കാസര്‍കോട്: കാസര്‍കോടിന്റെ കായിക മേഖലയ്‌ക്ക് ചരിത്ര മുഹൂര്‍ത്തം കുറിച്ചു.ഭാരതത്തിന്റെ ക്രിക്കറ്റ് ഇതിഹാസമായി തെളിഞ്ഞ് നില്‍ക്കുന്ന പത്മഭൂഷന്‍ സുനില്‍ മനോഹര്‍ ഗവാസ്‌കറുടെ പേര് കാസര്‍കോട് മുന്‍സിപ്പല്‍ സ്റ്റേഡിയം റോഡിന് നാമകരണം ചെയ്തു.
ഇന്നലെ വൈകിട്ട് നാലുമണിയോടെ മുന്‍സിപ്പല്‍ സ്റ്റേഡിയം റോഡ് കോര്‍ണറില്‍ എത്തിയ അദ്ദേഹം തന്നെയാണ് നാമകരണം നടത്തിയത്.കാസര്‍കോട് നഗരസഭയുടെ വിദ്യാനഗര്‍ സ്റ്റേഡിയത്തിലേക്കുള്ള റോഡിലെത്തിയ അദ്ദേഹത്തെ മുന്‍സിപ്പല്‍ ഭാരവാഹികളും ജനപ്രതിനിധികളും രാഷ്‌ട്രീയ പ്രതിനിധികളും കായിക-ക്രിക്കറ്റ് പ്രേമികളും ഹാര്‍ദമായി വരവേറ്റു. വന്‍ ജനാവലിയാണ് അദ്ദേഹ ത്തെ എത്തിയത്.
റോഡ് കോര്‍ണറില്‍ സ്ഥാപിച്ച ഗവാസ്‌കറുടെ പേര് ആലേഖനം ചെയ്ത നാമഫലകം ജനക്കൂട്ടത്തിന്റെ ഹര്‍ഷാരവങ്ങള്‍ക്കിടയില്‍ സുനില്‍ ഗവാസ്‌കര്‍ അനാച്ഛാദനം ചെയ്തു.
തുടര്‍ന്ന് തുറന്ന വാഹനത്തില്‍ വിവിധ വാഹനങ്ങളുടെ അകമ്പടിയോടെ റോയല്‍ കണ്‍വെന്‍ഷന്‍ സെന്ററിലേക്ക് ആനയിച്ചു. താനൊരു മുംബൈക്കാരനാണെങ്കിലും നേരത്തെ രഞ്ജിട്രോഫി മുംബൈ ട്രോഫി നേടിയതിനാല്‍ ഇത്തവണ കേരളത്തിന് അത് ലഭിക്കണമെന്ന് താന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിരവധി കായികതാരങ്ങളെ ഭാരതത്തിന് സംഭാവന ചെയ്ത മണ്ണാണ് കേരളം. ഈ നാടിന്റെ സ്നേഹവും ആദരവും ഹൃദയത്തോട് ചേര്‍ക്കുന്നുവെന്നും ഗവാസ്‌ക്കര്‍ പറഞ്ഞു. തന്റെ ജന്മനാടായ മുബൈയില്‍ ഒരു റോഡിനു പോലും തന്റെ പേര് നല്‍കിയിട്ടില്ല. അതിന് തയ്യാറായ കാസര്‍കോട് നഗരസഭയോടുള്ള നന്ദി അദ്ദേഹം അറിയിച്ചു.
എന്‍.എ.നെല്ലിക്കുന്ന് എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പരിപാടിയില്‍ സൈദ അബ്ദുല്‍ഖാദര്‍ സുനില്‍ ഗവാസ്‌ക്കറിനെ പരിചയപ്പെടുത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍, ജില്ലാ പോലീസ് മേധാവി ഡി.ശില്‍പ, അഡീഷണല്‍ സൂപ്രണ്ടന്റ് ഓഫ് പൊലീസ് പി.ബാലകൃഷ്ണന്‍ നായര്‍, കാസര്‍കോട്, ഡിവൈഎസ്പി സി.കെ.സുനില്‍ കുമാര്‍, ഖാദര്‍ തെരുവത്ത്, ഷാര്‍ജ ഇന്ത്യ അസോസിയേഷന്‍ പ്രസിഡന്റ്നിസാര്‍ തളങ്കര, മുനിസിപ്പാലിറ്റി സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ രജിനി,കാസര്‍കോട് മുനിസിപ്പാലിറ്റി കൗണ്‍സിലര്‍ സവിത ടീച്ചര്‍, മധൂര്‍ പഞ്ചായത്തംഗം സ്മിത, ഷംസീദ ഫിറോസ്,സഹീര്‍ അസീസ്, ഖാലിദ് പച്ചക്കാട്, സിയാന ഹനീഫ് തുടങ്ങിയവര്‍ സംസാരിച്ചു.അബ്ബാസ് ബീഗം സ്വാഗതവും ടി.എ.ഷാഫി നന്ദിയും പറഞ്ഞു.
ദുബായില്‍ നടന്ന ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് മത്സരം വിലയിരുത്തിയതിന് ശേഷമാണ് അര്‍ദ്ധരാത്രിയോടെ ഗവാസ്‌കര്‍ മംഗലാപുരത്തേക്ക് പുറപ്പെട്ടത്.ദുബായില്‍ നിന്ന് പുലര്‍ച്ചെ 4.15ന് മംഗളൂരു വിമാനത്താവളത്തില്‍ വന്നിറങ്ങിയ ഗവാസ്‌കറിനെ സംഘാടക സമിതി അംഗങ്ങള്‍ സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: