Kasargod

മുഴ നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയക്കിടയില്‍ അണ്ഡാശയം പൂര്‍ണ്ണമായി മുറിച്ചു മാറ്റിയതായി പരാതി

Published by

കാഞ്ഞങ്ങാട്: മുഴ നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയക്കിടയില്‍ അണ്ഡാശയം പൂര്‍ണ്ണമായി മുറിച്ചു മാറ്റിയതായി പരാതി. യുവതി നല്‍കിയ പരാതി പ്രകാരം ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ക്കെതിരെ പോലീസ് കേസെടുത്തു.

കൊളവയല്‍, കാറ്റാടി സ്വദേശിനിയുടെ പരാതി പ്രകാരം നോര്‍ത്ത് കോട്ടച്ചേരിയിലെ പത്മ പോളിക്ലിനിക്കിലെ ഡോ.രേഷ്മ സുവര്‍ണ്ണയ്‌ക്കെതിരെയാണ് ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തത്. വയറു വേദനയെ തുടര്‍ന്നാണ് യുവതി ഡോക്ടറെ സമീപിച്ചത്. പരിശോധനയില്‍ വലതു ഭാഗത്തെഅണ്ഡാശയത്തില്‍ മുഴയുള്ളതായും ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യണമെന്നും ഡോക്ടര്‍ നിര്‍ദ്ദേശിച്ചു.

ഇതു പ്രകാരം 2021 സെപ്തംബര്‍ 27ന് യുവതി ശസ്ത്രക്രിയക്ക് വിധേയയായി. മാസങ്ങള്‍ക്കു ശേഷം വയറു വേദന വീണ്ടും അനുഭവപ്പെട്ടതോടെ പരാതിക്കാരി വീണ്ടും ഡോക്ടറെ സമീപിച്ചു മരുന്നെടുത്തുവെങ്കിലും വേദനയ്‌ക്ക് ശമനമുണ്ടായില്ല. 2024 ജനുവരി മാസം സ്‌കാന്‍ ചെയ്തപ്പോഴാണ് വലതു ഭാഗത്തെ അണ്ഡാശയം പൂര്‍ണ്ണമായും നീക്കിയ കാര്യം അറിഞ്ഞത്. തുടര്‍ന്ന് ശസ്ത്രക്രിയ നടത്തിയ ഡോക്ടറെ കാണാന്‍ ശ്രമിച്ചുവെങ്കിലും സ്ഥലത്തില്ലെന്ന മറുപടിയാണ് ആശുപത്രിയില്‍ നിന്നു ലഭിച്ചതെന്ന് പരാതിക്കാരി പറഞ്ഞു.

തുടര്‍ന്ന് മുഖ്യമന്ത്രിക്കും ആരോഗ്യ വകുപ്പ് മന്ത്രിക്കും പരാതി നല്‍കി. മന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള നിര്‍ദ്ദേശപ്രകാരമാണ് യുവതി ഹൊസ്ദുര്‍ഗ് പോലീസില്‍ പരാതി നല്‍കിയതും കേസെടുത്തതും. ഇന്‍സ്‌പെക്ടര്‍ പി.അജിത്കുമാറിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by

Recent Posts