Cricket

കൊഹ്ലിക്ക് സെഞ്ച്വറി: പാക്കിസ്ഥാനെ തോല്‍പിച്ചു; ഭാരതം സെമി ഉറപ്പിച്ചു

Published by

ദുബായ്: ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ പാക്കിസ്ഥാനെതെരിരെ ഭാരതത്തിന് തകര്‍പ്പന്‍ ജയം. പാകിസ്ഥാന്‍ ഉയര്‍ത്തിയ 242 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ വിരാട് കോലിയുടെ സെഞ്ചുറി കരുത്തില്‍(100*)മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 43 ഓവറില്‍ മറികടന്നു. 56 റണ്‍സടിച്ച ശ്രേയസ് അയ്യരും 46 റണ്‍സടിച്ച ശുഭ്മാന്‍ ഗില്ലും തിളങ്ങി. ക്യാപ്റ്റന്‍ രോഹിത് ശര്‍മ 20 റണ്‍സെടുത്ത് പുറത്തായപ്പോള്‍ ഹാര്‍ദ്ദിക് പാണ്ഡ്യ എട്ട് റണ്‍സെടുത്ത് മടങ്ങി. മൂന്ന് റണ്‍സുമായി അക്‌സര്‍ പട്ടേല്‍ കോലിക്കൊപ്പം വിജയത്തില്‍ കൂട്ടായി. സ്കോര്‍ പാകിസ്ഥാന്‍ 49.4 ഓവറില്‍ 241ന് ഓള്‍ ഔട്ട്, ഇന്ത്യ 42.3 ഓവറില്‍ 244-4

ജയത്തോടെ ഇന്ത്യ ചാമ്പ്യൻസ് ട്രോഫി സെമി ഏറെക്കുറെ ഉറപ്പിച്ചപ്പോള്‍ പാകിസ്ഥാന്‍ സെമി കാണതെ പുറത്താകുന്നതിന്റെ വക്കിലായി.

അ‍ഞ്ചാം ഓവറിലായിരുന്നു രോഹിത്തിന്റെ മടക്കം.15 പന്തില്‍ 20 റണ്‍സടിച്ച രോഹിത് മൂന്ന് ഫോറും ഒരു സിക്സും പറത്തിയശേഷമാണ് ഷഹീൻ അഫ്രീദിയുടെ പന്തില്‍ ബൗള്‍ഡായി പുറത്തായത്. ഇതിനിടെ ഏകദിന ക്രിക്കറ്റില്‍ ഓപ്പണറെന്ന നിലയില്‍ 9000 റണ്‍സ് തികച്ച രോഹിത് അതിവേഗം ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ബാറ്ററുമായി. ഇന്ത്യൻ ഇന്നിംഗ്സിലെ ആദ്യ ഓവറില്‍ തന്നെ ഓപ്പണറെന്ന നിലയില്‍ 9000 പിന്നിട്ട രോഹിത് നസീം ഷാ എറിഞ്ഞ അടുത്ത ഓവറില്‍ ഫോറും സിക്സും പറത്തി പ്രതീക്ഷ നല്‍കി.ഓപ്പണറെന്ന നിലയില്‍ 181 ഇന്നിംഗ്സില്‍ നിന്നാണ് രോഹിത് 9000 റണ്‍സ് എന്ന നാഴികക്കല്ല് പിന്നിട്ടത്. 197 ഇന്നിംഗ്സില്‍ 9000 റണ്‍സ് പിന്നിട്ട ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ റെക്കോര്‍ഡാണ് രോഹിത് ഇന്ന് മറികടന്നത്. ഓപ്പണറായി 231 ഇന്നിംഗ്സില്‍ 9000 പിന്നിട്ട സൗരവ് ഗാംഗുലിയാണ് ഈ നേട്ടത്തില്‍ മൂന്നാം സ്ഥാനത്തുള്ളത്.

പിന്നീട് കാര്യങ്ങളെല്ലാം വിരാട് കോലിയും ശുഭ്മാന്‍ ഗില്ലും ഏറ്റെടുത്തു.  രണ്ടാ വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് ഇന്ത്യയെ 17.3 ഓവറില്‍ 100 റണ്‍സിലെത്തിച്ചു. അര്‍ധസെഞ്ചുറിക്ക് അരികെ ഗില്ലിനെ(46) ബൗള്‍ഡാക്കിയ അര്‍ബ്രാര്‍ അഹമ്മദ് പാകിസ്ഥാന് പ്രതീക്ഷ നല്‍കി

കോലിക്കൊപ്പം ശ്രേയസ് അയ്യര്‍ അടിച്ചു തകര്‍ത്തതോടെ ഇന്ത്യയുടെ സമ്മര്‍ദ്ദം ഒഴിവായി.   ശ്രേയസ് 63 പന്തില്‍ 21-ാം അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കി.

നാലാം വിക്കറ്റില്‍ കോലിക്കൊപ്പം സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തി ഇന്ത്യയെ 200 കടത്തിയ ശ്രേയസിനെ(56) കുഷ്ദില്‍ ഷായും പിന്നീടെത്തിയ ഹാര്‍ദ്ദിക് പാണ്ഡ്യയെ(8) ഷഹീന്‍ അഫ്രീദിയും പുറത്താക്കി..

. 96ല്‍ നില്‍ക്കെ കുഷ്ദില്‍ ഷായെ കവര്‍ ഡ്രൈവിലൂടെ ബൗണ്ടറി കത്തി കോലി 51-ാം ഏകദിന സെഞ്ചുറിയും ഇന്ത്യൻ വിജയവും പൂര്‍ത്തിയാക്കി. മത്സരത്തിൽ 15 റൺസ് നേടിയതോടെ, ഏകദിനത്തിൽ ഏറ്റവും വേഗത്തിൽ 14,000 റൺസ് പിന്നിടുന്ന താരമെന്ന റെക്കോർഡ് കോലി സ്വന്തമാക്കി. 287–ാം ഇന്നിങ്സിൽ 14,000 പിന്നിട്ട കോലി, 350 ഇന്നിങ്സിൽ നാഴികക്കല്ലു പിന്നിട്ട സച്ചിൻ തെൻഡുൽക്കറിനെ പിന്നിലാക്കി. 378 ഇന്നിങ്സിൽ 14,000 കടന്ന കുമാർ സംഗക്കാരയാണ് പട്ടികയിൽ മൂന്നാമൻ

പാകിസ്ഥാനുവേണ്ടി ഷഹീന്‍ അഫ്രീദി 73 റണ്‍സിന് രണ്ട് വിക്കറ്റെടുത്തപ്പോള്‍  അബ്രാര്‍ അഹമ്മദും കുഷ്ദില്‍ ഷായും ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി.

ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ പാക്കിസ്ഥാന്‍ 49.4 ഓവറിൽ 241 റൺസെടുത്തു പുറത്തായി. 76 പന്തിൽ 62 റൺസെടുത്ത സൗദ് ഷക്കീലാണു  ടോപ് സ്കോറർ. . ക്യാപ്റ്റൻ മുഹമ്മദ് റിസ്‍വാൻ (77 പന്തിൽ 46), ഖുഷ്ദിൽ ഷാ (39 പന്തിൽ 38), ബാബർ അസം ( 26 പന്തിൽ 23), ആഗ സൽമാൻ (24 പന്തിൽ 19), നസീം ഷാ (16 പന്തിൽ 14), ഇമാം ഉൾ ഹഖ് (26 പന്തിൽ 10) എന്നിവരാണു പാക്കിസ്ഥാന്റെ മറ്റു പ്രധാന സ്കോറർമാർ.  കുൽദീപ് യാദവ് 40 റൺസ് വഴങ്ങി മൂന്നു വിക്കറ്റുകൾ വീഴ്‌ത്തി. രാജ്യാന്തര ക്രിക്കറ്റിൽ കുൽദീപ് യാദവ് 300 വിക്കറ്റുകൾ പൂർത്തിയാക്കി.

ന്യൂസിലാന്റും ബംഗഌദേശും കൂടി ഉള്‍പ്പെട്ട ഗ്രൂപ്പില്‍ നേരത്തെ ഭാരതം ബംഗഌദേശിനെ തോല്‍പിച്ചപ്പോള്‍ പാക്കിസ്ഥാന്‍ ന്യുസിലാന്റിനോട് തോറ്റു. ഇനിയുള്ള മത്സരങ്ങളില്‍ ന്യൂസിലാന്റ്് ഭാരതത്തെ തോല്‍പ്പിക്കുകയും പാക്കിസ്ഥാനേയും ന്യൂസിലാന്റിനേയും ബംഗഌദേശ് തോല്‍പ്പിക്കുകയും ചെയ്താല്‍ ഭാരതത്തിനും ന്യൂസിലാന്റിനും ബംഗഌദേശനും നാലു പോയിന്റ് വീതം വരും.ഭാരതത്തിന്റെ സെമി പ്രവേശനം റണ്‍റേറ്റ് അടിസ്ഥാനത്തിലാകും.
ഭാരതം ന്യസിലാന്റിനോട് തോല്‍ക്കുക. ന്യൂസിലാന്റിനെ ബംഗഌദേശ് തോല്‍പ്പിക്കുക. പാക്കിസ്താന്‍ ബംഗ്ലാദേശിനെ തോല്‍പ്പിക്കുക., എങ്കില്‍ മൂന്നു ടീമുകള്‍ക്കും രണ്ടു പോയിന്റ് വീതമാകും. പാക്കിസ്ഥാന് സെമിയില്‍ നേരിയ പ്രതീക്ഷയും

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by
Tags: Kohil