Kerala

സര്‍ക്കാര്‍ നോമിനികളെ ഉള്‍പ്പെടെ പങ്കെടുപ്പിച്ചു; കേരള സര്‍വകലാശാല രജിസ്ട്രാര്‍ക്ക് പുനര്‍നിയമനം

Published by

തിരുവനന്തപുരം: കേരള സര്‍വകലാശാല രജിസ്ട്രാര്‍ക്ക് പുനര്‍നിയമനം നല്കാന്‍ സിന്‍ഡിക്കേറ്റ് തീരുമാനം. രജിസ്ട്രാറര്‍ കെ. അനില്‍കുമാറിന് പുനര്‍നിയമനം നല്കാനായി സര്‍ക്കാര്‍ നോമിനികളെ അടക്കം പങ്കെടുപ്പിച്ച് സിപിഎം. യുഡിഎഫ് പ്രതിനിധിയും തീരുമാനം അംഗീകരിച്ചു. എതിര്‍ത്തത് ഡോ. വിനോദ് കുമാര്‍ ടി.ജി. നായരും പി.എസ്. ഗോപകുമാറും മാത്രം.

ഇന്നലെ അനില്‍കുമാറിന്റെ കാലാവധി അവസാനിച്ചിരുന്നു. വീണ്ടും നാലുവര്‍ഷത്തേക്കാണ് പുനര്‍നിയമനം നല്കിയത്. എസ്എഫ്‌ഐ സമരം കാരണം സിന്‍ഡിക്കേറ്റ് കൂടാന്‍ കഴിയാതെ വന്നതോടെ രജിസ്ട്രാര്‍ നിയമനത്തിനായി വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മല്‍ വിജ്ഞാപനം ഇറക്കിയിരുന്നു. ഇതിനെതിരെ സിപിഎം അംഗം മുരളീധരന്‍ ഹൈക്കോടതിയെ സമീപിച്ചു.

കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗം ആയതിനാല്‍ ഏത് വിധേനയും വിസിയുടെ തീരുമാനം മറികടക്കാനായിരുന്നു സിപിഎം തീരുമാനം. അതിനാല്‍ 24 അംഗങ്ങളില്‍ പ്രോചാന്‍സലറും സ്റ്റുഡന്റ് പ്രതിനിധിയും ഒഴികെ 22 പേരും പങ്കെടുത്തു.

സര്‍ക്കാര്‍ നോമിനികളായ പോതുവിദ്യാഭ്യാസ ഡയറകടര്‍, കോളജ് എജ്യൂക്കേഷന്‍ ഡയറക്ടര്‍ എന്നിവര്‍ നേരിട്ടും ഐടി സെക്രട്ടറി, ഹയര്‍എജ്യുക്കേഷന്‍ ഡയറക്ടര്‍ എന്നിവര്‍ പ്രതിനിധികളെയും അയക്കുകയായിരുന്നു. യുഡിഎഫ് കൂടി പിന്തുണച്ചതോടെ സിപിഎമ്മിന് മൃഗീയ ഭൂരിപക്ഷമായിരുന്നു.

പുനര്‍നിയമനം നല്കുന്നത് സര്‍വകലാശാലാ ചട്ടങ്ങള്‍ പാലിച്ചുകൊണ്ടാകണമെന്ന് ഡോ. വിനോദ് കുമാര്‍ ടി.ജി. നായരും പി.എസ്. ഗോപകുമാറും ആവശ്യപ്പെട്ടു. കേരള സര്‍വകലാശാലാ രജിസ്ട്രാര്‍ പദവിയില്‍ എക്സ്റ്റന്‍ഷന്‍ നല്കുന്നത് സംബന്ധിച്ച് ചട്ടങ്ങളില്‍ പറയുന്നില്ല.

ചട്ടങ്ങള്‍ പാലിക്കാതെയുള്ള നിയമനങ്ങളും പുനര്‍ നിയമനങ്ങളും സര്‍വകലാശാലയുടെ വിശ്വാസ്യതയെ ബാധിക്കും. രജിസ്ട്രാര്‍ നിയമനം സംബന്ധിച്ച് നിലവില്‍ എന്തെങ്കിലും പരാതികള്‍ ലഭിച്ചിട്ടുണ്ടെങ്കില്‍ അവ കൃത്യമായി പരിഗണിച്ച ശേഷമാവണം അന്തിമ തീരുമാനമെടുക്കേണ്ടതെന്നും ഇരുവരും ആവശ്യപ്പെട്ടു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക