World

ഏത് നിമിഷവും യുദ്ധം പുനരാരംഭിക്കാൻ തയാറെന്ന് ബെഞ്ചമിൻ നെതന്യാഹു, ഇനി ലക്‌ഷ്യം വിജയം മാത്രം

Published by

ടെൽ അവീവ് : ഏത് നിമിഷവും യുദ്ധം പുനരാരംഭിക്കാൻ ഇസ്രയേൽ തയാറാണെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഐഡിഎഫ് ഗ്രൗണ്ട് ഫോഴ്‌സ് കോംബാറ്റ് ഓഫിസേഴ്‌സ് കോംബാറ്റ് കോഴ്‌സിൽ സംസാരിക്കുമ്പോഴായിരുന്നു പരാമർശം. ഹമാസിന്റെ സംഘടിത ശക്തികളിൽ ഭൂരിഭാഗത്തെയും ഉന്മൂലനം ചെയ്‌തു എന്നും അദ്ദേഹം പറഞ്ഞു.

ഇസ്രയോൽ വിജയം കൈവരിച്ചതായും ഇസ്രയേൽ ബന്ദികളെ സുരക്ഷിതമായി എത്തിക്കുന്നുണ്ടെന്നും ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. ‘ഗാസയുടെ സൈനിക സേനയെ നമ്മള്‍ തകർക്കും. ഗാസ ഭരിക്കാൻ ഹമാസിനെ അനുവതിക്കില്ല. നമ്മൾ എന്തിനു വേണ്ടിയാണ് പോരാടുന്നതെന്നും ആർക്കെതിരെയാണ് പോരാടുന്നതെന്നും എപ്പോഴും ഓർമ്മിക്കപ്പെടുമെ’ന്നും ഇസ്രയേൽ പ്രധാനമന്ത്രി പറഞ്ഞു.

‘വിജയം മാത്രം’ എന്ന് ആവർത്തിച്ചാണ് പ്രധാനമന്ത്രി പ്രസംഗം തുടർന്നത്. ‘ഗാസയിലെ ജനങ്ങള്‍ക്ക് സ്വാതന്ത്ര്യം നൽകാനും വ്യത്യസ്‌തമായ മറ്റൊരു ഗാസ പുനർനിർമിക്കാനും ട്രംപിന്റെ സഹായത്തോടെ സാധിക്കും. ട്രംപിന്റെ തകർപ്പൻ പദ്ധതിയെ ഞങ്ങൾ പിന്തുണയ്‌ക്കുന്നു. അമേരിക്കയിൽ നിന്ന് പുതിയ ആയുധങ്ങൾ എത്തിക്കാമെന്ന് ട്രംപ് ഉറപ്പ് നൽകിയിട്ടുണ്ട്. പൂർണ വിജയം നേടുന്നതിന് യുഎസ് നമ്മളെ വളരെയധികം സഹായിക്കും.’ -നെതന്യാഹു പറഞ്ഞു.

അഞ്ച് ഇസ്രയേലി ബന്ദികളെ ഹമാസ് കഴിഞ്ഞ ദിവസം മോചിപ്പിച്ചിരുന്നു. ഇതിന് പകരമായി 620 പലസ്‌തീൻ തടവുകാരെ ഇസ്രയേൽ മോചിപ്പിക്കുമെന്നായിരുന്നു കരാർ. എന്നാൽ ഇതുവരെ ഇത് പാലിക്കാൻ ഇസ്രയേൽ തയാറായിട്ടില്ല.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by