ആധുനിക വൈദ്യശാസ്ത്രത്തില്‍ ബിരുദം നേടിയ ജോസ് ആയര്‍വേദത്തിലും അഗാധ ജ്ഞാനം നേടിയിട്ടുണ്ട്. ഇപ്പോള്‍ തെക്കന്‍ ബ്രസീലിലെ പരാന സംസ്ഥാനത്തെ ഒരു ഗ്രാമത്തിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഡോക്ടറായി സേവനമനുഷ്ഠിക്കുകയാണ്. അടുത്തനാളില്‍, ആറു ശിഷ്യന്മാരുമൊത്ത് എറണാകുളം ജില്ലയിലെ ഊരമനയില്‍ എത്തിയ ഡോ. ജോസ് തന്റെ അന്വേഷണ യാത്രയേക്കുറിച്ചു സംസാരിക്കുന്നു
തെക്കനമേരിക്കന്‍ രാജ്യമായ ചിലിയില്‍ നിന്നു ജോസ് അന്തോണി കാസസ് എന്ന മുപ്പത്തിമൂന്നുകാരന് അലോപ്പതി ഡോക്ടര്‍ സനാതന ധര്‍മത്തിന്റെ അനുയായ ആയി ശ്രീരാമ നാമം സ്വീകരിച്ചത് ഒരു നിയോഗമായിട്ടാണ്. ജഗദ്ഗുരു ശ്രീശങ്കരാചാര്യരുടെ ഗുരുപരമ്പരയില്‍ അഭിമാനം കൊള്ളുന്ന ഈ ഡോക്ടര്‍ക്ക് ഭാരതീയ വേദശാസ്ത്രങ്ങള്‍ പഠിക്കാനും പകര്‍ന്ന് നല്‍കാനുമുള്ള യാത്ര ഏറെ സംതൃപ്തിയാണ് പകരുന്നത്. ബ്രസീലിലെ റിയോ ഡി ജനിറോയിലെ ആചാര്യ വിശ്വവിദ്യാ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപകനും, രാജ്യം പദ്മശ്രീ നല്കി ആദരിച്ച വ്യക്തിയുമായ ജോനാസ് മാസ്സറ്റി എന്ന വിശ്വനാഥ്ജിയുടെ ശിഷ്യനായ ഡോ. ജോസ്, ഗുരുവിന്റെ പാത പിന്തുടരുകയാണ്. സാനാതന ധര്‍മ്മത്തെക്കുറിച്ച് പഠിക്കാനും അത് ജീവിതത്തില്‍ പകര്‍ത്താനും മറ്റുള്ളവര്‍ക്ക് പറഞ്ഞുകൊടുക്കാനും സൗഭാഗ്യമുണ്ടായത് ജന്മാന്തര സുകൃതമാണെന്ന് ഡോ. ജോസ് കരുതുന്നു. ചിലിയുടെ തലസ്ഥാനമായ സാന്റിയാഗോയില്‍ ജനിച്ച്, അവിടെ വൈദ്യശാസ്ത്രത്തിന് പഠിക്കുമ്പോഴാണ് യാദൃച്ഛികമായി ഭാരതീയ ദര്‍ശനങ്ങളെയും സനാതന ധര്‍മ്മത്തെയും കുറിച്ച് അടുത്തറിയാന്‍ അവസരം തെളിഞ്ഞത്. ആധുനിക വൈദ്യശാസ്ത്രത്തില്‍ ബിരുദം നേടിയ ജോസ് ആയര്‍വേദത്തിലും അഗാധ ജ്ഞാനം നേടിയിട്ടുണ്ട്. ഇപ്പോള്‍ തെക്കന്‍ ബ്രസീലിലെ പരാന സംസ്ഥാനത്തെ ഒരു ഗ്രാമത്തിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഡോക്ടറായി സേവനമനുഷ്ഠിക്കുകയാണ്. അടുത്തനാളില്‍, ആറു ശിഷ്യന്മാരുമൊത്ത് എറണാകുളം ജില്ലയിലെ ഊരമനയില്‍ എത്തിയ ഡോ. ജോസ് തന്റെ അന്വേഷണ യാത്രയേക്കുറിച്ചു സംസാരിക്കുന്നു.
പ്രമുഖ പണ്ഡിതനായ ആനന്ദ് ജ്യോതിയില്‍ നിന്ന്, ശ്രീനാരായണ ഗുരുദേവന്റെ ഭദ്രകാള്യഷ്ടകം പഠിക്കുന്നതിനായിട്ടാണ് ഊരമനയില്‍ എത്തിയത്. ഈ അഷ്ടകം പോര്‍ച്ചുഗീസ് ഭാഷയിലേയ്ക്ക് ആനന്ദ് ജ്യോതി വിവര്‍ത്തനം ചെയ്യുന്നുണ്ട്. ഇത് ഏതാണ്ട് പൂര്‍ത്തിയായി കഴിഞ്ഞു.
വൈദ്യശാസ്ത്രത്തില്‍നിന്ന് ഭാരതീയ ദര്‍ശനത്തിലേക്ക്
ദക്ഷിണ അമേരിക്കന്‍ രാജ്യമായ ചിലിയില്‍ സാധാരണ കുടുംബത്തില്‍ 1991ലാണ് ജോസ് ജനിച്ചത്. ബിരുദ പഠനത്തിനുശേഷം പത്തൊമ്പതാം വയസിലാണ് വൈദ്യശാസ്ത്രം പഠനത്തിന് ചേര്‍ന്നത് ഏഴു വര്‍ഷമാണ് ചിലിയില്‍ മെഡിസിന് പഠനം. സാംസ്കാരിക വിനിമയ പരിപാടിയുടെ ഭാഗമായി ചിലിയിലുള്ള വിദ്യാര്‍ത്ഥികള്‍ ബ്രസീലസിലും അവിടെയുള്ളവര്‍ ചിലിയിലും പഠനത്തിനായി എത്താറുണ്ട്. 2014 ല്‍ ഈ പരിപാടിയുടെ ഭാഗമായി ബ്രസീലില്‍ എത്തുന്നതോടെയാണ് ഡോക്ടര്‍ ജോസിന്റെ ജീവിതത്തില്‍ വഴിത്തിരിവുണ്ടാകുന്നത്. ഇവിടെ വച്ചാണ് തമിഴ്നാട്ടിലെ കോയമ്പത്തൂരില്‍ നിന്നുള്ള ഡോ. പാര്‍ത്ഥസാരഥിയെ പരിചയപ്പെടുന്നത്. ഇതോടെ ആയുര്‍വേദത്തില്‍ ആകൃഷ്ടനായി. ദയാനന്ദ സരസ്വതിയുടെ ഡോക്ടറായിരുന്നു പാര്‍ത്ഥസാരഥി. ഈ കാലഘട്ടത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രസീല്‍ സന്ദര്‍ശിക്കുന്നത്. മോദിയുടെ സന്ദര്‍ശനം ഭാരതീയ ജ്ഞാനം തേടിയുള്ള യാത്രയ്ക്ക് ഡോ. ജോസിന് ഏറെ പ്രചോദനമേകി.
മെഡിസിന് പഠിക്കുമ്പോള്‍ത്തന്നെ അറിവ് പൂര്ണമല്ലായെന്ന ചിന്ത മനസിനെ അലട്ടിയിരുന്നു. ശരീരത്തെ ചികിത്സിച്ച് ഭേദമാക്കാന്‍ ഡോക്ടര്‍മാര്‍ക്ക് കഴിയും. എന്നാല്‍ മനസിന്റെ കാര്യങ്ങള്‍ എങ്ങനെയാണെന്ന ചിന്തയുമുണ്ടായിരുന്നു. ഇംഗ്ലീഷ് മരുന്നിന് പാര്‍ശ്വഫലങ്ങളുണ്ട്. അപ്പോഴാണ് ആയുര്‍വേദത്തെക്കുറിച്ച് അറിയുന്നത്. ശുദ്ധ ചികിത്സാ സമ്പ്രദായത്തെക്കുറിച്ച്അറിഞ്ഞതോടെ അതിനെക്കുറിച്ച് അന്വേഷണം തുടങ്ങി.
ആയുര്‍വേദത്തെക്കുറിച്ചും വേദങ്ങളെക്കുറിച്ചും അറിയുന്നതിനും ശുദ്ധമായ ജ്ഞാനം ലഭിക്കണമെങ്കില്‍ സംസ്കൃതം പഠിക്കണമെന്നും, ഇതിനായി ഭാരതത്തില്‍ വരണമെന്നും ഡോ. പാര്‍ത്ഥസാരഥി ഉപദേശിച്ചു. സംസ്കൃതം അറിഞ്ഞാല്‍ മാത്രമെ മൂലഗ്രന്ഥങ്ങള്‍ വായിച്ച് ജ്ഞാനത്തിന്റെ അമൃത് നുകരാന്‍ സാധിക്കുകയുള്ളൂവെന്ന ഉപദേശം ശിരസാവഹിച്ചാണ് കോയമ്പത്തൂരില്‍ എത്തുന്നത്. ആറുമാസത്തോളം കോയമ്പത്തൂരില്‍ താമസിച്ചു. വിവിധ സംസ്കൃത പണ്ഡിതന്മാരുടെ ശിക്ഷണത്തില്‍ സംസ്കൃതവും വേദാന്തവും ആയുര്‍വേദവും ഹൃദിസ്ഥമാക്കി. ജ്ഞാനതൃഷ്ണ തേടിയുള്ള യാത്ര ഡോ. ജോസിനെ ഭാരതീയനാക്കി. സനാതനധര്‍മ്മത്തിലേക്കു പതിയെയുള്ള ചുവടുവയ്പായിരുന്നു അത്. ചെന്നൈയിലെ ശരണ്‍ സുബ്രഹ്മണ്യനില്‍ നിന്നാണ് പാണനീയം പഠിച്ചത്.
യോഗയും വേദങ്ങളും ആയുര്‍വേദവുമെല്ലാം പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നതായി മനസ്സിലായി. വേദാന്തത്തിലൂടെ ആദ്ധ്യാത്മികതയിലേക്കുള്ള പ്രവേശനമായിരുന്നു. വേദാന്തത്തിലെ ഏറ്റവും വലിയ സങ്കല്പമാണ് ദക്ഷിണാമൂര്‍ത്തി. സര്വലേകത്തിനും ഗുരുവായിരിക്കുന്നതും, എല്ലാ രോഗത്തിനും ഭിഷംഗ്വരനായിരിക്കുന്നതും ദക്ഷിണാമൂര്‍ത്തിയാണ്. ഭയത്തെ മാറ്റുന്ന ശിവനാണ് ദക്ഷിണാമൂര്‍ത്തി. ശിവന്റെ ഏറ്റവും വലിയ സങ്കല്പമാണിത്. ദക്ഷിണാമൂര്‍ത്തിക്ക് ഭാരതത്തിലുള്ള ഏക ക്ഷേത്രം പാലക്കാട് പട്ടാമ്പിയിലെ ശുകപുരത്താണ്. മനസിനുള്ള പരമമായ ഔഷധം ഭഗവാന്റെ അനുഗ്രഹമാണ്. മനസിന് സ്ഥിരതയും ധൈര്യവും നല്‍കുന്നത് ആദ്ധ്യാത്മികതയാണ്. താമസികവും രാജസികവുമായ ഗുണങ്ങളില്‍ നിന്നാണിത് വരുന്നത്. മനസ് ആകെ കലങ്ങി മറിഞ്ഞിരിക്കുന്ന ആകാംക്ഷയെ കീഴടക്കാനാകുന്നത് ആദ്ധ്യാത്മികതയിലൂടെയാണെന്ന തിരിച്ചറിവിലേക്കുള്ള വളര്ച്ചായായിരുന്നു ഡോക്ടറുടെത്.
അഭംഗുരമായ ഗുരുപരമ്പര
അലോപ്പതിയില്‍ ആദ്ധ്യാത്മികതയില്ല. ചൈതന്യത്തക്കുറിച്ചറിയില്ല. എന്നാല്‍ ആയുര്‍വേദത്തില്‍ വ്യക്തിയുടെ ചൈതന്യത്തെയാണ് ചികിത്സിക്കുന്നത്. അതു വളരെ പ്രധാനമാണ്. ഭാരതീയ ജീവിതം ആദ്ധ്യാത്മികതയില്‍ അധിഷ്ടിതമാണ്. ഗുരു പരമ്പര എന്ന സങ്കല്പം ഭാരതത്തില്‍ അനാദികാലം മുതലുണ്ട്. അത് അഭംഗുരം തുടരുന്നു. മറ്റെങ്ങും ഈ സങ്കല്പമില്ല. ഈ പരമ്പരയുടെ കണ്ണിയാകാന്‍ കഴിഞ്ഞതാണ് തന്റെ ഭാഗ്യമെന്ന് ഡോക്ടര്‍ ജോസ് പറയുന്നു. മോദി ബ്രസീല്‍ സന്ദര്‍ശിച്ചപ്പോള്‍ വേദമന്ത്രങ്ങളോടെയാണ് സ്വീകരിച്ചതെന്നും അദ്ദേഹം അനുസ്മരിക്കുന്നു.
സനാതന ധര്‍മ്മം ഏറ്റവും വലിയ അനുഗ്രഹമാണ്. അത് അനുഭവമാണ്. ഇനിയും ഏറെപ്പേരിലേക്ക് എത്തേണ്ടതുണ്ട്. അത് തന്റെ ജീവിതത്തിന്റെ നിയോഗമായി എടുക്കുന്നതായും അദ്ദേഹം പറയുന്നു. ‘ ഈ അമൃതത്തിന്റെ ഒരു തുള്ളിയാണ് ഞാന്‍ കഴിച്ചിട്ടുള്ളത്. ഇത് ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹമാണ്. ഭാരതത്തിലെ ആചാര്യന്മാര് തുറന്ന മനസോടെയാണ് ഞങ്ങളെ സ്വീകരിക്കുന്നത്. അവര്‍ കാത്തിരിക്കുകയാണ് അറിവ് പകര്‍ന്നു നലല്കാന്. നിര്‍ലോഭം അറിവ് പകര്‍ന്ന് നല്കുന്നു. ഇത് മറ്റൊരിടത്തും ഇല്ല. ജ്ഞാനതൃഷ്ണ ആളുകളില്‍ ഉണ്ടാക്കുകയെന്നത് ഒരു നിയോഗമായി കരുതുന്നു. ഭാരതത്തില്‍ എത്തുന്നത് എനിക്ക് വീട്ടില്‍ വരുന്ന അനുഭൂതിയാണ് തരുന്നത്. മരുന്നും മന്ത്രവും ഔഷധമാണ്. അത് അത്ര പെട്ടെന്ന് പഠിച്ചെടുക്കാനാകില്ല’ ഡോ.ജോസ് പറഞ്ഞു.
കോയമ്പത്തൂരില്‍ നിന്നു ബ്രസീലില്‍ എത്തിയ ചില പൂജാരികളില്‍ നിന്നാണ് പൂജയും മറ്റും പഠിച്ചത്. മന്ത്രങ്ങള്‍ ചൊല്ലാന്‍ പഠിച്ചു. തമിഴ് ഋഗ്വേദികളുടെ രീതിയാണിത്. ഉപനയനാദികള്‍ ചെയ്ത് ബ്രാഹ്മണ്യം സ്വീകരിച്ചു. ബ്രഹ്മജ്ഞാനിയാണ് ബ്രാഹ്മണനാകുന്നത്. പഠിക്കാനും പഠിപ്പിക്കാനും കഴിയുന്നത് സൗഭാഗ്യമാണ്. ഭാരതത്തിന്റെ മാത്രം സവിശേഷതയാണിത്. ആ ചൈതന്യം ഭാരതത്തില്‍ തുടര്‍ന്ന് വരുന്നു. ഇതൊരു നിയോഗമാണ്. സനാതന ധര്‍മ്മവും ഹിന്ദുയിസവും പൂര്ണകുംഭനിധിയാണ്. അന്‍പതോളം വിദ്യാര്‍ത്ഥികളെ ഇപ്പോള്‍ സനാതന ധര്‍മ്മം പഠിപ്പിക്കുന്നുണ്ട്. പ്രമുഖ പണ്ഡിതനായ ആനന്ദ് ജ്യോതിയില്‍ നിന്ന്, ശ്രീനാരായണ ഗുരുദേവന്റെ ഭദ്രകാള്യഷ്ടകം പഠിക്കുന്നതിനായിട്ടാണ് ഡോ.ജോസ് ഊരമനയില്‍ എത്തിയത്. ഈ അഷ്ടകം പോര്‍ച്ചുഗീസ് ഭാഷയിലേക്ക് ആനന്ദ് ജ്യോതി വിവര്‍ത്തനം ചെയ്യുന്നുണ്ട്. ഇത് ഏതാണ്ട് പൂര്‍ത്തിയായി കഴിഞ്ഞു.
മധുര, ചിദംബരം, തഞ്ചാവൂര്‍ എന്നിവിടങ്ങള്‍ക്കു പുറമെ കേരളത്തിലെ വിവിധയിടങ്ങളും ഡോക്ടര്‍ സന്ദര്‍ശിച്ചിട്ടുണ്ട്. നിരവധി ഭാരതീയ ഗ്രന്ഥങ്ങള്‍ പോര്‍ച്ചുഗീസ്, സ്പാനിഷ് ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്തു. 1500 ശ്ലോകങ്ങളുള്ള ഭാവപ്രകാശം സ്പാനിഷ്, പോര്‍ച്ചുഗീസ് ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്തു കഴിഞ്ഞു. അടുത്തമാസം പ്രകാശനം നടക്കും. ഗണപതി സ്തുതിയോടെയാണ് ആരംഭിക്കുന്നത്. ലഘുത്രയത്തില് വരുന്നതാണ് ഭാവപ്രകാശം.
2018 ലാണ് ആദ്യമായി കോയമ്പത്തൂരിലെത്തുന്നത്. ഭാരതീയ രീതിയില്‍ ഹിന്ദു ആചാരപ്രകാരം രണ്ടുവര്‍ഷം മുന്‍പ് കോയമ്പത്തൂരില്‍ വച്ചായിരുന്നു വിവാഹം. ബ്രസീലില്‍ കെമിക്കല്‍ എന്‍ജിനീയറായ സുസ്മിതയാണ് ഭാര്യ. മകന്റെ പേര് ഹരി. പ്രായം രണ്ടുമാസം. തികച്ചും സനാതന ധര്‍മ്മം ഉള്‍ക്കൊണ്ടാണ് ഡോക്ടര്‍ മുന്നോട്ടുപോകുന്നത്. ഉപനയനാദികളെല്ലാം കോയമ്പത്തൂരിലെ വേദ പണ്ഡിതന്മാരാണ് നടത്തിയത്. ഭാരതത്തിന്റെ അമൂല്യമായ അറിവ് വിദേശങ്ങളില്‍ പ്രചിരിപ്പിക്കുകയും, സനാതന ധര്‍മ്മം പ്രചരിപ്പിച്ച് മുന്നോട്ടുപോവുകയുംമാണ് ലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: