെ ഇടപെടലില്‍ പ്രതീക്ഷയുണ്ട്. രണ്ടു ദിവസത്തിനകം കേന്ദ്ര നിയമമന്ത്രി, ന്യൂനപക്ഷകാര്യ മന്ത്രി, വനിതാശിശുക്ഷേമ മന്ത്രി എന്നിവരെ കാണാന്‍ ശ്രമിക്കും. കാലങ്ങളായി മുസ്ലീം സ്ത്രീകള്‍ ദുരിതം അനുഭവിക്കുകയാണ്. ഇത് മനുഷ്യാവകാശ പ്രശ്നമാണ്. കേന്ദ്രസര്‍ക്കാര്‍ എത്രയും വേഗം ഈ വിഷയത്തില്‍ നിലപാട് സ്വീകരിക്കണം. മുത്തലാഖ് നിരോധന നിയമം ഒരുപാട് സ്ത്രീകള്‍ക്ക് ആശ്വാസം നല്‍കിയതാണെന്നും സുഹ്‌റ പ്രതികരിച്ചു.

ഇന്നലെ രാവിലെയാണ് സുഹ്റ ദല്‍ഹിയിലെ ജന്തര്‍മന്ദറില്‍ സമരം ആരംഭിച്ചത്. അനുവദിച്ചതിലും കൂടുതല്‍ സമയം സമരം തുടര്‍ന്നതോടെ പോലീസ് സുഹ്റയെ അറസ്റ്റുചെയ്ത് പാര്‍ലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. പിന്നീട് ജാമ്യത്തില്‍ വിട്ടു. സിപിഎം നേതാവ് വൃന്ദ കാരാട്ട്, സിപിഐ നേതാവ് ആനി രാജ എന്നിവരുമായി സംസാരിച്ചതായും വയനാട് എംപി പ്രിയങ്ക വാദ്രയെ കാണുമെന്നും സുഹ്റ പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by