Categories: News

അമ്പരപ്പിക്കുന്ന ആസൂത്രണങ്ങള്‍

ഹാകുംഭമേള നടന്ന പ്രയാഗ്രാജിലെ പുണ്യതീര്‍ത്ഥക്കരയിലിരുന്നാണ് ഈയാഴ്ചത്തെ ‘നിരീക്ഷണം’ എഴുതിപൂര്‍ത്തിയാക്കുന്നത്. ആദിശങ്കരന്റെ നാടായ കേരളത്തിന്, 60 കോടിയിലേറെപ്പേര്‍ പങ്കെടുത്ത ഈ മഹാ കുംഭമേളയില്‍ സര്‍ക്കാര്‍ തലത്തില്‍ വട്ടപ്പൂജ്യമായിരുന്നു സ്ഥാനവും പങ്കാളിത്തവും. ആദിശങ്കരന്റെ ഒരു ചിത്രവും ഒരു കാണിക്കവഞ്ചിയും വെച്ച് കുത്തിയിരുന്നെങ്കില്‍ ഒരുപക്ഷേ അടുത്ത മാസത്തെ സര്‍ക്കാര്‍ ചെലവിനുള്ള പണമെങ്കിലും കണ്ടെത്താമെന്ന ‘ആസൂത്രണം’ പോലും കേരളത്തിനുണ്ടായില്ല എന്നതാണ് കഷ്ടം.

2014 ലെ പൊതുതെരഞ്ഞെടുപ്പില്‍, നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനം വെടിഞ്ഞ് പ്രധാനമന്ത്രിയാകാന്‍ മത്സരിക്കുന്നുവെന്ന് ഉറപ്പായി. അപ്പോഴും മോദി ‘ഇവിടെ’ മത്സരിക്കും എന്ന് ആര്‍ക്കും ഊഹിക്കാന്‍ എളുപ്പമല്ലായിരുന്നു. ഗുജറാത്തിലെ മുഖ്യമന്ത്രി, അജയ്യനായ സംസ്ഥാന നേതാവ്, നിയമസഭാ തെരഞ്ഞെടുപ്പില്‍ എവിടെ മത്സരിച്ചാലും വിജയിക്കുമെന്ന് ഉറപ്പ്. അപ്പോള്‍ മോദി ഗുജറാത്തില്‍നിന്ന് ലോക്‌സഭാ സ്ഥാനാര്‍ത്ഥിയാകുമെന്ന കാര്യം ഊഹമല്ലായിരുന്നു, ഉറപ്പായിരുന്നുതാനും. മോദി രണ്ടാമതൊരിടത്ത് മത്സരിക്കുമോ എന്ന ചോദ്യം വന്നു. രണ്ടു പ്രശ്നങ്ങളാണ് അതില്‍ ചിലര്‍ ഉയര്‍ത്തിയത്. ഗുജറാത്തിലെ മുഖ്യമന്ത്രിയൊക്കെയാകാം, പക്ഷേ മോദിക്ക് ബിജെപി നേതാക്കളായ അടല്‍ബിഹാരി വാജ്‌പേയി, ലാല്‍ കൃഷ്ണ അദ്വാനി, സുഷമാ സ്വരാജ്, മുരളീ മനോഹര്‍ ജോഷി തുടങ്ങിയ നേതാക്കള്‍ക്കുള്ള അഖിലേന്ത്യാ സ്വീകാര്യതയില്ല, അതിനാല്‍ ഗുജറാത്ത് വിട്ട് മറ്റൊരിടത്ത് മത്സരിച്ചേക്കാനിടയില്ല എന്നായിരുന്നു അവരുടെ വര്‍ത്തമാനങ്ങള്‍. അതുകൊണ്ട് രണ്ടാം മണ്ഡലത്തില്‍ ജയിച്ചില്ലെങ്കിലോ, എന്നതിനാല്‍ മത്സരിക്കില്ല എന്നും പലര്‍ പറഞ്ഞു. അങ്ങനെയിരിക്കെയാണ് നരേന്ദ്ര മോദി ഉത്തര്‍ പ്രദേശിലെ വാരാണസിയില്‍ മത്സരിക്കുന്നുവെന്ന് പ്രഖ്യാപനം വന്നത്.

പലരും അതിശയംകൊണ്ടു. എന്തുകൊണ്ട് വാരാണസി? ബിജെപി നേരിട്ട് എതിര്‍ക്കുന്ന രാഷ്‌ട്രീയ പാര്‍ട്ടിയായ സമാജ്വാദി പാര്‍ട്ടിയുടെ ശക്തി കേന്ദ്രം. അവിടെ പോയി മോദി മത്സരിക്കുന്നു! പാര്‍ട്ടിയുടെ സ്റ്റാര്‍ പ്രചാരകനെന്ന നിലയ്‌ക്ക് ഭാരതമാകെയും അതിനിടെ ഗുജറാത്ത്- യുപി സംസ്ഥാനങ്ങളിലേക്കും, സ്വന്തം വിജയമുറപ്പിക്കാന്‍ ഓട്ടം നടത്തുക നല്ലതാകുമോ. പക്ഷേ മോദി വാരാണസിയുടെ എംപിയായി, പ്രധാനമന്ത്രിയായി. എന്തുകൊണ്ട് വാരാണസി? എന്ന ചര്‍ച്ചകള്‍ പലവഴിക്കു നടന്നപ്പോഴും 2025 ലെ മഹാകുംഭമേള ആരുടെയും ചിന്തയിലും വര്‍ത്തമാനത്തിലും വന്നില്ല. 11 വര്‍ഷം കഴിഞ്ഞുള്ള കാര്യമല്ലേ.

ശുചിത്വം വിഷയമായപ്പോള്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി ചൂലുമെടുത്ത് നിരത്തിലിറങ്ങിയപ്പോള്‍ ഇതെന്തൊരു ഭ്രാന്ത് എന്ന് ചിന്തിച്ചവരും ചോദിച്ചവരുമുണ്ട്. ഗംഗയുടെ ശുദ്ധീകരണവും ശുചീകരണവും ഒരു ബൃഹദ് പദ്ധതിയായി പ്രഖ്യാപിച്ചപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷ്യത്തിന് ഒരു വാരാണസി, ഉത്തര്‍പ്രദേശ് ബന്ധം ആരൊക്കെ കണ്ടിട്ടുണ്ടാവുമെന്ന് സംശയമാണ്. നൂറിലേറെ വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ഔദ്യോഗിക പ്രതിനിധികള്‍ പ്രയാഗ്രാജില്‍ കുംഭമേളയില്‍വന്ന് ഗംഗയില്‍ മുങ്ങി പുണ്യസ്നാനം ചെയ്യാന്‍ ധൈര്യശാലികളായത് ഗംഗയുടെ ശുദ്ധികൊണ്ടു കൂടിയായിരുന്നു. ‘അലഹബാദ്’ എന്ന പ്രദേശത്തിന് ‘പ്രയാഗ്‌രാജ്’ എന്ന് പേരു മാറ്റി പ്രസിദ്ധമാക്കിയതിനുപിന്നില്‍, വാരാണസിയിലെ ഗംഗാഘാട്ടുകളെ സൗകര്യങ്ങളും സംവിധാനങ്ങളുമുള്ള തീര്‍ത്ഥാടന കേന്ദ്രമാക്കിയതില്‍, അവിടേക്ക് യാത്രാ സംവിധാനത്തിന് അടിസ്ഥാന സൗകര്യ വികസനം നടത്തിയതിന് പിന്നില്‍ 2025 ലെ മഹാകുംഭമേളയെന്ന ലക്ഷ്യമുണ്ടായിരുന്നുവെന്ന് ആര്‍ക്ക് ഊഹിക്കാന്‍ കഴിഞ്ഞിരുന്നു!

അയോദ്ധ്യയില്‍ ശ്രീരാമക്ഷേത്ര നിര്‍മാണം പൂര്‍ത്തിയാക്കി അവിടെ പ്രാണപ്രതിഷ്ഠ നടത്താന്‍, അതിന് മുമ്പ് നിയമ തടസ്സങ്ങള്‍ നീക്കാന്‍, സാമൂഹ്യക്രമം ഭദ്രമാക്കാന്‍ സഹകരണത്തിന്റെ സമാനതയില്ലാത്ത സാധ്യതകള്‍ വിനിയോഗിക്കാന്‍ കഴിഞ്ഞതിനു പിന്നില്‍ മഹാകുംഭമേള-2025 എന്ന ലക്ഷ്യവുമുണ്ടായിരുന്നുവെന്ന് എത്ര രാഷ്‌ട്രീയ സാമൂഹ്യ- ഭരണ നിര്‍വഹണ നിരീക്ഷകര്‍ക്ക് ഊഹമെങ്കിലും പറയാന്‍ കഴിഞ്ഞിട്ടുണ്ട്?

ലോകത്തിനു മുന്നില്‍ ഭാരതത്തെ പ്രദര്‍ശിപ്പിക്കാന്‍ പാകത്തിന് ജി 20 ഉച്ചകോടിക്ക് ഭാരതം ആതിഥേയരാകാന്‍ സന്നദ്ധമായി. അതിന് ഭാരതത്തിന്റെ സാംസ്‌കാരിക കേന്ദ്രങ്ങളും തീര്‍ത്ഥാടന സ്ഥാനങ്ങളും വിനോദ സഞ്ചാര സ്ഥലങ്ങളും വേദിയാക്കാന്‍ നിശ്ചയിച്ച് അത് വന്‍ വിജയത്തിലാക്കിയപ്പോള്‍ അതിന് പിന്നിലും മഹാകുംഭമേളയെന്ന വിശ്വോത്തര മനുഷ്യ സംഗമം ഒരു ലക്ഷ്യമായിരുന്നുവെന്ന് ആരെങ്കിലും ചര്‍ച്ച ചെയ്തിരുന്നോ?

ഇനിയുമേറെയുണ്ട് മഹാകുംഭമേളയ്‌ക്ക് അരങ്ങൊരുക്കിയ ഭരണ നൈപുണിയുടെ വൃത്താന്തങ്ങള്‍. തിരിഞ്ഞുനോക്കുമ്പോള്‍ അമ്പരന്നുപോകുന്നതാണ് ഇവയോരോന്നും. ആ അമ്പരപ്പിന്റെ പേരാണ് ‘മോദി ആസൂത്രണം’ എന്ന്.

അതിന് പഞ്ചവത്സര പദ്ധതികള്‍ക്ക് ആസൂത്രണം നടക്കുന്ന രാഷ്‌ട്രീയ വേദിയായിരുന്ന പ്ലാനിങ് കമ്മീഷന് പോരായ്മകളുണ്ട്, പക്ഷേ പോരാ, ‘നിതി ആയോഗ്’ വേണമെന്ന് നിശ്ചയിച്ചിടത്തു തുടങ്ങി ആസൂത്രണത്തിന്റെ മാറിച്ചിന്തിക്കലും നടപ്പാക്കലും എന്നെങ്കിലും തിരിച്ചറിയാന്‍ കഴിയണം.

വാരാണസിയില്‍ സമാജ്വാദി പാര്‍ട്ടിയുടെ പ്രതിനിധിയായിരുന്നു പാര്‍ലമെന്റംഗമായിരുന്നതെങ്കില്‍! ഒന്നു സങ്കല്‍പ്പിച്ചു നോക്കുക. യുപിയില്‍ സമാജ്വാദി പാര്‍ട്ടിയാണ് ഭരിച്ചിരുന്നതെങ്കില്‍? മഹാകുംഭമേള എന്താകുമായിരുന്നു, എങ്ങനെയാകുമായിരുന്നു? കേന്ദ്രത്തിലും ഉത്തര്‍പ്രദേശിലും ഒരേ സര്‍ക്കാര്‍ ഏകമനസ്സോടെ പ്രവര്‍ത്തിച്ചു.

വീക്ഷണം ഉണ്ടാകണം, അത് ദീര്‍ഘവീക്ഷണമാകണം, ദൈര്‍ഘ്യം ‘അഞ്ചു വര്‍ഷ’ത്തേക്ക് ആകരുത്, അടുത്ത അഞ്ചുവര്‍ഷം കൂടി തുടരാന്‍ അഞ്ചാം വര്‍ഷം തട്ടിക്കൂട്ടുന്ന ആസൂത്രണവും നിര്‍വഹണവുമാകരുത്. ആസൂത്രണം ആള്‍ക്കൂട്ടത്തിനും സ്വന്തം ആശ്രിതര്‍ക്കും വേണ്ടിയാകരുത്, ‘ആചന്ദ്രതാരം’ (സൂര്യചന്ദ്രന്മാര്‍ ഉണ്ടായിരിക്കുന്നിടത്തോളം) ഫലം തരുന്നതായിരിക്കണം. അത്തരം ആസൂത്രണത്തിന്റെ ആഗോള ഭരണ മാതൃകയിലേക്ക് ഭാരതം കടന്നുനില്‍ക്കുന്നുവെന്നതാണ് കുംഭമേളയിലൂടെ പ്രകടമാകുന്നത്.

നരേന്ദ്ര മോദി അധികാരത്തിലേറിയ 2014 ല്‍ രാജ്യവാസികളോട് പറഞ്ഞത്. ഭാരതത്തിന്റെ സ്വാതന്ത്ര്യലബ്ധിയുടെ എഴുപത്തഞ്ചാം വര്‍ഷം, 2022 ല്‍ ആഘോഷിക്കാനുള്ള തയാറെടുപ്പ് നടത്താനായിരുന്നു. 2019 ല്‍ രണ്ടാമതും അധികാരത്തിലെത്തിയപ്പോള്‍ നരേന്ദ്ര മോദി വിഭാവനം ചെയ്തതും ഭാരതജനതയോടും പറഞ്ഞതും നമ്മുടെ സ്വാതന്ത്ര്യലബ്ധിയുടെ നൂറാം വാര്‍ഷികം 2047 ല്‍ ആഘോഷിക്കാന്‍ സജ്ജരാവുകയെന്നാണ്. മഹാ കുംഭമേളയുടെ വിജയകരമായ നടത്തിപ്പ് തെളിയിക്കുന്നത് ആസൂത്രണം നിര്‍വഹണതലത്തിലും വിജയമാകുന്നുവെന്നാണ്.

പറഞ്ഞുവന്നത് ബിജെപിയുടെ, ദേശീയബോധമുള്ള, രാഷ്‌ട്രം മുഖ്യം എന്നു കരുതുന്ന ഒരുപാര്‍ട്ടിയുടെ ഭരണനിര്‍വഹണത്തിലെ ആസൂത്രണത്തെക്കുറിച്ചാണ്. ബിജെപിയുടെ ആദിരൂപമായ ജനസംഘത്തിന്റെ ആദര്‍ശ- ആശയ രൂപീകരണങ്ങളുടെ കാഴ്ചപ്പാടാണത്. അത് ദേശീയബോധമുള്ള, ഭാരത സംസ്‌കാരത്തിന്റെ ഡിഎന്‍എയുള്ള, സംഘടനയുടെ സ്വഭാവമാണ്. അത് ഒരു നരേന്ദ്ര മോദിയുടെ ചിന്തയും പദ്ധതിയും മാത്രമല്ല. അനവധി നരേന്ദ്ര മോദിമാരുടെ, അവര്‍ അനന്തകാലമായി തുടരുന്ന ചിന്താധാരയാണ്.

മഹാകുംഭമേള നടന്ന പ്രയാഗ്രാജിലെ പുണ്യതീര്‍ത്ഥക്കരയിലിരുന്നാണ് ഈയാഴ്ചത്തെ ‘നിരീക്ഷണം’ എഴുതി പൂര്‍ത്തിയാക്കുന്നത്. ആവേശവും രോമാഞ്ചഹര്‍ഷവും അധികമാകാതിരിക്കാന്‍ ഇവിടെ ആരും പാടുപെടും. ഗംഗാ സരസ്വതീ യമുനാ നദികള്‍ സംഗമിക്കുന്ന ഈ തീരത്തിരുന്ന്, കേരളത്തില്‍ ജനിച്ച് ഇവിടെ എത്തിയ ആദിശങ്കരനെന്ന ശ്രീ ശങ്കരാചാര്യര്‍ സ്തുതിച്ചു:

”ദേവി! സുരേശ്വരി! ഭഗവതി! ഗംഗേ/
ത്രിഭുവനതാരിണി തരളതരംഗേ/
ശംകരമൗലിവിഹാരിണി വിമലേ/
മമ മതിരാസ്താം തവ പദകമലേ…
തവ ചേന്മാതഃ സ്രോതഃ സ്‌നാതഃ/
പുനരപി ജഠരേ സോപി ന ജാതഃ/
നരകനിവാരിണി ജാഹ്നവി ഗംഗേ/
കലുഷവിനാശിനി മഹിമോത്തുംഗേ…” എട്ടു ശ്ലോകങ്ങളാണ്. ഗംഗാ മാതാവിന്റെ പുണ്യകീര്‍ത്തനം മാത്രമല്ല, ജലസ്രോതസ്സിന്റെ സംരക്ഷണവും പാടുന്ന പ്രകൃതിപോഷണവുമതിലുണ്ട്. ഇന്നത്തെ ഭാഷയില്‍ പറഞ്ഞാല്‍ ‘പരിസ്ഥിതി സംരക്ഷണം’. പക്ഷേ ആ മഹത്വം പാടിയ ആദിശങ്കരന്റെ നാടായ കേരളത്തിന് 60 കോടിയിലേറെ പേര്‍ പങ്കെടുത്ത മഹാകുംഭമേളയില്‍ സര്‍ക്കാര്‍ തലത്തില്‍ വട്ടപ്പൂജ്യമായിരുന്നു സ്ഥാനവും പങ്കാളിത്തവും. ആദിശങ്കരന്റെ ഒരു ചിത്രവും ഒരു കാണിക്കവഞ്ചിയും വെച്ച് കുത്തിയിരുന്നെങ്കില്‍ ഒരുപക്ഷേ അടുത്ത മാസത്തെ സര്‍ക്കാര്‍ ചെലവിനുള്ള പണമെങ്കിലും കണ്ടെത്താമെന്ന ‘ആസൂത്രണം’ പോലും കേരളത്തിനുണ്ടായില്ല എന്നതാണ് കഷ്ടം.

പക്ഷേ അവര്‍ക്ക് ആസൂത്രണമുണ്ട്. സംസ്ഥാനത്തെ മൂന്നാം ക്ലാസു മുതല്‍ പ്ലസ് ടു വരെയുള്ള പാഠപുസ്തകങ്ങളില്‍നിന്ന് ശ്രീനാരായണ ഗുരുദേവന്റെ രചനകളും അദ്ദേഹത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങളും നീക്കിക്കളഞ്ഞു. കാലടിയില്‍ ഒരു സംസ്‌കൃത സര്‍വകലാശാല സ്ഥാപിച്ച്് അതിന്റെ പേര് ‘ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല’ എന്നു മുഴുവന്‍ പറയാതെ കാലടി സര്‍വകലാശാല എന്നു പറയുന്നവരുടെ കാര്യത്തില്‍ അവരുടെ ആസൂത്രണങ്ങള്‍ വിജയിക്കുന്നുവെന്നാണല്ലോ പറയേണ്ടത്. അവരെക്കുറിച്ചും ആദി ശങ്കരന്‍ പാടി, ഭജഗോവിന്ദത്തില്‍: ”മൂഢ ജഹീഹി ധനാഗമ തൃഷ്ണാം/ കുരു സദ്ബുദ്ധിം മനസി വിതൃഷ്ണാം/ യല്ലഭസേ നിജ കര്‍മ്മോപാത്തം/ വിത്തം തേന വിനോദയ ചിത്തം” കമ്യൂണിസ്റ്റ് സാമ്പത്തിക ശാസ്ത്രത്തിന് ശങ്കരന്‍ എതിരായിരുന്നുവെന്ന് ‘ശങ്കരന്‍ നമ്പൂതിരി’ വ്യാഖ്യാനിച്ചിട്ടുണ്ടാവണം!!

പിന്‍കുറിപ്പ്:

ദല്‍ഹിയില്‍ പുതിയ ബിജെപി സര്‍ക്കാരിന്റെ മുഖ്യമന്ത്രിയായി രേഖാ ഗുപ്ത സ്ഥാനമേറ്റു. വയസ്സ് 50 ആയിട്ടേ ഉള്ളു. ‘പെങ്ങളൂട്ടി’ എന്ന് വിളിക്കാനൊന്നും ആര്‍ക്കും നാവുപൊങ്ങുന്നില്ലല്ലോ. ‘യുവരാജാ’വിന് 54 ആയി. ‘യുവറാണി’ക്ക് അനിയത്തിക്ക് 53. സത്യപ്രതിജ്ഞയ്‌ക്കു മുമ്പേ ‘വികസിത ദല്‍ഹി’ എന്നാണ് വിശേഷിപ്പിക്കുന്നത്. അതായത്, ആസൂത്രണം മുമ്പേ കഴിഞ്ഞിരിക്കുന്നു, ദല്‍ഹിയിലും നിര്‍വഹണം തുടങ്ങുകയായി എന്നര്‍ത്ഥം…

 

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക